96-ാം വയസ്സിൽ സ്കൂളിൽ പോയ കാർത്യായനി അമ്മയുടെ ജീവിതം പറഞ്ഞ് 'ബെയർഫ്രൂട്ട് എംപ്രസ്'
പ്രശസ്ത ഷെഫ് ആയ വികാസ് ഖന്ന ആണ് ഡോക്യുമെന്ററി സംവിധായകൻ
കൊച്ചി: 2019ൽ ലോകത്തെ തന്നെ അമ്പരപ്പിച്ച മലയാളി വനിതയാണ് കാര്‍ത്യായനി അമ്മ. 96-ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ കേരളത്തിലെ കാർത്യായനി അമ്മയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു. 'ബെയർഫ്രൂട്ട് എംപ്രസ്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ പുറത്ത് വന്നിട്ടുണ്ട്. പ്രശസ്ത ഷെഫ് ആയ വികാസ് ഖന്ന ആണ് ഡോക്യുമെന്ററി സംവിധായകൻ.
'എന്നെ സ്ത്രീകൾ വളർത്തിയതുകൊണ്ടാകാം ഞാനിത് ചിന്തിച്ചത്. എന്റെ മുത്തശ്ശി എത്ര ബുദ്ധിമതിയായിരുന്നു എന്ന് എനിക്കറിയാം. അവർ പഠിക്കുകകൂടി ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എത്രമാത്രം മാറുമായിരുന്നു. കാർത്യായനി അവർക്ക് നിഷേധിക്കപ്പെട്ട വിദ്യഭ്യാസം നേടാൻ 96-ാം വയസിൽ സ്കൂളിൽ പോയെന്ന് അറിഞ്ഞു. എനിക്ക് ആ കഥ പറയണമായിരുന്നു. ഏറ്റവും വലിയ ശക്തി സമർപ്പണമാണ്,' വികാസ് ഖന്ന ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
96-ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനി അമ്മയെ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ ആയി പ്രഖ്യാപിച്ചിരുന്നു. 98 ശതമാനം മാര്‍ക്കോടെയാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള അക്ഷരലക്ഷം പരീക്ഷയില്‍ കാര്‍ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. അക്ഷരലക്ഷം പരീക്ഷയില്‍ ജയിച്ചതിന് പിന്നാലെ കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം ഉന്നയിച്ച കാര്‍ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസവകുപ്പ് ലാപ്‌ടോപ്പ് സമ്മാനിച്ചിരുന്നു. പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ അച്ചടിച്ചു വരികയും അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.