'സിനിമ മതിയാക്കുന്നു..രാഷ്ട്രീയം ഹോബിയല്ല, മുഴുവൻ സമയം പ്രവർത്തിക്കും'; വിജയ്‍യുടെ തീരുമാനങ്ങൾ

രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കുമെന്നാണ് വിജയ് വ്യക്തമാക്കുന്നത്.

Update: 2024-02-02 13:13 GMT
Advertising

ചെന്നൈ: സസ്പെൻസുകൾക്ക് കർട്ടനിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് നടന്‍ വിജയ്. 'തമിഴക വെട്രി കഴകം' എന്നാണ് പാര്‍ട്ടിയുടെ പേര്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വിജയ് വ്യക്തമാക്കിയതിന് പിന്നാലെ സിനിമയിൽ തുടരുമോയെന്ന ചോദ്യം ആരാധകരുടെ ഇടയിൽ ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയും താരം നൽകുന്നുണ്ട്.  

സിനിമയിൽ നിന്ന് ഒരു ഇടവേളയെടുക്കാനാണ് നടന്റെ തീരുമാനം. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കിയതിന് ശേഷം പൂർണമായും രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുമെന്ന് നടൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. "എനിക്ക് രാഷ്ട്രീയം എന്നത് ഹോബിയല്ല. അഗാധമായ അഭിനിവേശമാണ്.രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എൻ്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയാറെടുക്കുകയാണ്"- വിജയ് വ്യക്തമാക്കുന്നു.  

രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും. അത് തമിഴ്നാട്ടിലെ ജനങ്ങളോടുള്ള കടപ്പാടായിട്ടാണ് കാണുന്നതെന്നും താരം പറയുന്നു. 

വെങ്കട് പ്രഭുവിന്റെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രമാണ് വിജയ് യുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഇതൊരു ടൈം ട്രാവൽ ചിത്രമായിരിക്കുമെന്നാണ് സൂചന. അതിനിടെ, ആർ.ആർ.ആർ സിനിമയുടെ നിർമാതാക്കളായ ഡിവിവി ദനയ്യ നിര്‍മിക്കുന്ന ചിത്രത്തിൽ വിജയ് നായകനായെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് തമിഴക വെട്രി കഴകത്തിന്റെ പ്രഖ്യാപനം. വിജയ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവരെയും തെരഞ്ഞെടുത്തു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിജയ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.  

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ടായിരുന്നെങ്കിലും ഇവയൊക്കെ തള്ളി വിജയ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് താരം സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി താരത്തിന്‍റെ വരവ്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News