കേരളത്തിലും തരംഗമാവാന്‍ കാന്താര, മലയാളം ട്രെയിലർ പുറത്ത്
പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തും
ബഹളങ്ങളൊന്നുമില്ലാതെയെത്തി സിനിമലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് കന്നഡ ചിത്രം കാന്താര. ഇന്ത്യയിലുടനീളം വൻ സ്വീകാര്യതയാണ് കാന്താരക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലും തരംഗമാകാൻ എത്തുകയാണ് കാന്താര. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തും.
ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. കെ.ജി.എഫിന് ശേഷം ഹോംബാലെ ഫിലിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് കാന്താര. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്തമി ഗൌഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 11 ദിവസം കൊണ്ട് കർണാടകത്തിൽ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോർട്ട്.
ഗീത ആർട്സ് മേധാവി അല്ലു അരവിന്ദ് ആണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തെ പുകഴ്ത്തി പ്രഭാസും രംഗത്തെത്തിയിരുന്നു. 'കാന്താര രണ്ടാം തവണയും കണ്ടു, എന്ത് അസാധാരണമായ അനുഭവമാണ്. മികച്ച കൺസെപ്റ്റും ത്രില്ലിങ് അനുഭവവും. നിർബന്ധമായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം,' എന്നാണ് പ്രഭാസ് സമൂഹ്യമാധ്യമത്തിൽ കുറിച്ചത്.