ഒരു ആര്‍ട്ടിസ്റ്റിന് നല്‍കുന്ന എല്ലാ അംഗീകാരവും പരിഗണനയും ലഭിച്ച ചിത്രമായിരുന്നു സല്യൂട്ട്: നടന്‍ പഴനിസ്വാമി

റോഷന്‍ ആന്‍ഡ്രൂസിനെപ്പോലെ പ്രമുഖ സംവിധായകന്‍റെ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചതില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി

Update: 2022-05-17 01:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. അകാലത്തില്‍ വിടപറഞ്ഞു പോയ സംവിധായകന്‍ സച്ചി അയ്യപ്പനും കോശിയിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് പഴനി സ്വാമി. അട്ടപ്പാടിയിലെ അഗളിയില്‍നിന്ന് ആദിവാസിയായ ഒരു യുവാവിനെ മലയാളസിനിമയില്‍ സച്ചി കൈപിടിച്ച് കൊണ്ടുവന്നു. ഒരു പക്ഷേ ഒരു സംവിധായകരും കാണിക്കാത്ത ധീരതയാണ് സച്ചി അയ്യപ്പനും കോശിയിലൂടെ പഴനിസ്വാമിക്ക് നല്‍കിയ അംഗീകാരം. ഒപ്പം നഞ്ചിയമ്മയെന്ന ആദിവാസി സ്ത്രീയെ നടിയായും ഗായികയായും മലയാളികള്‍ക്ക് സമ്മാനിച്ചു. സച്ചിസാര്‍ തന്നെ മനുഷ്യനാക്കിയെന്നാണ് പഴനി സ്വാമി പറയുന്നത്.


അയ്യപ്പനും കോശിക്കും പിന്നാലെ ഒട്ടേറെ സിനിമകളില്‍ പഴനി സ്വാമിക്ക് അവസരം കിട്ടി. ചെറുതും വലുതുമായ വേഷങ്ങള്‍ ആ ചിത്രങ്ങളിലെല്ലാം പഴനി സ്വാമി ചെയ്തു. പക്ഷേ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ദുല്‍ഖര്‍ ചിത്രം 'സല്യൂട്ട്' തന്നെയൊരു ആര്‍ട്ടിസ്റ്റായി അംഗീകരിച്ചെന്ന് പഴനി സ്വാമി പറയുന്നു. അയ്യപ്പനും കോശിയിലും സച്ചിസാറിന് ഒരു സഹായിയായി ഞാന്‍ കൂടെ നടന്നു. എന്നെ ചേര്‍ത്ത് പിടിച്ച് സച്ചിസാര്‍ ഒപ്പം കൂട്ടി. ആ ചിത്രം ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച സിനിമ കൂടിയായിരുന്നു. അതിന് ഇന്നും സച്ചിസാറിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. സല്യൂട്ടിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു. എന്നെ തേടിവന്ന ചിത്രം. റോഷന്‍ ആന്‍ഡ്രൂസിനെപ്പോലെ പ്രമുഖ സംവിധായകന്‍റെ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചതില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഒരു ആര്‍ട്ടിസ്റ്റിന് നല്‍കുന്ന എല്ലാ അംഗീകാരവും പരിഗണനയും എനിക്ക് ലഭിച്ച ചിത്രമായിരുന്നു 'സല്യൂട്ട്'.


ശ്രദ്ധേയമായ ഒരു കഥാപാത്രം, മികച്ച താമസ സൗകര്യം അങ്ങനെ സിനിമയിലെ ഒരു പ്രമുഖ താരത്തിന് നല്‍കുന്ന എല്ലാ പരിഗണനയും നല്‍കിയ ചിത്രമായിരുന്നു. റോഷന്‍ സാറും ദുല്‍ഖര്‍ സാറും വളരെ സ്നേഹത്തോടെ പെരുമാറി. വലിയൊരു ടീമിനൊപ്പം അഭിനയിക്കുവാനും സഹകരിക്കുവാനും കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. 'സല്യൂട്ട്' പോലൊരു ചിത്രത്തിന്‍റെ ഭാഗമാകുക വലിയ ഭാഗ്യം തന്നെയാണ്. അതില്‍ ഒത്തിരി സന്തോഷമുണ്ട്. സിനിമ സ്വപ്നം കണ്ട് നടന്ന എന്നെപ്പോലൊരാള്‍ക്ക് ഇതെല്ലാം വലിയ സൗഭാഗ്യം തന്നെയാണ്. ഇനിയും ഒത്തിരി അവസരങ്ങള്‍ കിട്ടുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ. സ്നേഹിച്ചവരോടും ഒപ്പം നടത്തിയവരോടും എന്നും നന്ദിയുണ്ടാവും... പഴനി സ്വാമി പറഞ്ഞു.   

തയ്യാറാക്കിയത്: പി.ആര്‍ സുമേരന്‍                  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News