റഹ്‌മാൻ ഇന്റർനാഷണൽ സ്റ്റാറല്ലേ, അതിന്റെ വാല്യൂവുണ്ട്: ഫാസിൽ
"ആറു മാസമാണ് റഹ്‌മാനു വേണ്ടി ഞങ്ങൾ കാത്തിരുന്നത്"
മലയൻകുഞ്ഞ് സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് എആർ റഹ്‌മാൻ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചതെന്ന് നിർമാതാവ് ഫാസിൽ. പണ്ട് ഒരു ചിത്രം ചെയ്യാനായി താൻ റഹ്‌മാനെ സമീപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂവീ മാൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എആർ റഹ്‌മാനെ ഫിക്‌സ് ചെയ്യുമ്പോൾ പറഞ്ഞത്, ഞാനെത്ര സമയമെടുക്കും എന്ന് ചോദിക്കരുത് എന്നാണ്. ആറു മാസമാണ് റഹ്‌മാനു വേണ്ടി ഞങ്ങൾ കാത്തിരുന്നത്. ഈ സിനിമ സെക്കൻഡ് ഹാഫിൽ മ്യൂസിക്കലാണ്. അരവിന്ദ് സാമി വഴിയാണ് ഫഹദ് എആർ റഹ്‌മാനെ ബന്ധപ്പെട്ടത്. നല്ല ആർട്ടിസ്റ്റ് എന്ന നിലയിലും എന്റെ മോൻ എന്ന നിലയിലുമാണ് ഫഹദിനെ റഹ്‌മാൻ പരിഗണിച്ചത്. ഒരുപടം ചെയ്യാൻ വേണ്ടി ഞാൻ ഒരിക്കൽ റഹ്‌മാനെ കണ്ടിട്ടുണ്ട്. ആ കഥ റഹ്‌മാന് നന്നേ ഇഷ്ടപ്പെട്ടു. എന്നാൽ സിനിമ ചെയ്യാനായില്ല. ആ സിനിമ എടുത്തോ എന്ന് റഹ്‌മാൻ ഫഹദിനോട് ചോദിച്ചു. പടം കണ്ട് ഇഷ്ടപ്പെട്ടതു കൊണ്ടായിരിക്കാം റഹ്‌മാൻ അതു മ്യൂസിക് ചെയ്യാൻ സമ്മതിച്ചത്. ദുബൈ എക്‌സ്‌പോ അടക്കം ഹെവിലി കമ്മിറ്റഡാണ് എന്നാണ് റഹ്‌മാൻ പറഞ്ഞത്. ചെയ്തു തരാം, നിർബന്ധിക്കരുത് എന്നും പറഞ്ഞു.' - ഫാസിൽ കൂട്ടിച്ചേർത്തു.
റഹ്‌മാന് കൊടുത്ത പ്രതിഫലം കൂടുതലല്ലെന്നും അദ്ദേഹം പറഞ്ഞു. 'റഹ്‌മാന് കൊടുത്ത പണം കൊണ്ട് ഒരു സിനിമയെടുക്കാമെന്നാണ് ഫഹദ് പറയുന്നത്. പക്ഷേ, ഇത് മാന്യമായ രീതിയിലാണ് ഫഹദ് അറേഞ്ച് ചെയ്തത്. പുള്ളി അർഹിക്കുന്നതിന് അപ്പുറം വാങ്ങിക്കില്ല. അദ്ദേഹം ഒരു ഇന്റർനാഷണൽ സ്റ്റാറാണ്. അദ്ദേഹത്തിന്റെ പാട്ടിന് ഇന്റർനാഷണൽ വാല്യു ഉണ്ട്. അതിന് അനുസരിച്ച് പ്രതിഫലവും സമയവും കൊടുത്തേ പറ്റൂ.'
പുതിയ സിനിമയുടെ സങ്കേതങ്ങൾ പഠിക്കാനാണ് നിർമാതാവ് ആയതെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഞാൻ മലയാളത്തിൽ ആകെ 20 പടമേ ചെയ്തിട്ടുള്ളൂ. എനിക്ക് ശേഷം വന്നവരൊക്കെ നിരവധി സിനിമ ചെയ്തിട്ടുണ്ട്. 94ൽ മാനത്തെ വെള്ളിത്തേരിന് ശേഷം മൂന്നു വർഷം കഴിഞ്ഞാണ് അനിയത്തി പ്രാവ് എടുക്കുന്നത്. എന്നാലും ഞാൻ മടിയനാണ്. പുതിയ സിനിമയുടെ സങ്കേതങ്ങൾ പഠിക്കാനാണ് നിർമാതാവായത്. മഹേഷ് നാരായണൻ ഒരു കഥ പറഞ്ഞപ്പോൾ ഞാൻ ഭയങ്കര ഇൻവോൾവ്ഡ് ആയി എന്ന് ഒരു ദിവസം ഫഹദാണ് പറഞ്ഞത്. എന്താ സബ്ജക്ട് എന്നു ഞാൻ ചോദിച്ചു. ഉരുൾപൊട്ടലിനെ കുറിച്ചാണ് എന്നു പറഞ്ഞു. പുതുമയുണ്ടല്ലോ എന്നു ഞാൻ പറഞ്ഞു. ഞാൻ പ്രൊഡ്യൂസ് ചെയ്‌തോളാം എന്നു പറഞ്ഞു. ഞാൻ ഷാഡോയിൽനിന്ന് കാര്യങ്ങൾ കണ്ടുപഠിക്കുകയായിരുന്നു. സാങ്കേതിക നമുക്ക് എത്തിപ്പിടിക്കാം. എന്നാൽ പ്രേക്ഷകരിലുണ്ടാകുന്ന മാറ്റം അറിഞ്ഞിട്ടു വേണം സിനിമ സംവിധാനം ചെയ്യാനും, കഥയെഴുതാനും. മലയൻകുഞ്ഞ് സിനിമ ഒന്നരവർഷത്തെ പ്രയത്‌നമാണ്.' - ഫാസിൽ കൂട്ടിച്ചേർത്തു.