മഹാരാഷ്ട്രയില്‍ സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 24 ന് തുറക്കും
എത്രപേരെ പ്രവേശിപ്പിക്കണമെന്നത് സംബന്ധിച്ച് വിശദമായ എസ്ഒപി സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.
മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 24 മുതല്‍ സിനിമ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സും തുറക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. എത്രപേരെ പ്രവേശിപ്പിക്കണമെന്നത് സംബന്ധിച്ച് വിശദമായ എസ്ഒപി സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.
ചലച്ചിത്ര നിര്‍മാതാക്കളായ രോഹിത് ഷെട്ടിയും പെന്‍ സ്റ്റുഡിയോസിന്റെ ചെയര്‍മാന്‍ ജയന്തിലാല്‍ ഗഡയും തിയേറ്ററുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ കണ്ടിരുന്നു. തിയേറ്റര്‍ തുറക്കാത്ത സാഹചര്യത്തിലുണ്ടായ നഷ്ടത്തെ സംബന്ധിച്ച കണക്കുകള്‍ അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മര്‍ച്ച് പകുതിയോടെയാണ് രാജ്യത്ത് തിയേറ്ററുകകള്‍ അടക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഏതാനും മാസങ്ങള്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും വീണ്ടും അടച്ചു.
ആരാധനാലയങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ നാലു മുതല്‍ സ്‌കൂളുകളും തുറക്കും. കഴിഞ്ഞ ദിവസം 3286 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 51 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 39,491 ആക്റ്റീവ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്.