'എന്ന് സ്വന്തം പുണ്യാളനി'ൽ തോമസ് അച്ചൻ, വേറിട്ട വേഷത്തിൽ ബാലു
കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
ബാലതാരമായി സിനിമയിലെത്തി നായക നിരയിലേക്ക് ഉയർന്നുവന്ന താരമാണ് ബാലു വർഗീസ്. രണ്ട് പതിറ്റാണ്ടുകളായി സിനിമാലോകത്തുള്ള ബാലു അമ്പതിലേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. കരിയറിൽ ഇതുവരെ ചെയ്യാത്ത വേറിട്ട വേഷമാണ് 'എന്ന് സ്വന്തം പുണ്യാളൻ' എന്ന സിനിമയിൽ ബാലുവിന് ലഭിച്ചിരിക്കുന്നത്. ഫാ. തോമസ് ചാക്കോ എന്ന വേഷത്തിൽ ശ്രദ്ധേയ പ്രകടനമാണ് ബാലു ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്.
ഒരു പൊൻകുരിശും അതിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമായി എത്തിയിരിക്കുന്ന ഫാമിലി ഫാന്‍റസി സസ്പെൻസ് ത്രില്ലര്‍ എന്ന് സ്വന്തം പുണ്യാളന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാ. തോമസ് ചാക്കോയുടെ ജീവിതം മുൻനിർത്തിയാണ് സിനിമയുടെ ഭൂരിഭാഗവും മുന്നോട്ടുപോവുന്നത്. മറ്റ് കഥാപാത്രങ്ങളെല്ലാം ഈ കഥാപാത്രത്തിലേക്ക് എത്തിച്ചേരുന്നതായാണ് ചിത്രത്തിലുള്ളത്.
അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം പ്രായഭേദമെന്യേ ഏവർക്കും ഏറെ രസകരമായി ചെറിയ സസ്പെൻസും ഫാന്‍റസിയും ഒക്കെയായി കണ്ടിരിക്കാവുന്നൊരു സിനിമയാണെന്നാണ് പ്രേക്ഷകാഭിപ്രായം. കുടുംബപ്രേക്ഷകരുടെ പൾസറിഞ്ഞ് ഒരുക്കിയിരിക്കുന്ന ചിത്രം ബോക്സോഫീസിൽ ഓരോ ദിനവും ഹൗസ്‍ഫുൾ ഷോകളുമായി മുന്നേറുകയാണ്.
മെസപ്പൊട്ടോമിയയിലെ ഒരു രാജാവും അദ്ദേഹത്തിന്‍റെ ഉടവാളും ഇലാഹി രാജവംശത്തിന്‍റെ ചരിത്രവും ഐതിഹ്യവും ഒക്കെയായി കൗതുകമുണർത്തുന്ന രീതിയിലാണ് സിനിമയുടെ ആരംഭം. പിന്നീട് കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് കഥയെത്തുകയാണ്. അവിടെ കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയുടെ ചില സങ്കടങ്ങളിലേക്കാണ് പിന്നീട് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. വീട് നിറയെ പെൺമക്കളാണ് കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയ്ക്ക്. ഒരു ആൺകുട്ടിക്കുവേണ്ടി ചാക്കോയും ഭാര്യയും നടത്താത്ത നേർച്ചകാഴ്ചകളില്ല. ഒടുവിൽ സിദ്ധ വൈദ്യൻ മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യൽ ലേഹ്യം സേവിച്ചതോടെ കാത്തിരിപ്പിന് അവസാനമായി. ആറ്റുനോറ്റിരുന്ന് ഒരു ആൺതരി പിറന്നപ്പോൾ മകനെ സെമിനാരിയിൽ അയച്ച് പഠിപ്പിക്കാം എന്ന നേർച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേർന്നത്. അങ്ങനെ തോമസ് ചാക്കോ എന്ന കുട്ടി വളർന്ന് വലുതാകുന്നതും തുടർ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം നർമവും സസ്പെൻസും ഫാന്‍റസിയും ഒക്കെ നിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രെഡാണ് സിനിമയുടേത്.
സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ മഹേഷ് മധുവാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഫാമിലിയുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതിൽ മഹേഷ് വിജയിച്ചിട്ടുണ്ടെന്ന് പറയാം. വലിയ ബഹളങ്ങളൊന്നും ഇല്ലാതെയെത്തിയ ചിത്രം തിയേറ്ററുകളിൽ സൈലന്‍റ് ഹിറ്റടിക്കുമെന്നാണ് ആദ്യ ദിനങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് സൂചിപ്പിക്കുന്നത്.
ഫാ. തോമസ് ചാക്കോ എന്ന പള്ളീലച്ചൻ വേഷത്തിൽ ബാലു മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇഷ്ടമില്ലാതെ അച്ചനാകാൻ പോകുന്നതിന്‍റെ വ്യസനവും അച്ചനായ ശേഷവും ജീവിതത്തിൽ ഒന്നും ചെയ്യാനാകാതെ പോകുന്നതിന്‍റെ നിരാശയും താനറിയാതെ ചില പ്രശ്നങ്ങളിൽ പെട്ടുപോവുന്നതിന്‍റെ ഭയവും ഒക്കെയായി സമ്മിശ്ര വികാരങ്ങള്‍ മിന്നിമറയുന്ന വേഷം ബാലു പ്രേക്ഷകരെ പിടിച്ചിരുത്തും വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഒപ്പം അർജുൻ അശോകൻ, അനശ്വര രാജൻ ഇവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. ബൈജു, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. റെണദീവ് ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും സാം സിഎസിന്‍റെ സംഗീതവും സോബിൻ സോമന്‍റെ ചിത്ര സംയോജനവും അനീസ് നാടോടിയുടെ കലാസംവിധാനവുമൊക്കെ സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിങ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ പി.ആർ, പിആർഓ: ശബരി.