സന്ദേശത്തിലെ ജയറാമിന്റെ അനിയൻ വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നു; ഫേസ്ബുക്ക് കുറിപ്പുമായി നിര്‍മാതാവ് എന്‍.എം ബാദുഷ
എസ്.എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ ലക്ഷമൺ വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത്
മലയാളത്തിലെ എക്കാലത്തേയും മികച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളിൽ ഒന്നാണ് സന്ദേശം. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്ന ഒന്നാണ്. ചിത്രത്തിൽ ശ്രീനിവാസന്റേയും ജയറാമിന്റേയും അനിയന്റെ റോളിൽ എത്തിയത് രാഹുൽ ലക്ഷമൺ ആയിരുന്നു. ആ ഒരു ചിത്രത്തിന് ശേഷം പീന്നീട് നമ്മൾ രാഹുലിനെ കണ്ടില്ല.
എന്നാൽ ഇന്ന് അദ്ദേഹം ഒരു ഡോക്ടറാണ്. ഇപ്പോഴിതാ 32 വർഷത്തിന് ശേഷം വീണ്ടും അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്. നിർമാതാവ് എൻ.എം ബാദുഷയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ബാദുഷയുടെ പോസ്റ്റ്.
'എന്റെ കൂടെ നിൽക്കുന്ന ആളെ മനസിലായോ മറ്റാരുമല്ല സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ആക്ഷേപഹാസ്യചിത്രം ' സന്ദേശം' എന്ന സിനിമയിൽ ജയറാമേട്ടന്റെയും ശ്രീനിയേട്ടന്റെയും അനിയനായി അഭിനയിച്ച രാഹുൽ ലക്ഷ്മൺ ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്, കഴിഞ്ഞ 32 വർഷത്തിന് ശേഷം വീണ്ടും ക്യാമറക്ക് മുന്നിൽ എത്തുന്നു SN സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ഇനിയും അദ്ധേഹത്തിന് ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു'. ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.