കലക്ടര്‍ കൃഷ്ണ തേജ വിളിച്ചു, മലയാളി വിദ്യാര്‍ഥിനിയുടെ മുഴുവന്‍ പഠന ചെലവും ഏറ്റെടുത്ത് അല്ലു അര്‍ജുന്‍
കഴിഞ്ഞ ദിവസം കലക്ടർ നേരിട്ട് എത്തിയാണ് പെണ്‍കുട്ടിയെ കോളജിൽ ചേർത്തത്
ആലപ്പുഴ: മലയാളി വിദ്യാര്‍ഥിനിയുടെ മുഴുവന്‍ പഠന ചെലവുകളും ഏറ്റെടുത്ത് തെലുഗു താരം അല്ലു അര്‍ജുന്‍. ജില്ലാ കലക്ടര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മലയാളികളുടെ ഇഷ്ട നടന്‍ അല്ലു അര്‍ജുന്‍ വിദ്യാര്‍ഥിനിയുടെ നഴ്സിങ് പഠന ചെലവ് ഏറ്റെടുത്തത്. ജില്ലാ കലക്ടര്‍ കൃഷ്ണ തേജയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പ്ലസ് ടുവിന് ശേഷം തുടര്‍പഠനം വഴിമുട്ടി നിന്ന ആലപ്പുഴ സ്വദേശിനി ജില്ലാ കലക്ടര്‍ കൃഷ്ണ തേജയെ കാണുന്നത്. പ്ലസ് ടുവിന് 92 ശതമാനം മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്ത സങ്കടം വിദ്യാര്‍ഥിനി കലക്ടറോട് പങ്കുവെച്ചു. 2021ല്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് 'വീ ആര്‍ ഫോര്‍ ആലപ്പി' പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടിക്കാവശ്യമായ സഹായം ഉറപ്പാക്കാന്‍ കലക്ടറും കൂട്ടരും തീരുമാനിക്കുകയായിരുന്നു.
നഴ്സാകണമെന്ന ആഗ്രഹം പെണ്‍കുട്ടി കലക്ടറോട് പങ്കുവെച്ചു. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്മെന്‍റ് സീറ്റില്‍ തുടര്‍ പഠനം ഉറപ്പിച്ചു. കറ്റാനം സെന്‍റ് തോമസ് നഴ്സിങ് കോളജില്‍ മാനേജ്മെന്‍റ് സീറ്റ് ലഭിച്ച തൊട്ടുടനെയാണ് നടന്‍ അല്ലു അര്‍ജുനെ കലക്ടര്‍ കൃഷ്ണ തേജ ബന്ധപ്പെടുന്നത്. ഒരു വര്‍ഷത്തെ ഫീസ് ആവശ്യത്തിനായി വിളിച്ചപ്പോള്‍ നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള മുഴുവന്‍ പഠന ചെലവും നല്‍കാമെന്ന് അദ്ദേഹം പറയുകയായിരുന്നുവെന്ന് കൃഷ്ണ തേജ പറഞ്ഞു. കഴിഞ്ഞ ദിവസം കലക്ടർ നേരിട്ട് എത്തിയാണ് പെണ്‍കുട്ടിയെ കോളജിൽ ചേർത്തത്.
പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കലക്ടറായിരുന്ന വി.ആർ കൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് 'ഐ ആം ഫോർ ആലപ്പി'. പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. 'ഐ ആം ഫോർ ആലപ്പി' പദ്ധതിയുടെ പുതുക്കിയ പദ്ധതിയാണ് 'വീ ആർ ഫോർ ആലപ്പി'. കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.