രണ്ടുപേര്‍, പൊളിറ്റിക്കല്‍ കറക്റ്റ്നസ്, തിരക്കഥയെഴുത്ത്; ശാന്തി ബാലചന്ദ്രന് പറയാനുള്ളത്..
'എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടുകളുമായി യോജിക്കുന്നതല്ല എന്ന കാരണം കൊണ്ടുമാത്രം കഥാപാത്രം വേണ്ടെന്ന് വെക്കില്ല'
ഒരു കാര്‍യാത്രയിലെ സംഭാഷണങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലേക്ക് യാത്ര ചെയ്യുന്ന രണ്ടുപേര്‍ എന്ന ചിത്രം നാല് ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ പ്രേംശങ്കര്‍ ആണ് സംവിധാനം. 2017ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധയും നിരൂപക ശ്രദ്ധയും നേടിയ ചിത്രമാണിത്. രണ്ടുപേരെ കുറിച്ചും തന്‍റെ സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ചും ചിത്രത്തിലെ നായികയായ ശാന്തി ബാലചന്ദ്രന്‍ മീഡിയവണ്‍ ഓണ്‍ലൈനോട്..
നമുക്ക് രണ്ടുപേരിൽ നിന്നു തുടങ്ങാം.. സിനിമ കാണാനിരിക്കുന്ന പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
രണ്ടുപേര്‍ ഒരു സ്വതന്ത്ര സിനിമയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ പ്രേംശങ്കറിന്‍റെ ആദ്യ സിനിമയാണ്. ആ സിനിമയുടെ ഭാഗമായ പലരുടെയും ആദ്യ സിനിമയായിരുന്നു. ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. രണ്ട് അപരിചിതര്‍ യാദൃച്ഛികമായി കണ്ടുമുട്ടുന്നു.. തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിലുള്ളത്. കാറിനുള്ളിലെ സംഭാഷണങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. അങ്ങനെയാണ് ആ രണ്ടുപേര്‍ ആരാണെന്ന് നമ്മള്‍ അറിയുന്നത്.
കുറേ നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിട്ടുള്ള കഥാപാത്രമാണ് രണ്ടുപേരിലെ നായിക. പ്രത്യേകിച്ച് തയ്യാറെടുപ്പ് എന്തെങ്കിലും ചെയ്തോ?
ഞാന്‍ അഭിനയിച്ച ഒരു നാടകത്തിന്‍റെ ട്രെയിലര്‍ കണ്ടിട്ടാണ് പ്രേംശങ്കര്‍ എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. തുടര്‍ന്ന് ബംഗളൂരുവില്‍ വെച്ച് നേരില്‍ക്കണ്ടു സംസാരിച്ചു. അങ്ങനെയാണ് രണ്ടുപേര്‍ എന്ന സിനിമയിലേക്ക് വരുന്നത്. സിനിമയില്‍ എന്‍റെ ഭാഗം ഷൂട്ട് ചെയ്യാന്‍ തുടങ്ങിയത് ഫെബ്രുവരിയിലാണ്. പക്ഷേ ഡിസംബര്‍ അവസാനം മുതല്‍ ഞാന്‍ ബംഗളൂരുവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തിരക്കഥ രൂപപ്പെടുന്ന ഘട്ടത്തിലേ ആ ടീമിന്‍റെ ഭാഗമാവാന്‍ സാധിച്ചു. രണ്ടുപേരില്‍ പ്രേമിന്‍റെ സംവിധാന രീതി എങ്ങനെയായിരുന്നു എന്നുചോദിച്ചാല്‍ നേരത്തെ തന്നെ ഡയലോഗ് പഠിക്കാന്‍ തരുമായിരുന്നു. എന്നിട്ട് കാറില്‍ പോകുമ്പോള്‍ ചിത്രീകരിക്കുകയായിരുന്നു. ഷൂട്ടിന് മുന്‍പ് തന്നെ ഞാനും സിനിമയിലെ നായകനായ ബേസിലും കൂടി സംഭാഷണങ്ങളൊക്കെ പറഞ്ഞുനോക്കി റിഹേഴ്സല്‍ നടത്തി. ബേസില്‍ കാറോടിച്ചുകൊണ്ട് സംസാരിക്കുന്നതായാണ് ഷൂട്ട് ചെയ്തത്. 20-25 മിനിട്ട് ഒക്കെയുള്ള ടേക്സ് ഉണ്ടായിരുന്നു സിനിമയില്‍. നാടകത്തില്‍ നിന്ന് സിനിമയിലേക്ക് വന്നയാളെന്ന നിലയില്‍ ആ രീതി ഏറെ പ്രയോജനകരമായിട്ടാണ് എനിക്ക് തോന്നിയത്.
ശാന്തിയുടെ ആദ്യത്തെ സിനിമയാണോ രണ്ടുപേര്‍?
ആദ്യം അഭിനയിക്കാന്‍ തുടങ്ങിയത് രണ്ടുപേര്‍ എന്ന സിനിമയാണ്. രണ്ടുപേര്‍ ചിത്രീകരണത്തിന്‍റെ ഇടവേളയിലാണ് തരംഗത്തില്‍ അഭിനയിച്ചത്. തരംഗമാണ് ആദ്യം റിലീസായത്. രണ്ടുപേര്‍ ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ശാന്തി ഇരുവരെ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തത നിറഞ്ഞതാണ്. തരംഗം, ജല്ലിക്കട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.. എല്ലാം മാറിയ കാലത്തെ സിനിമകൾ.. തുടക്കത്തിലേ സെലക്റ്റീവ് ആവുകയായിരുന്നോ?
സെലക്റ്റീവ് ആണോ എന്ന് ചോദിച്ചാല്‍ അതെ. ഈ കഥ പറച്ചിലിന്‍റെ ഭാഗമാവണം എന്ന് എനിക്ക് തോന്നിയിട്ടുള്ള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. തുടക്കത്തില്‍ നമുക്ക് കിട്ടുന്ന അവസരങ്ങളില്‍ നിന്നാണല്ലോ നമ്മള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. എനിക്ക് അവസരം നല്‍കുന്നവര്‍ കൂടുതലും പരമ്പരാഗതമല്ലാത്ത രീതിയില്‍ കഥ പറയുന്നവര്‍ ആവാം. അഭിനേതാവ് എന്ന നിലയില്‍ നമുക്ക് അധികാരമുള്ളത് കഥാപാത്രം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ മാത്രമാണ്. കാരണം നമ്മള്‍ കരാര്‍ ഒപ്പിട്ട് കഴിഞ്ഞാലും കഥാപാത്രത്തില്‍ മാറ്റം വരാം. എഡിറ്റിങിന് ശേഷം നമ്മള്‍ അഭിനയിച്ച സീന്‍ സ്ക്രീനില്‍ വരാതിരിക്കാം. അത്തരം അനിശ്ചിതത്വങ്ങളൊക്കെയുണ്ട്. അതില്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ട് റോള്‍ ഓഫര്‍ ചെയ്യുമ്പോള്‍ ആ കഥാപാത്രം എനിക്ക് ബോധ്യപ്പെടുന്നതാണോ എന്ന് ആലോചിക്കും. എന്നിട്ടേ യെസ് പറയാറുള്ളൂ. എന്നുവെച്ചാല്‍ എന്നെ ആവേശം കൊള്ളിക്കുന്ന, രസകരമെന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രം.. ആ അര്‍ഥത്തില്‍ ഞാന്‍ സെലക്റ്റീവാണ്.
തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണല്ലോ ശാന്തി. ഏതാണ് കൂടുതൽ സംതൃപ്തി നൽകുന്നത്? സിനിമ ആണോ തിയേറ്റർ ആണോ?
നാടകവും സിനിമയും രണ്ട് രീതിയിലുള്ള സംതൃപ്തിയാണ് തരുന്നത്. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്‍റെ കൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ സമയമുണ്ട്. കുറേ റിഹേഴ്സലും കുറേ നാളത്തെ ശ്രമവും ഒക്കെ നടത്തിയാണ് നാടകം അവതരിപ്പിക്കുന്നത്. നാടകം വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കട്ട് പറയാനാവില്ല, റീടേക്കില്ല.. കഥാപാത്രമായി ഒരു ഒഴുക്കാണ്. ഒരേ സമയം വെല്ലുവിളി നിറഞ്ഞതും ആസ്വാദ്യകരവുമാണത്. അതേസമയം സിനിമയ്ക്ക് മറ്റുചില ആനുകൂല്യങ്ങളുണ്ട്. ഒരു സീന്‍ നമുക്ക് തൃപ്തി നല്‍കിയില്ലെങ്കില്‍ വീണ്ടും ചെയ്യാം. മാത്രമല്ല കൂടുതല്‍ ആളുകളിലേക്ക് എത്തുന്ന ഒരു കലയാണ് സിനിമ. രണ്ടില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ എന്നെ സംബന്ധിച്ച് അത് ബുദ്ധിമുട്ടാണ്. രണ്ടും രണ്ടു തരത്തില്‍ സംതൃപ്തി നല്‍കുന്നു.
കാമറയ്ക്ക് മുൻപിൽ മാത്രമല്ല പിന്നിലുമുണ്ട് ശാന്തി.. തിരക്കഥ, സംവിധാനം.. ആ ശാന്തിയെ കുറിച്ച് എന്താണ് പറയാനുള്ളത്?
സിനിമയോടുള്ള ഇഷ്ടം എന്താണെന്ന് വെച്ചാല്‍ എപ്പോഴും കൂടുതല്‍ പഠിക്കാനുള്ള മേഖലയാണിത്. സാങ്കേതികമായിട്ട് ആണെങ്കിലും സര്‍ഗാത്മകതയുടെ കാര്യത്തിലാണെങ്കിലും നമ്മളേക്കാള്‍ അറിവ് കൂടുതലുള്ള ആളുകളാണ് ചുറ്റുമുള്ളത്. അവരോട് ഇടപെടുമ്പോള്‍ നമുക്ക് സ്വയം മെച്ചപ്പെടാനുള്ള അവസരം ലഭിക്കുന്നു. എഴുത്തില്‍ നേരത്തെ തന്നെ താത്പര്യമുണ്ട്. ഞാന്‍ സ്ക്രിപ്റ്റ് എഴുതിയ ഒബ്ലിവിയന്‍ എന്ന മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അത് സംവിധാനം ചെയ്തത് തരംഗത്തിന്‍റെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ആണ്. ഞാനും ഡൊമിനികും മറ്റൊരു തിരക്കഥ എഴുതുന്നുണ്ട്. തിരക്കഥയെഴുത്ത് വളരെ രസകരമാണ്. നമ്മള്‍ മനസ്സില്‍ കണ്ട് പകര്‍ത്തുന്ന ഒരു കാര്യം ഒരു ടീം ഒരുമിച്ച് പ്രവര്‍ത്തിച്ച് സ്ക്രീനിലേക്ക് എത്തിക്കുന്നത് വളരെ ആവേശം നല്‍കുന്ന കാര്യമാണ്. ഒബ്ലിവിയനില്‍ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഷേക് സംവിധാനം ചെയ്ത മീനവിയല്‍ എന്ന വെബ്സീരീസില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ആയിട്ടുണ്ട്. സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് നല്ല ഇഷ്ടമാണ്. അതുകൊണ്ട് എഴുത്ത് തുടരാനാണ് തീരുമാനം.
മുൻപില്ലാത്ത വിധം മലയാള സിനിമയിലെ സ്ത്രീകൾ ശബ്ദിക്കുന്നുണ്ട് ഇപ്പോൾ. ഈ മാറ്റത്തെ എങ്ങനെ കാണുന്നു? ആഗോളതലത്തിലെ മീ ടൂവിന്‍റെ ഒക്കെ തുടര്‍ച്ചയാണോ ഇത്? അതോ ഡബ്ള്യുസിസിയുടെ ഒക്കെ ഇടപെടല്‍ മലയാളത്തില്‍ പ്രത്യേകമായി എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ?
തെറ്റായ രീതികള്‍ക്കെതിരെ പ്രതികരിക്കുക എന്നത് പോസിറ്റീവ് ആയ കാര്യമാണ്. അത് ഏതു മേഖലയില്‍ ആയാലും. സമത്വമുള്ള, സുരക്ഷിതത്വമുള്ള തൊഴിലിടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ആരായാലും ഏത് മേഖലയിലായാലും ലോകത്തിന്‍റെ ഏത് ഭാഗത്തായാലും അവര്‍ ചെയ്യുന്നത് ശരിയായ കാര്യമാണ്.
കഥാപാത്രങ്ങളുടെ പൊളിറ്റിക്കല്‍ കറക്റ്റ്നസിനെ കുറിച്ചൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതേക്കുറിച്ച് എന്താണ് ശാന്തിയുടെ അഭിപ്രായം?
എന്നെ ഒരു സിനിമയിലേക്ക് വിളിക്കുമ്പോള്‍, എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടുകളുമായി യോജിക്കുന്നതല്ല എന്ന കാരണം കൊണ്ടുമാത്രം കഥാപാത്രം വേണ്ടെന്ന് വെക്കില്ല. ഞാന്‍ നോക്കുക ആ കഥയില്‍ ആ കഥാപാത്രത്തിന്‍റെ സ്ഥാനമെന്താണ്, റോള്‍ എന്താണ്, ആ കഥ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നാണ്. കഥാപാത്രം സ്ത്രീവിരുദ്ധമാണ്, പക്ഷേ കഥ സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതല്ലെങ്കില്‍ ആ സിനിമ ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ ഒരു വശത്ത് സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ പ്രതിഫലനമാണ്. അതേസമയം സിനിമയ്ക്ക് സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനും കഴിയും. അതുകൊണ്ട് കഥ വായിക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് ഞാന്‍ ഈ കഥയുടെ ഭാഗമാവണോ എന്ന് ആലോചിച്ചിട്ടാണ് തീരുമാനമെടുക്കാറുള്ളത്.
ഡ്രീം പ്രൊജക്റ്റ് എന്നൊന്നുണ്ടോ? ആരുടെയെങ്കിലും കൂടെ സിനിമ ചെയ്യണമെന്ന് പ്രത്യേകമായ എന്തെങ്കിലും ആഗ്രഹമുണ്ടോ?
ഡ്രീം പ്രൊജക്റ്റ് എന്ന് പ്രത്യേകമായൊരു പ്രൊജക്റ്റില്ല. ഏതൊരു കലാകാരിയെയും പോലെ കഴിവുറ്റ ആളുകള്‍ക്കൊപ്പം ജോലി ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെ നമ്മളും സ്വയം നവീകരിക്കപ്പെടും. നമ്മളേക്കാള്‍ അറിവും കഴിവും ഉള്ളവര്‍ക്കൊപ്പം ജോലി ചെയ്യുമ്പോഴാണ് നമ്മളും മെച്ചപ്പെട്ടുവരിക. മലയാള സിനിമയില്‍ നല്ല രസമുള്ള ചിന്തകളുണ്ടാവുന്നുണ്ട്. കുറേ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള സംവിധായകരുണ്ട്. അത്തരം ടീമിന്‍റെ കൂടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. പിന്നെ ഞാനും ഡൊമിനികും കൂടി എഴുതിയ തിരക്കഥ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നും ആഗ്രഹമുണ്ട്.
ഓക്സ്ഫോര്‍ഡില്‍ പഠിച്ചിട്ടുണ്ടെന്ന് എവിടെയോ വായിച്ചു. കേരളത്തിന് പുറത്തായിരുന്നോ കൂടുതലും? സിനിമയ്ക്ക് പുറത്തുള്ള ശാന്തിയെ കുറിച്ച് എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?
കേരളത്തിനകത്തും പുറത്തുമായിട്ടാണ് പഠിച്ചതും വളര്‍ന്നതും. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, പിന്നെ യുകെ.. ഇങ്ങനെ പല സ്ഥലങ്ങളിലായിട്ടാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. പല സംസ്കാരങ്ങള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു, പല സ്ഥലങ്ങളില്‍ ജീവിച്ചതിന്‍റെ അനുഭവം.. അതൊക്കെ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ് എനിക്ക്. പുതിയ സ്ഥലങ്ങളില്‍ പോവുക, വ്യത്യസ്ത ജീവിതരീതികള്‍ പരിചയപ്പെടുക.. ഇതൊക്കെ എനിക്ക് ആവേശം നല്‍കുന്ന കാര്യങ്ങളാണ്. ഒരു വ്യക്തി എന്ന നിലയില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെ പഠിക്കാന്‍ ഒരുപാടുള്ള മേഖലയാണ് സിനിമയും.
പുതിയ പ്രൊജക്റ്റുകൾ?
മൂന്ന് സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ഒന്ന് ബിപിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ആഹാ എന്ന സ്പോര്‍ട്സ് സിനിമ. അതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്. വടംവലിയെ ആസ്പദമാക്കിയുള്ള സിനിമയാണിത്. അടുത്തത് സിദ്ധാര്‍ഥ് ഭരതന്‍റെ ജിന്ന് എന്ന സിനിമയാണ്. അതില്‍ നായകനായി എത്തുന്നത് സൌബിന്‍ ഷാഹിറാണ്. പിന്നെ സിദ്ധാര്‍ഥ് ഭരതന്‍ തന്നെ സംവിധാനം ചെയ്ത ചതുരം എന്ന സിനിമ. അതില്‍ നാല് പ്രധാന കഥാപാത്രങ്ങളാണുള്ളത്. അതുകൊണ്ടാണ് ചതുരം എന്ന പേര്. റോഷന്‍ മാത്യു, സ്വാസിക, അലന്‍സിയര്‍, പിന്നെ ഞാനും. കോവിഡ് സാഹചര്യം കാരണമാണ് റിലീസ് വൈകുന്നത്. പെട്ടെന്ന് തന്നെ എല്ലാം സാധാരണ നിലയിലാകുമെന്നും സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ.