അപർണ ബാലമുരളിയുടെ 'ബിൻ ബുലായേ' പുറത്തിറങ്ങി
തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ ആസ്പദമാക്കി അവരുടെ ദിനചര്യകളും ആകുലതകളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.
അപർണ ബാലമുരളിയും പുണ്യ എലിസബത്തും ഒത്തുചേരുന്ന 'ബിൻ ബുലായേ' എന്ന കോൺസെപ്റ്റ് വീഡിയോ പുറത്തിറങ്ങി. അപർണ ബാലമുരളിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗർണ്ണമി മുകേഷാണ്. തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ ആസ്പദമാക്കി അവരുടെ ദിനചര്യകളും ആകുലതകളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ഏറെ കാലമായി ഫാഷൻ ഫോട്ടോഗ്രാഫി രംഗത്ത് പ്രവൃത്തിച്ചുവരികയാണ് പൗർണ്ണമി. ഷോർട്ട് ഫിലിം മ്യൂസിക്ക് ആൽബം എന്നിവയിൽ നിന്നുമൊക്കെ വ്യസ്തമായി ഒരു കൺസെപ്റ്റ് വീഡിയോ ചിത്രീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ആശയം രൂപപ്പെടുത്തുന്നതും തുടർന്ന് അത് സഹപ്രവർത്തകരോട് പങ്കുവയ്ക്കുന്നതും. അവരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങളാണ് തുടർന്നുള്ള കാര്യങ്ങള്‍ക്കു പ്രചോദനമേകിയതെന്ന് പൗർണ്ണമി പറഞ്ഞു. ഏറ്റവും മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓരോരുത്തരുടേയും ഡെഡിക്കേഷൻ പ്രതീക്ഷിച്ചതുപോലെ തന്നെ തികച്ചും തൃപ്തികരമായ ഒരു വർക്ക് ചെയ്തെടുക്കാൻ സഹായിച്ചുവെന്നും പൗർണ്ണമി കൂട്ടിച്ചേർത്തു. അപർണ്ണ ബാലമുരളിയുടെ ഒഫീഷ്യൽ യുട്യൂബ് പേജിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഈ യുവ കൂട്ടായ്മ അടുത്തിടെ ഗായിക ആൻ ആമിയെ മുൻനിർത്തി റിലീസ് ചെയ്ത വീഡിയോ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
തിരക്കഥ രചിച്ചിരിക്കുന്നത് ശരണ്യശർമ്മയാണ്. ഹരികൃഷ്ണനാണ് ഛായാഗ്രഹകന്‍. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് വി . എസ് വിഷ്ണുശങ്കറാണ്. കിഷോർ കൃഷ്ണനാണ് സംഗീത സംവിധായകന്‍. കളറിംഗ് ചെയ്തിരിക്കുന്നത് രാഹുൽ ടി.ബിയാണ്, കല സംവിധാനം ജിബിൻ ജോസഫ് നിര്‍വ്വഹിച്ചിരിക്കുന്നത്.