യു.എ.ഇയിൽ ചിത്രീകരിച്ച ആസിഫലി സിനിമക്ക് പേരിട്ടു;'സർക്കീട്ട്' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
'സർക്കീട്ട്' ഏപ്രിലിൽ തിയേറ്ററിലെത്തും
ദുബൈ:ആസിഫലിയെ നായകനാക്കി പൂർണമായും യു.എ.ഇയിൽ ചിത്രീകരിച്ച സിനിമക്ക് പേരിട്ടു. സർക്കീട്ട് എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. സിനിമ ഏപ്രിലിൽ തിയേറ്ററുകളിലെത്തും.
കഴിഞ്ഞ നവംബർ 27നാണ് ആസിഫലിയെ നായകനാക്കി തമർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം യു.എ.ഇയിലെ ഫുജൈറയിൽ ആരംഭിച്ചത്. ദിവസങ്ങൾക്കകം ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ സിനിമയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. സർക്കീട്ട് എന്ന് പേരിട്ട സിനിമയിൽ ആസിഫലിക്കൊപ്പം, ദിവ്യപ്രഭ, ദീപക് പറമ്പോൽ, ബാലതാരം ഒർഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമറിന്റെ രണ്ടാമത്തെ സിനിമയാണ് സർക്കീട്ട്. ആദ്യ സിനിമയായ ആയിരത്തൊന്ന് നുണകൾക്കും ലൊക്കേഷൻ ഒരുക്കിയത് യു.എ.ഇയിലാണ്. ദുബൈയിൽ പ്രവാസിയായ അയാസ് ആദ്യമായി ഛായഗ്രഹകനാകുന്ന സിനിമകൂടിയാണ് സർക്കീട്ട്. ദുബൈയിലെ പരസ്യചിത്രരംഗത്ത് നിന്നാണ് തമറും അയാസും കോഡയറക്ടറായ ഹാഷിം സുലൈമാനും ഫീച്ചർ സിനിമയിലേക്ക് എത്തുന്നത്. സിനിമയുടെ എഡിറ്റിങ് നാട്ടിൽ പുരോഗമിക്കുകയാണ്. പ്രേമലുവിലെ അമൽ ഡേവിസിനെ ശ്രദ്ധേയനാക്കിയ സംഗീത് പ്രതാപാണ് സർക്കീട്ടിന്റെ എഡിറ്റർ. സിനിമ ഏപ്രിലിൽ തിയേറ്ററുകളിലെത്തും.