ഇനി ബോളിവുഡിന്റെ ഫഫ; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകൻ ഇംതിയാസ് അലി
അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് ഇംതിയാസ് അലി "ദി ഇഡിയറ്റ് ഓഫ് ഇസ്താംബുൾ" എന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് സംസാരിച്ചത്; അനിമൽ സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച തൃപ്തി ദിമ്രി ആയിരിക്കും നായിക
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ച് വിഖ്യാത ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. 'ദ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ' എന്ന് പേരിട്ട സിനിമ ബോളിവുഡിലേക്കുള്ള ഫഹദ് ഫാസിലിന്റെ നായക അരങ്ങേറ്റമായിരിക്കും. ഈയടുത്ത് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇംതിയാസ് അലി തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
'സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞു, എന്നാൽ പ്രഖ്യാപനം ഏറെ നേരത്തെയാണ്. ഒരു സിനിമ താൻ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്, അടുത്ത സിനിമയാകുമോ അതിനടുത്ത സിനിമയാണോ എന്നറിയില്ല, എന്നാൽ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്ന പേരിലാണ് സിനിമ നിർമിക്കുന്നത്' എന്നായിരുന്നു ഇംതിയാസ് അലി പറഞ്ഞത്. 2025ലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്.
അനിമൽ, ഭൂൽ ഭുലയ്യ ത്രീ, ബുൾബുൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജബ് വി മെറ്റ്, തമാഷ, ഹൈവേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദിൽജിത്ത് ദോസഞ്ചും പരിണീതി ചൊപ്രയും അഭിനയിച്ച അമർസിങ് ചംകീല ആയിരുന്നു ഇംതിയാസ് അലിയുടെ അവസാന സിനിമ. സിനിമയിൽ ഫഹദ് ഫാസിൽ ഒരു ശ്രദ്ധേയ വേഷത്തെ അവതരിപ്പിച്ചിരുന്നു.
ബോഗെയ്ൻവില്ല, പുഷ്പ ടു എന്നിവയാണ് അടുത്തിടെ ഇറങ്ങിയ ഫഹദ് ഫാസിലിൻ്റെ ശ്രദ്ധേയ സിനിമകൾ.