"ഗുജറാത്ത് കലാപം സിനിമയാക്കാന്‍ ധൈര്യമുണ്ടോ?"; കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയോട് കോണ്‍ഗ്രസ്
എവിടെ കലാപം നടന്നാലും അത് സിനിമയാക്കണമെന്നും അതിന് പ്രധാനമന്ത്രി ഒരു മന്ത്രിസ്ഥാനം തന്നെയുണ്ടാക്കണമെന്നും കോൺഗ്രസ് നേതാവ് റാഷിദ് അൽവി
സംവിധായകന്‍ വിവേക് അഗ്നിഹോത്രിയോട് ഗുജറാത്ത് കലാപം സിനിമയാക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ്. ഗുജറാത്തില്‍ അന്നത്തെ മുഖ്യമന്ത്രി ചെയ്തുകൂട്ടിയ എല്ലാ തെളിവുകളും നല്‍കാം. ഗുജറാത്ത് കത്തുമ്പോള്‍ ആഭ്യന്തര മന്ത്രി എന്തെടുക്കുകയായിരുന്നു. സിനിമക്കാവശ്യമായ എല്ലാ തെളിവുകളും വിവരങ്ങളും നല്‍കാം. ധൈര്യമുണ്ടാകുമോ സിനിമയാക്കാന്‍ എന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു. വിവേക് അഗ്നിഹോത്രിക്ക് അതിനു സാധിക്കില്ലെന്നും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന നിര്‍മാതാവും സംവിധായകനുമാണ് അദ്ദേഹമെന്ന് അറിയാമെന്നും ഗൗരവ് വല്ലഭ് പരിഹസിച്ചു.
കശ്മീര്‍ ഫയല്‍സിന്‍റെ വലിയ വിജയത്തിന് പിന്നാലെ 'ഡല്‍ഹി ഫയല്‍സ്' എന്ന പുതിയ ചിത്രം വിവേക് അഗ്നിഹോത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. 1984ലെ സിഖ് കൂട്ടക്കൊല പ്രമേയമാക്കിയാണ് വിവേക് അഗ്നിഹോത്രിയുടെ പുതിയ സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍.
"ഒരു സംവിധായകന് ഏതു സിനിമയും സ്വാതന്ത്രൃമായി നിര്‍മ്മിക്കാനുള്ള അവകാശമുണ്ട്. എന്നാൽ അദ്ദേഹം നിഷ്പക്ഷനും സത്യസന്ധനുമായ ചലച്ചിത്ര നിർമ്മാതാവാണെങ്കിൽ, ഗുജറാത്ത് കലാപത്തെക്കുറിച്ച് സിനിമയെടുക്കുകയും താൻ ഒരു സർക്കാർ സ്പോൺസർ ചലച്ചിത്ര നിർമ്മാതാവല്ലെന്ന് തെളിയിക്കുകയും വേണം"- ഗൗരവ് വല്ലഭ് പറഞ്ഞു.
"ബോളിവുഡ് പ്രധാനമായും മുംബൈ കേന്ദ്രീകരിച്ചായതിനാല്‍ അഗ്നിഹോത്രി മുംബൈയിലായിരിക്കും. എന്നാൽ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ അഹമ്മദാബാദ് എന്നൊരു നഗരമുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം ഗുജറാത്ത് ഫയൽസ് നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തത്?"- ഗൗരവ് വല്ലഭ് ചോദിച്ചു.
അഗ്‌നിഹോത്രിയുടെ പുതിയ സിനിമാ പ്രഖ്യാപനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് റാഷിദ് അൽവിയും രംഗത്തുവന്നു. വിവേക് അഗ്നിഹോത്രി അത്രയും സത്യസന്ധനാണെങ്കിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച് സിനിമ ചെയ്യണമെന്നും കഴിഞ്ഞ 70 വർഷത്തിനിടെ ഇന്ത്യയിൽ നടന്ന എല്ലാ കലാപങ്ങളെയും കുറിച്ച് അദ്ദേഹം സിനിമ ചെയ്യണമെന്നും റാഷിദ് അല്‍വി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോദിയെയും റാഷിദ് അല്‍വി പരിഹസിച്ചു. എവിടെ കലാപം നടന്നാലും അത് സിനിമയാക്കണമെന്നും അതിന് പ്രധാനമന്ത്രി ഒരു മന്ത്രിസ്ഥാനം തന്നെയുണ്ടാക്കണമെന്നും അദ്ദേഹം പരിഹസിച്ചു.