അച്ഛന്റെ സിനിമകളിൽ മോഹൻലാൽ എങ്ങനെയായിരുന്നോ അതുപോലെയാണ് എന്റെ സിനിമയിൽ ഫഹദിന്‍റെ അഭിനയം: അഖിൽ സത്യൻ
'അച്ഛന്റെ പടങ്ങളും മഹേഷിന്റെ പ്രതികാരമല്ലാതെ മറ്റു നർമ വേഷങ്ങളൊന്നും കഴിഞ്ഞ ദശാബ്ദത്തിൽ ഫഹദ് ചെയ്തിട്ടില്ല'
വളരെയധികം സങ്കീർണമായ വേഷങ്ങൾ ചെയ്യാൻ കഴിവുള്ളയാളാണ് ഫഹദ് ഫാസിലെന്ന് സംവിധായകനും സത്യൻ അന്തിക്കാടിന്റെ മകനുമായ അഖിൽ സത്യൻ. ഏതു വേഷവും ചെയ്യാൻ അദ്ദേഹത്തിന് കഴിയും. അച്ഛന്‍റെ സിനിമകളിൽ മോഹൻലാൽ ചെയ്തതു പോലെയാണ് 'പാച്ചുവും അത്ഭുത വിളക്കും' എന്ന സിനിമയിൽ ഫഹദ് ഫാസിൽ തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് അഖിൽ സത്യൻ ഓടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'അച്ഛന്റെ പടങ്ങളും മഹേഷിന്റെ പ്രതികാരവുമല്ലാതെ മറ്റു നർമ വേഷങ്ങളൊന്നും കഴിഞ്ഞ ദശാബ്ദത്തിൽ ഫഹദ് ചെയ്തിട്ടില്ല. ആരും അതിന് ശ്രമിച്ചിട്ടില്ല. ഏതൊരു വേഷവും നന്നായി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയും'- അഖിൽ പറഞ്ഞു.
പാച്ചുവും അത്ഭുത വിളക്കിലും വീണ്ടും ഫഹദിന്റെ നർമം കാണാൻ കഴിയും. 'ഒരു ഇന്ത്യൻ പ്രണയകഥ'യിലും 'ഞാൻ പ്രകാശനിലും' ഒരുമിച്ച് പ്രവർത്തിച്ചത് കൊണ്ടാകാം ഫഹദ് തന്നെ വിശ്വസിക്കുന്നതെന്നും അഖിൽ കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഞാൻ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാർബണിലെ സിബിക്കുമൊക്കെ ശേഷം നർമ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഫയെത്തുന്ന സിനിമ കൂടിയാവും പാച്ചുവും അത്ഭുത വിളക്കും.
സത്യൻ അന്തിക്കാടിൻറെ സിനിമകളുടെ സംവിധാന വിഭാഗത്തിൽ മുമ്പ് സഹകരിച്ചിട്ടുള്ളയാൾകൂടിയാണ് അഖിൽ സത്യൻ. ഞാൻ പ്രകാശൻ, ജോമോൻറെ സുവിശേഷങ്ങൾ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുമുണ്ട്. ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെൻററി ഷോർട്ട് ഫിലിമും അഖിൽ മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.
ഫഹദും ഇന്നസെൻറും കൂടാതെ മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫഹദിനെ ഏറെ നാളുകൾക്ക് ശേഷം ഏറെ രസകരമായ കുസൃതിയൊളിപ്പിച്ചൊരു വേഷത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് പാച്ചുവും അത്ഭുത വിളക്കുമെന്ന് പുറത്തിറങ്ങിയ ട്രെയിലറും ഗാനവുമൊക്കെ തരുന്ന സൂചന.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, വസ്ത്രാലങ്കാരം: ഉത്തര മേനോൻ, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്‌സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാർക്കറ്റിംഗ്: സ്‌നേക്ക്പ്ലാൻറ്.