'ജോജു പറഞ്ഞത് പച്ചക്കള്ളം, മധ്യസ്ഥതക്ക് ശ്രമിച്ചത് അഖില്‍ മാരാര്‍'; ആരോപണങ്ങളുമായി വീണ്ടും സനല്‍ കുമാര്‍ ശശിധരന്‍

"എന്നെ നശിപ്പിക്കാൻ മാത്രമേ നിങ്ങൾക്ക് കഴിയുകയുള്ളൂ. എന്‍റെ സിനിമകളെ വിഴുങ്ങിയാൽ തൊണ്ടയിൽ കുടുങ്ങും എന്ന് അറിയിക്കാൻ മാത്രമാണ് ഇപ്പോൾ ഇതെഴുതുന്നത്"

Update: 2022-09-01 16:19 GMT
Editor : ijas
Advertising

'ചോല' എന്ന സിനിമയുടെ പകര്‍പ്പാവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീണ്ടും ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. 'ചോല' സിനിമ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിനെ തടയുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് സനല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തന്‍റെ അനുവാദമില്ലാതെ ജോജു ജോര്‍ജ് 'ചോല' സിനിമയുടെ വില്‍പ്പന നടത്തിയതായി സനല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ജോജു ഫോണില്‍ വിളിച്ച് തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സനല്‍ ആരോപിച്ചു.

ജോജുവിന്‍റെ ഫോണ്‍വിളി റെക്കോര്‍ഡ് ചെയ്തു എന്നറിഞ്ഞപ്പോള്‍ സംവിധായകന്‍ അഖില്‍ മാരാര്‍ മധ്യസ്ഥതക്ക് ശ്രമിച്ചതായും തന്‍റെ രണ്ട് പ്രധാന ആവശ്യങ്ങള്‍ ജോജു അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും സനല്‍ പരാതി പറഞ്ഞു. ജോജു മനപൂര്‍വം കാര്യങ്ങള്‍ വൈകിപ്പിച്ചു ദുഷ്പ്രചരണങ്ങള്‍ നടത്തുകയാണെന്നും സനല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. 'ചോല' സിനിമയുടെ നിര്‍മാണമെല്ലാം പൂര്‍ത്തിയായി സെൻസറിങും കഴിഞ്ഞ് സിനിമയ്ക്ക് ഒരു അന്താരാഷ്ട്ര സെയിൽസ് ഏജന്‍റ് ഉണ്ടായ ശേഷമാണ് ജോജു സിനിമ വിലയ്ക്ക് വാങ്ങുന്നതെന്നും ബൗദ്ധിക സ്വത്തവകാശം ഇതുവരെ ആർക്കും എഴുതി കൊടുത്തിട്ടില്ലാത്തതിനാലും മറ്റു കരാറുകളുമില്ലാത്ത സ്ഥിതിക്ക് ബൗദ്ധിക സ്വത്തവകാശം മരണശേഷം എങ്ങനെയാണ് നിശ്ചയിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ഒരു വിൽ പത്രം എഴുതുകയാണെന്നും സനല്‍ വ്യക്തമാക്കി. ജോജു നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി അയച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

സനല്‍ കുമാര്‍ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ചതി എന്നത് അത് ചെയ്യുന്നവർക്ക് മിക്കപ്പോഴും ഒരു കൗശലവും വിനോദവുമാണ്. 'ചോല' എന്ന സിനിമയുടെ അന്താരാഷ്ട്ര വിതരണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജോജു ജോർജ് ആ സിനിമയുടെ സെയിൽസ് ഏജന്‍റിന് കത്തയച്ച കാര്യം ചൂണ്ടിക്കാട്ടി ഞാനിട്ട പോസ്റ്റിനെ തുടർന്ന് അയാൾ എന്നെ ഫോണിൽ വിളിച്ച് തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അയാളുടെ ഭീഷണി ഫോൺവിളി ഞാൻ റെക്കോർഡ് ചെയ്തു എന്നറിഞ്ഞപ്പോൾ അഖിൽ മാരാർ എന്ന സംവിധായകൻ മുഖേന മധ്യസ്ഥത സംസാരിക്കാൻ ശ്രമിച്ചു. എന്‍റെ ആവശ്യം, ചോല എന്ന സിനിമയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ തടയുക എന്നത് മാത്രമാണെന്നും ജോജുവിനെ അപകീർത്തിപ്പെടുത്തുകയോ സാമ്പത്തിക പ്രശ്നത്തിലേക്ക് തള്ളിവിടുകയോ അല്ലെന്നും ഞാൻ പറഞ്ഞു. 'ചോല' 'അല്ലി' എന്നീ രണ്ടു സിനിമകളിലെയും എന്‍റെ അവകാശങ്ങൾ ജോജുവിന് എഴുതിനൽകുന്നതിന് പകരമായി ഞാൻ ഉന്നയിച്ചത് രണ്ട് ആവശ്യങ്ങളായിരുന്നു.

1. ചോല എന്ന സിനിമ എന്‍റെ യൂ ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാനുള്ള നോൺ എക്സ്ക്ലൂസീവ് അവകാശം നൽകുക.

2. ചോല എന്ന സിനിമ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അയക്കാനുള്ള അവകാശം എനിക്ക് നൽകുക.

ആദ്യമൊക്കെ അത് നിരസിച്ചു എങ്കിലും പിന്നീട് അവ എനിക്ക് നൽകാമെന്ന് ജോജു സമ്മതിച്ചതായി അഖിൽ മാരാർ എന്നെ അറിയിച്ചു. അതിനായി ഒരു ഡ്രാഫ്റ്റ് എഗ്രിമെന്‍റ് എഴുതി മെയിൽ ചെയ്യാനും പറഞ്ഞു. അതനുസരിച്ച് ഞാനത് അയച്ചു. പക്ഷെ ദിവസങ്ങളായിട്ടും മറുപടി കണ്ടില്ല. ഞാൻ ചോദിച്ചപ്പോൾ വക്കീലുമായി സംസാരിക്കുകയാണ് ഒപ്പിട്ടയക്കാം എന്നു പറയുകയാണ് ചെയ്തത്.

അതിനു ശേഷം എന്‍റെ വിവാഹമോചന വാർത്ത വന്നു. എനിക്കെതിരെയുള്ള ദുഷ്പ്രചരണങ്ങളുടെ കൊടുങ്കാറ്റിന് ആക്കം കൂടി. അങ്ങനെ ഇരിക്കുമ്പോൾ അതാ വരുന്നു സംഗീത ലക്ഷ്മണ എന്ന വക്കീൽ മുഖേന ജോജുവിന്‍റെ വക്കീൽ നോട്ടീസ്. ഞാൻ ജോജുവിനെതിരെ കേസ് കൊടുക്കുന്നത് വൈകിക്കാനുള്ള തന്ത്രമായിരുന്നു "എന്‍റെ ആവശ്യങ്ങൾ സമ്മതിച്ചു" എന്നു പറഞ്ഞത് എന്ന് എനിക്ക് മനസിലായത് അപ്പോഴാണ്. നിരവധി കള്ളങ്ങൾ കുത്തിനിറച്ചതാണ് വക്കീൽ നോട്ടീസ്. ചോല സിനിമ രണ്ടു തവണ പണമില്ലാത്തതിനാൽ നിലച്ചു പോയി എന്നും അപ്പോഴാണ് ജോജു അത് ഏറ്റെടുത്തത് എന്നുമുള്ള പച്ചക്കള്ളമാണ് അതിൽ പ്രധാനം. സിനിമ പൂർത്തിയായി സെൻസറിങ് പോലും കഴിഞ്ഞശേഷം, സിനിമയ്ക്ക് ഒരു അന്താരാഷ്ട്ര സെയിൽസ് ഏജന്‍റും ഉണ്ടായ ശേഷമാണ് ജോജു സിനിമ വിലയ്ക്ക് വാങ്ങുന്നത്. സിനിമ വാങ്ങിയ ശേഷം അത് അറ്റ്മോസ് മിക്സ്‌ ചെയ്യണമെന്നും തുടക്കത്തിലെ മോണോലോഗ് കെ.പി.എ.സി ലളിതയുടെ ശബ്ദത്തിൽ ആക്കണമെന്നും ജോജു നിർദേശിച്ചു. അതെല്ലാം ചെയ്യാനുള്ള പണം എന്‍റെ അക്കൗണ്ടിലേക്കായിരുന്നു ജോജു അയച്ചത്. പിന്നീട് സിനിമ ജോജുവിന്‍റെ പേരിൽ റീ സെൻസർ ചെയ്യുകയും ചെയ്തു. ഇതൊക്കെ മറച്ചു വെച്ചുകൊണ്ടാണ് ഇപ്പോൾ എനിക്ക് ജോജു വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വക്കീൽ നോട്ടീസ് കിട്ടിയപ്പോൾ ഞാൻ സംവിധായകൻ അഖിൽ മാരാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.

ചതിക്കുള്ള സമയം കണ്ടെത്താനായിരുന്നു എന്‍റെ ആവശ്യങ്ങൾ സമ്മതിച്ചു എന്നുള്ള അടവെന്നും അതിന്‍റെ ഭാഗമായാണ് എന്നെക്കൊണ്ട് എഗ്രിമെന്‍റ് ഡ്രാഫ്റ്റ് ചെയ്ത് അയപ്പിച്ചതെന്നും പറഞ്ഞു. അയാൾ ജോജുവുമായി സംസാരിച്ച ശേഷം അന്നുതന്നെ തിരികെ വിളിച്ചു. എഗ്രിമെന്‍റ് ഡ്രാഫ്റ്റ് വീണ്ടും അയക്കാനും അത് അന്നുതന്നെ ഒപ്പിടാമെന്നും പറഞ്ഞു. അതനുസരിച്ച് ഞാൻ എഗ്രിമെന്‍റ് അയച്ചു. ജോജു അമേരിക്കയിലാണെന്നും വന്നിട്ട് സംസാരിക്കാമെന്നും ഒരു ഇമെയിൽ മറുപടി വന്നു. എല്ലാം ചതികളുടെ പരമ്പരയിലെ തുടർച്ചയാണ്. ജോജുവിനെ ആരാണ് ചതിച്ചതെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അയാൾ സ്വയം ചതിച്ചുകൊണ്ടിരിക്കുകയാണ്. ഈ കളികളൊന്നും എന്‍റെ സിനിമയിലുള്ള എന്‍റെ അവകാശങ്ങളെ ബാധിക്കുന്നതല്ല എന്ന് മാത്രം പറയട്ടെ. അവയിലെ എന്‍റെ ബൗദ്ധിക സ്വത്തവകാശം ഞാൻ ഇതുവരെ ആർക്കും എഴുതി കൊടുത്തിട്ടില്ല. മറ്റു കരാറുകളില്ലാത്ത സ്ഥിതിക്ക് എന്‍റെ സിനിമകളിലുള്ള ബൗദ്ധിക സ്വത്തവകാശം എന്‍റെ മരണശേഷം എങ്ങനെയാണ് നിശ്ചയിക്കേണ്ടത് എന്നത് സംബന്ധിച്ച് ഞാൻ ഒരു വിൽ പത്രം എഴുതുന്നു.

എന്നെ നശിപ്പിക്കാൻ മാത്രമേ നിങ്ങൾക്ക് കഴിയുകയുള്ളൂ. എന്‍റെ സിനിമകളെ വിഴുങ്ങിയാൽ തൊണ്ടയിൽ കുടുങ്ങും എന്ന് അറിയിക്കാൻ മാത്രമാണ് ഇപ്പോൾ ഇതെഴുതുന്നത്.

Nb: വക്കീൽ നോട്ടീസിന് ഞാൻ മറുപടി അയച്ചിട്ടുണ്ട്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News