'പ്രിയ സുഹൃത്തെ എന്തിനായിരുന്നു ഇത്ര തിടുക്കം'; കെ.കെയുടെ വിയോഗത്തിൽ അനുശോചിച്ച് എ.ആർ റഹ്മാൻ
കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ താമസിച്ചിരുന്ന ഹോട്ടലിൽ കുഴഞ്ഞുവീണാണ് 53 കാരനായ കൃഷ്ണകുമാർ മരിക്കുന്നത്
അന്തരിച്ച പ്രമുഖ ഗായകൻ കെ.കെക്ക് ആദരാഞ്ജലികളുമായി എ.ആർ റഹ്മാൻ. വികാരപൂർണമായിരുന്നു റഹ്മാന്റെ വാക്കുകൾ. പ്രിയ കെ കെ, 'എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേ താങ്കളെപ്പോലെ അനുഗ്രഹീതരായ കലാകാരന്മാരാണ് ജീവിതത്തെ കൂടുതൽ സഹനീയമാക്കി മാറ്റുന്നത്', റഹ്മാൻ കുറിച്ചു.
കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്കിടെ താമസിച്ചിരുന്ന ഹോട്ടലിൽ കുഴഞ്ഞുവീണാണ് 53 കാരനായ കൃഷ്ണകുമാർ മരിക്കുന്നത്. മൃതദേഹത്തിൽ മുഖത്തും തലയ്ക്കും മുറിവുണ്ട്. വീഴ്ചയിൽ സംഭവിച്ചതാകമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച വൈകിട്ടാണ് കെ.കെയുടെ മരണം സംഭവിക്കുന്നത്. കൃഷ്ണകുമാറിന് പരിപാടിക്കിടെ ശാരീരിക അവശതകൾ ഉണ്ടായിരുന്നു. എ.സി പ്രവർത്തന ക്ഷമമാക്കാൻ സംഘാടകരോട് കൃഷ്ണകുമാർ ആവശ്യപെട്ടതായും പറപ്പെടുന്നു. അതേസമയം, സംഗീതപരിപാടി നടന്ന കൊൽക്കത്ത നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ ജനബാഹുല്യവും സംഘാടകർ നിയന്ത്രിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബി.ജെ.പിയാണ് സംസ്ഥാന സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പരിപാടിക്കിടെ ശാരീരിക അവശതയെ തുടർന്നാണ് കൃഷ്ണകുമാർ റൂമിലേക്ക് മടങ്ങിയത്. കുഴഞ്ഞ് വീണ ഉടനെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊൽക്കത്ത സിഎംആർഐ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും
കെ.കെയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700 ലേറെ ഗാനങ്ങളാണ് കെ.കെ ആലപിച്ചിട്ടുള്ളത്.