'തുറമുഖം നിര്‍മാതാവിനോട് ചോദിച്ച് റിലീസ് തിയതി എന്നോടും കൂടി പറയൂ'; നിവിന്‍ പോളി
മീഡിയവണ്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി തുറമുഖം റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിലെ ആശങ്ക പങ്കുവെച്ചത്
തുറമുഖം സിനിമ പുറത്തിറങ്ങാന്‍ വൈകുന്നതിനിടെ ചിത്രത്തിന്‍റെ റിലീസ് തിയതി നിര്‍മാതാവിനോട് ചോദിച്ച് തന്നെ കൂടി അറിയിക്കണമെന്ന് നടന്‍ നിവിന്‍ പോളി. 'നിര്‍മാതാവിന്‍റെ നമ്പര്‍ തരാം, നിങ്ങളൊന്നു ചോദിച്ചിട്ട് റിലീസ് തിയതി എന്നോടു കൂടി പറഞ്ഞാല്‍ അറിഞ്ഞിരിക്കാമായിരുന്നു', എന്നാണ് റിലീസിനെ കുറിച്ചുള്ള ചോദ്യത്തിന് നിവിന്‍ മറുപടി നല്‍കിയത്. മീഡിയവണ്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി തുറമുഖം റിലീസുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിലെ ആശങ്ക പങ്കുവെച്ചത്.
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം ജൂണ്‍ മൂന്നിനായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. പിന്നീട് റിലീസ് ജൂണ്‍ പത്തിലേക്ക് മാറ്റി. എന്നാല്‍ ജൂണ്‍ പത്തിന് ചിത്രം റിലീസ് ചെയ്യില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. കോവിഡും തിയറ്റർ അടച്ചിടലുമെല്ലാമായി ഇതിന് മുമ്പ് പലതവണ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് ചിത്രം റിലീസ് ചെയ്യുന്നത് വൈകുന്നതിന് പിന്നിലെ കാരണമെന്നാണ് വിവരം. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് നിവിൻ പോളി തുറമുഖത്തിലെത്തുന്നത്.
മഹാവീര്യര്‍ ആണ് നിവിന്‍ പോളിയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രം ഇന്ന് തിയറ്ററുകളിലെത്തും. നിവിന്‍ പോളിക്ക് പുറമേ ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫാന്‍റസി ടൈം ട്രാവല്‍ ജോണറിലെത്തുന്ന ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്.
പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി.എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.