"മീ ടൂ ഇതാണെങ്കില്‍ ചെയ്തിട്ടില്ല, അത്രയും തരം താഴ്ന്നവനല്ല": തുറന്നടിച്ച് വിനായകന്‍
തന്നെ മാധ്യമങ്ങള്‍ മോശക്കാരനായി ചിത്രീകരിക്കുകയായിരുന്നെന്ന് വിനായകന്‍
കൊച്ചി: മീടൂ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിനായകന്‍. മാനസികവും ശാരീരികവും ആയിട്ടുള്ള പീഡനം ആണ് മീ ടുവെങ്കില്‍ അത് ചെയ്തിട്ടില്ലെന്ന് വിനായകന്‍ വ്യക്തമാക്കി. ഇവിടുത്തെ നിയമത്തില്‍ വലിയ കുറ്റകൃത്യമാണത്. അത് ഞാന്‍ ചെയ്തിട്ടില്ല, രാവിലെ എണീറ്റ് നോട്ടീസ് കൊടുത്ത് പെണ്ണുങ്ങളെ പീഡിപ്പിക്കാന്‍ വിനായകന്‍ അത്രയും തരം താഴ്ന്നവനല്ല. ', അദ്ദേഹം പറഞ്ഞു. 'പന്ത്രണ്ട്' സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായ പത്ര സമ്മേളനത്തിലാണ് വിനായകന്‍ ആഞ്ഞടിച്ചത്.
ശാരീരിക പീഡനങ്ങളെ മീ ടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന്‍ ചോദിച്ചു. 'ഒരുത്തീ' സിനിമയുടെ പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മീ ടുവിനെ പരിഹസിക്കുന്ന പരാമര്‍ശം വിനായകനില്‍ നിന്നുമുണ്ടായിരുന്നു. ഒരാളോട് ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടുവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിനായകന്‍ പറഞ്ഞത്. ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കും. വേണമെന്നു തോന്നിയാല്‍ ഈ പെണ്‍കുട്ടിയോടും ചോദിക്കുമെന്നായിരുന്നു വിനായകന്‍റെ പരാമര്‍ശം. ഇത് വലിയ വിവാദമായതോടെ ഫേസ്ബുക്കിലൂടെ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.
ഈ സംഭവവും ഇന്ന് പത്ര സമ്മേളനത്തില്‍ ചര്‍ച്ചയായി. താന്‍ ആ പെണ്‍കുട്ടിയെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും അങ്ങനെ വ്യാഖ്യാനിക്കുകയായിരുന്നെന്നും വിനായകന്‍ പറഞ്ഞു. ആ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞിരുന്നു. സങ്കടമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് വീണ്ടും പറയുന്നു. സങ്കടമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു', വിനായകന്‍ പറഞ്ഞു.
തന്നെ മാധ്യമങ്ങള്‍ മോശക്കാരനായി ചിത്രീകരിക്കുകയായിരുന്നെന്നും വിനായകന്‍ തുറന്നടിച്ചു. പല ചാനലുകളും എന്‍റെ പേരില്‍ പെണ്ണ് കേസുകള്‍ എഴുതിവെച്ചിട്ടുണ്ട്. പല മീറ്റു പ്രശ്നങ്ങളിലും ഞാനുണ്ടെന്ന്. ഇതൊക്കെയെവിടെ? നിങ്ങളാണ് ഇത് ആലോചിക്കേണ്ടത്, എന്‍റെ നെഞ്ചത്തോട്ട് കയറിയിട്ട് എന്തിനാണ്- വിനായകന്‍ പറഞ്ഞു.