എങ്ങും 'സ്തുതി' ഉയരവെ റിലീസ് തീയതി പുറത്ത്; 'ബോഗയ്‌ൻവില്ല' ഒക്ടോബർ 17 ന് പൂക്കും

പ്രൊമോ ഗാനമായ 'സ്തുതി'ക്ക് വന്‍ സ്വീകാര്യത

Update: 2024-09-27 14:04 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബോഗയ്‌ൻവില്ല'യുടെ റിലീസ് തീയതി പുറത്ത്. ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയുമാണ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററിലുള്ളത്. പ്രൊമോ ഗാനമായ 'സ്തുതി' പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യണിലേറെ കാഴ്ചക്കാരെ നേടിയിരിക്കുന്നതിനിടയിലാണ് റിലീസ് തീയതിയുമായി പുതിയ പോസ്റ്റർ എത്തിയത്‌.

ഇന്നലെ പുറത്തിറങ്ങിയ 'സ്തുതി' ഗാന രംഗത്തിൽ സുഷിൻ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ചടുലമായ ഈണവും ചുവടുകളുമായി സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. യൂ ട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഗാനം ഇതിനകം ഇടം നേടി കഴിഞ്ഞു. സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപർവ്വ'ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ൻവില്ല'.

വിനായക് ശശികുമാറിൻറെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന സ്തുതി എന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. സുഷിൻറെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് 'സ്തുതി'. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ജ്യോതിർമയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ.

കുഞ്ചാക്കോ ബോബനും അമൽ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപർവ്വം' സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ൻവില്ലയുടേയും ഛായാഗ്രാഹകൻ.

അമൽ നീരദ് പ്രൊഡക്ഷൻസിൻറേയും ഉദയ പിക്ചേഴ്സിൻറേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News