നിർമാണവും സംവിധാനവും; 'അടിയന്തരാവസ്ഥ'യിൽ നായികയായി കങ്കണ

ധാക്കഡിന്‍റെ വന്‍ പരാജയത്തിന് ശേഷമാണ് കങ്കണയുടെ പുതിയ ചിത്രം ഒരുങ്ങുന്നത്

Update: 2022-05-29 14:16 GMT
Editor : abs | By : Web Desk
Advertising

ഏറ്റവും പുതിയ ചിത്രം ധാക്കഡിന്റെ വൻ പരാജയത്തിന് ശേഷം പുതിയ സിനിമയുടെ തിരക്കുകളിലേക്ക് ബോളിവുഡ് നടി കങ്കണ റണാവട്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രമേയമാക്കി കങ്കണ തന്നെ നിർമിക്കുകയും സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ എന്ന ചിത്രത്തിന്റെ പ്രാഥമിക ജോലികൾ ആരംഭിച്ചു. ലൊക്കേഷൻ പരിശോധനയുമായി ബന്ധപ്പെട്ട് നടി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി.

ഇന്ദിരയായി കങ്കണ തന്നെയാണ് വേഷമിടുന്നത്. പെൻ, കഹാനി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ റിതേഷ് ഷായുടേതാണ് കഥ. ധാക്കഡിന്റെ തിരക്കഥയും റിതേഷിന്റേതായിരുന്നു.

അടിയന്തരാവസ്ഥ ജീവചരിത്ര സിനിമയല്ലെന്നും പൊളിറ്റിക്കൽ ഡ്രാമയാണെന്നും കങ്കണ പറഞ്ഞു. 'ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല. ഇത് ഒരു കാലഘട്ടത്തിന്റെ സിനിമയാണ്. നിലവിലെ ഇന്ത്യയുടെ സ്ഥിതി പുതുതലമുറക്ക് മനസ്സാലാക്കാൻ കഴിയുന്ന പൊളിക്കൽ ഡ്രമയാണിത്' - അവർ കൂട്ടിച്ചേർത്തു. 

നേരത്തെ, മണികർണിക: ദ ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രം കങ്കണ സംവിധാനം ചെയ്തിരുന്നു. 'അതേ, ഇതെന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ഇതുവരെ അഭ്രപാളിയിൽ എത്താത്ത ഇന്ദിരാ ഗാന്ധിയുടെ ജീവിതം അവതരിപ്പിക്കാൻ അഭിനിവേശത്തോടെയിരിക്കുന്നു' - അവർ പറഞ്ഞു. ടികു വെഡ്‌സ് ഷേരു എന്ന ചിത്രം സംവിധാനം ചെയ്ത സായ് കബിർ ആണ് ചിത്രം ആദ്യം ഡയറക്ട് ചെയ്യാമെന്നേറ്റിരുന്നത്. പിന്നീട് ഇക്കാര്യത്തിൽ എന്തു സംഭവിച്ചു എന്നതിൽ വ്യക്തയില്ല.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയിലും കങ്കണ തന്നെയായിരുന്നു നായിക. എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു.

വൻ പരാജയമായി ധാക്കഡ്

അതിനിടെ, കൊട്ടിഗ്‌ഘോഷിച്ച് തിയേറ്ററിലെത്തിയ കങ്കണയുടെ ധാക്കഡ് വൻ പരാജയമായി മാറി. 80 കോടി മുടക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് മൂന്നു കോടി പോലും ഇതുവരെ നേടിയിട്ടില്ല. എട്ടാം ദിവസം ചിത്രത്തിന് 4420 രൂപയുടെ കളക്ഷൻ മാത്രമാണ് ലഭിച്ചത്. ഇതോടെ നടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി മാറി ധാക്കഡ്. 

സർവേഷ് മേവാര സംവിധാനം ചെയ്യുന്ന തേജസ് ആണ് കങ്കണയുടെ അടുത്ത ചിത്രം. ഒക്ടോബർ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. നൂറു കോടി മുതൽ മുടക്കിലുള്ള സീത (ദ ഇൻകാർനേഷൻ), തേജു, ഡിവൈൻ ലവേഴ്‌സ് തുടങ്ങിയ ചിത്രങ്ങളും പണിപ്പുരയിലാണ്.

ബോളിവുഡിൽ ദീപിക പദുക്കോണിന് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് കങ്കണ. തീവ്ര വലതുപക്ഷത്തിന് അനുകൂലമായി ഇടയ്ക്കിടെ അവർ നടത്തുന്ന പ്രസ്താവനകൾ ഏറെ ചർച്ചയാകുകയും വിവാദങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News