'അഞ്ചുനേരത്തെ നമസ്‌കാരം എനിക്ക് സമാധാനവും സമാശ്വാസവും തരുന്നു'; മതംമാറ്റം സ്ഥിരീകരിച്ച് ഹിന്ദി സീരിയൽ താരം വിവിയൻ ദസേന

ആത്മാർത്ഥമായുള്ള നോമ്പുകളും രാത്രിസമയത്തെ ആരാധനകളുമെല്ലാം സർവശക്തനായ ദൈവം സ്വീകരിക്കട്ടെയെന്നും എല്ലാ പാപങ്ങളും അവൻ പൊറുത്തുതരട്ടെയെന്നും വിവിയൻ നേരത്തെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു

Update: 2023-03-30 10:07 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മതംമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രശസ്ത ഹിന്ദി സീരിയൽ താരം വിവിയൻ ദസേന. 2019ൽ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. ഈജിപ്ത് സ്വദേശി നൗറാൻ അലിയെ ഒരു വർഷം മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇരുവർക്കും നാലു മാസം പ്രായമായ കുഞ്ഞുണ്ടെന്നും വിവിയൻ പറഞ്ഞു.

'ബോംബേ ടൈംസി'നോടായിരുന്നു താരം മനസ്സുതുറന്നത്. ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് വിവിയൻ പറഞ്ഞു. ഞാൻ ക്രിസ്ത്യാനിയായിരുന്നു. ഇപ്പോൾ ഇസ്‌ലാം പിന്തുടരുന്നു. 2019ലെ വിശുദ്ധ റമദാൻ മാസത്തിലാണ് ഇസ്‌ലാം സ്വീകരിച്ചത്. ദിവസവും അഞ്ചുനേരം നമസ്‌കരിക്കുന്നതുകൊണ്ട് വലിയ സമാധാനവും സമാശ്വാസവുമാണ് എനിക്ക് ലഭിക്കുന്നത്. അനാവശ്യമായ അഭ്യൂഹങ്ങളെല്ലാം ഇതിലൂടെ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അറബി ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിവിയൻ വെളിപ്പെടുത്തി. നേരത്തെ, റമദാൻ അനുഷ്ഠിക്കുന്നുണ്ടെന്ന് ഇൻസ്റ്റഗ്രാമിൽ 'ക്വസ്റ്റിയൻ & ആൻസർ' സെഷനിൽ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി താരം പ്രതികരിച്ചിരുന്നു. ആത്മാർത്ഥമായുള്ള നോമ്പുകളും രാത്രിസമയത്തെ ആരാധനകളുമെല്ലാം സർവശക്തനായ ദൈവം സ്വീകരിക്കട്ടെയെന്നും എല്ലാ പാപങ്ങളും അവൻ പൊറുത്തുതരട്ടെയെന്നും അദ്ദേഹം നേരത്തെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു.

ഈജിപ്തിൽ ഒരു സ്വകാര്യ ചടങ്ങിലാണ് നൗറാനുമായുള്ള വിവാഹം നടന്നതെന്ന് താരം പറഞ്ഞു. അച്ഛനാകുന്നത് സ്വപ്‌നസാഫല്യ നിമിഷവും ഏറ്റവും മനോഹരമായ അനുഭവവുമാണ്. എന്റെ കുഞ്ഞിനെ കൈയിലെടുക്കുമ്പോൾ ലോകത്തിന്റെ ഉയരങ്ങളിൽ നിൽക്കുന്ന അനുഭൂതിയാണ്. ലയാൻ വിവിയൻ ദസേന എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

'കസം സെ', 'മധുബാല-ഏക് ഇഷ്ഖ് ഏക് ജുനൂൻ', 'പ്യാർ കി യെ ഏക് കഹാനി' തുടങ്ങിയ ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെയാണ് വിവിയൻ ദസേന ശ്രദ്ധ നേടുന്നത്. 'സിർഫ് തും' ആണ് അവസാനമായി അഭിനയിച്ച ടെലിവിഷൻ ഷോ. നേരത്തെ സീരിയൻ താരം വഹ്ബിസ് ദൊറാബ്ജിയെ വിവാഹം കഴിച്ചിരുന്ന വിവിയൻ 2021ലാണ് ബന്ധം വേർപിരിയുന്നത്.

Summary: 'I started following Islam in 2019, I find solace in praying five times a day', reveals popular Indian television star Vivian Dsena

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News