'വേട്ടയാട് വിളയാട് 2' ഉടൻ; തിരക്കഥ പുരോഗമിക്കുകയാണെന്ന് ഗൗതം മേനോൻ
'ചിത്രത്തെ കുറിച്ച് കമൽഹാസനുമായി ചർച്ച ചെയ്‌തു'
ചെന്നൈ: 2006ൽ പുറത്തിറങ്ങിയ കമൽഹാസന്റെ 'വേട്ടയാട് വിളയാട്' എന്ന ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ ഗൗതം മേനോൻ. രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്നും തിരക്കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ കുറിച്ച് കമൽഹാസനുമായി ചർച്ച ചെയ്‌തെന്നും ഗൗതം മേനോൻ പറഞ്ഞു.
തമിഴ് സിനിമ മാഗസിനായ ആനന്ദ വികടന് നൽകിയ അഭിമുഖത്തിലാണ് വേട്ടയാട് വിളയാട് 2 നെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് സംവിധായകൻ വിരമാമിട്ടത്. ലോക്ക്ഡൗണിന് മുമ്പ് ഞാൻ കമൽ സാറുമായി ഏകദേശം 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു. തിരക്കഥയെ കുറിച്ചും സൂചിപ്പിച്ചു. തിരക്കഥ വികസിപ്പിക്കാൻ അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചു. കഥ പറയാനുള്ള ഒരു സ്ലോട്ടും അദ്ദേഹം നൽകിയിട്ടുണ്ട്. 2023 പകുതിയോടെ സിനിമ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൗതം മേനോൻ പറഞ്ഞു.
പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായിരുന്ന വേട്ടയാട് വിളയാട് വൻ വിജയമായിരുന്നു നേടിയിരുന്നത്. ജ്യോതിക, ഡാനിയൽ ബാലാജി, പ്രകാശ് രാജ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'വെന്ത് തണിന്തത് കാടിന്റെ' റിലീസിന് തയ്യാറെടുക്കുകയാണ് ഗൗതംമേനോനിപ്പോൾ. ഇതിന് പുറമെ ധ്രുവനച്ചത്തിരവും ഗൗതംമോനോന്റെതായി അണിയറയിൽ പുരോഗമിക്കുകയാണ്.
അതേസമയം, വിക്രം സിനിമയുടെ കൂറ്റൻ വിജയത്തിന് ശേഷം കമൽഹാസൻ ഇന്ത്യൻ 2 വിലാണ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രം അടുത്തമാസം ചിത്രീകരണം ആരംഭിക്കും.