മൂന്ന് മിനിറ്റില്‍ 184 സെല്‍ഫി; ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്ത് അക്ഷയ് കുമാര്‍
സെൽഫി എന്ന സിനിമയുടെ പ്രമോഷനിടെയാണ് അക്ഷയ് കുമാര്‍ ആരാധകര്‍ക്കൊപ്പം മൂന്നു മിനിറ്റിനുള്ളില്‍ 184 സെൽഫി ക്ലിക്ക് ചെയ്തത്
മുംബൈ: സെല്‍ഫിയെന്ന സിനിമ റിലീസ് ചെയ്യാനിരിക്കെ 'സെല്‍ഫി രാജാവാ'യി ബോളിവുഡ് താരം അക്ഷയ് കുമാര്‍. മൂന്ന് മിനിറ്റിനുള്ളിൽ 184 സെല്‍ഫി എടുത്താണ് അക്ഷയ് കുമാര്‍ ഗിന്നസ് റെക്കോര്‍ഡിട്ടത്.
റിലീസിനൊരുങ്ങുന്ന സെൽഫി എന്ന സിനിമയുടെ പ്രമോഷനിടെയാണ് അക്ഷയ് കുമാര്‍ ആരാധകര്‍ക്കൊപ്പം മൂന്നു മിനിറ്റിനുള്ളില്‍ 184 സെൽഫി ക്ലിക്ക് ചെയ്തത്. മാരത്തോണ്‍ സെല്‍ഫിയുടെ വീഡിയോ അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. തന്റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്കുള്ള ആദരവാണിതെന്നും അക്ഷയ് കുമാര്‍ കുറിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ 105 സെൽഫി എടുത്ത ഡ്വെയ്ൻ ജോൺസന്റെ റെക്കോർഡാണ് അക്ഷയ് കുമാർ തകർത്തത്. 2015ൽ ലണ്ടനിലാണ് ഈ റെക്കോര്‍ഡിട്ടത്.
"ഞാൻ നേടിയതും ജീവിതത്തിൽ ഇവിടെയെത്തിയതും എല്ലാം എന്റെ ആരാധകരുടെ നിരുപാധികമായ സ്നേഹം കൊണ്ടാണ്. എന്റെ കരിയറിലുടനീളം കൂടെ നിന്നവര്‍ക്ക് ഞാനിത് സമര്‍പ്പിക്കുന്നു. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫി എടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ തകർത്തു. എല്ലാവർക്കും നന്ദി. ഇത് വളരെ സവിശേഷമാണ്. എല്ലാക്കാലത്തും ഓര്‍മിക്കും. ഇപ്പോള്‍ എല്ലാം സെല്‍ഫിയെ കുറിച്ചാണ്. വെള്ളിയാഴ്ച തിയേറ്ററില്‍ കാണാം"- അക്ഷയ് കുമാര്‍ കുറിച്ചു.
2019ൽ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് എന്ന മലയാളം സിനിമയുടെ ഹിന്ദി റിമേക്കാണ് സെല്‍ഫി. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും മുഖ്യ കഥാപാത്രമായി എത്തുന്നു. സിനിമ നാളെ തിയേറ്ററുകളിലെത്തും.
Summary- Akshay Kumar, who is gearing up for the release of his next film Selfiee, can be called a Selfie King now as he recently broke the Guinness World Record for most selfies in just three minutes