വിക്രമിൽ എന്തുകൊണ്ട് ദില്ലിയുടെ കൈ മാത്രം, മുഖമെവിടെ? വെളിപ്പെടുത്തി കാർത്തി
2019ൽ പുറത്തിറങ്ങിയ കൈതിയുടെ രണ്ടാം ഭാഗം അടുത്ത വർഷത്തോടെ ആരംഭിക്കുമെന്നാണ് കാർത്തി സൂചിപ്പിച്ചത്
മുന്‍ നിര താരങ്ങളെ അണിനിരത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. കമൽ ഹാസൻ നായകനായ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, നരേൻ എന്നിവര്‍ക്കൊപ്പം അതിഥി വേഷത്തില്‍ സൂര്യയുമെത്തിയിരുന്നു. ലോകേഷിന്‍റെ തന്നെ കൈതി എന്ന ചിത്രത്തിലെ ചില ഭാഗങ്ങളുടെ തുടർച്ചയായിരുന്നു വിക്രമിൽ പ്രേക്ഷകർ കണ്ടത്. കൈതിയില്‍ നടന്‍ കാര്‍ത്തി അവതരിപ്പിച്ച ദില്ലി എന്ന കഥാപാത്രത്തെയും വിക്രമില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ദില്ലിയുടെ മുഖം ചിത്രത്തില്‍ കാണിച്ചിരുന്നില്ല, പകരം കൈ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക. ഇപ്പോഴിതാ വിക്രമില്‍ നേരിട്ട് പ്രത്യക്ഷപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാര്‍ത്തി.
വിക്രമിൽ മുഖം കാണിക്കാതിരുന്നതിനുള്ള പ്രധാനകാരണം തന്‍റെ ലുക്കായിരുന്നെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. പൊന്നിയിൻ സെൽവന്റെ തിരക്കിലായിരുന്നതിനാല്‍ തനിക്ക് നീണ്ട മുടിയുണ്ടായിരുന്നു. എന്നാല്‍, 'സർദാർ' എന്ന സിനിമ ചെയ്യാൻ അത് മുറിച്ചു. താടിയൊക്കെ ഷേവ് ചെയ്തു. അതിനാല്‍ വിക്രമിനുവേണ്ടി ദില്ലിയുടെ ലുക്കിലേക്ക് മാറാന്‍ സാധിച്ചില്ലെന്നും കാര്‍ത്തി പറഞ്ഞു. പുതിയ ചിത്രമായ 'വിരുമന്റെ' പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് കാര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, 2019ല്‍ പുറത്തിറങ്ങിയ കൈതിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്നും കാര്‍ത്തി സൂചിപ്പിച്ചു. വിക്രമില്‍ സൂര്യ അവതരിപ്പിച്ച റോളെക്‌സ് ദില്ലിക്കൊപ്പം കൈതി രണ്ടാം ഭാഗത്തില്‍ വരുമോയെന്ന് അറിയില്ല, വിജയുമായുള്ള ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും ലോകേഷ് കൈതി രണ്ടാം ഭാഗം തുടങ്ങുകയെന്നും കാര്‍ത്തി പറഞ്ഞു.
2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് വിരുമന്‍. മുത്തയ്യയാണ് ചിത്രം സംവിധാനം ചെയ്തത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ അതിഥി ശങ്കറാണ് നായിക. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാജ് കിരണ്‍, പ്രകാശ് രാജ്, സൂരി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രം അഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും.