ദിലീപിന് ലൂക്കിന്റെ സ്‌നേഹസമ്മാനം; ആസിഫ് അലിക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി
നേരത്തെ റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു
റോഷാക്ക് സിനിമയുടെ വിജയത്തിൽ നടൻ ആസിഫ് അലിക്ക് റോളെക്‌സ് വാച്ച് സമ്മാനിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ആസിഫ് അലിക്ക് സമ്മാനം നൽകുന്നതിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. റോഷാക്ക് വിജയാഘോഷ വേദിയിലെ നടൻ ദുൽഖർ സൽമാന്‍റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. നേരത്തെ റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു.
നെഗറ്റീവ് ഷെയ്ഡുള്ള ആസിഫ് അലി കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ റെസ്പെക്ട് ചെയ്യണം. അയാൾക്ക് ഒരു കയ്യടി വേറെ കൊടുക്കണം എന്നാണ് മമ്മൂട്ടി ആസിഫ് അലിയെ പ്രശംസിച്ച് പറഞ്ഞത്. ''മനുഷ്യന്റ ഏറ്റവും എക്സ്പ്രെസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകൾക്ക് മനസിലായത്. അത്രത്തോളം ആ നടൻ കണ്ണ് കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾക്കെല്ലാം വികാരം പ്രകടിപ്പിക്കാൻ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കിൽ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ''- മമ്മൂട്ടി കൂട്ടിച്ചേർത്തു.
നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്കിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹതയാണ്. കഥാപാത്രങ്ങൾ കടന്നുപോകുന്നത് അതിസങ്കീർണമായ അവസ്ഥയിലൂടെയുമാണ്. പേടി തോന്നും വിധത്തിലുള്ള അപരിചിതത്വം നിറഞ്ഞ ലൂക്ക് ആന്റണിയായി പുതിയൊരു മമ്മൂട്ടിയെ റോഷാക്കിൽ കണ്ടു. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന അഭിനയമാണ് ബിന്ദു പണിക്കർ കാഴ്ചവെച്ചത്. ജഗദീഷുമായുള്ള കോംബിനേഷൻ സീനിൽ ബിന്ദു പണിക്കരുടെ ഡയലോഗും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദർഭങ്ങളിൽ ഗ്രേസ ആന്റണിയും മികച്ചു നിന്നു. സഞ്ജു ശിവറാം, ജഗദീഷ്, ഷറഫുദ്ദീൻ, മണി ഷൊർണൂർ, കോട്ടയം നസീർ ഇവരെല്ലാം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. റിയാസ്, ശ്രീജ രവി, കീരിക്കാടൻ ജോസ്, ഗീതി സംഗീത, ജിലു ജോസഫ്, ജോർഡി പൂഞ്ഞാർ, സീനത്ത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.