'മഹേഷും മാരുതിയും' ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ
1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്
കുടുംബചിത്രങ്ങൾ എന്നും ചർച്ചയാകുന്നത് ഒരു ചെറിയ ഇടവേളക്ക് ശേഷം ആണ്. ആ പതിവ് മഹേഷും മാരുതിയും തെറ്റിച്ചില്ല. ഫീൽഗുഡ് സിനിമകളുടെ ശ്രേണിയിൽപ്പെടുത്താവുന്ന മഹേഷും മാരുതിയും ശ്രദ്ധ നേടുന്നത് അതിലെ വൈകാരിക മൂഹൂർത്തങ്ങൾ കുടുംബങ്ങള്‍ക്ക് ഏറ്റെടുത്തതുകൊണ്ടാണ്. വാഹനങ്ങളോട് ഒരു അഭിനിവേശം ഉള്ളവര്‍ക്ക് ഗൃഹാതുരത്വം പകരുന്ന, പ്രചോദനം നല്‍കുന്ന നിമിഷങ്ങളുള്ളതുകൊണ്ട് വൈകാരികമായി ഏറെ ഇഷ്ടപ്പെടുന്ന നിമിഷങ്ങളാണ് ഈ ചിത്രത്തെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ചിട്ടുള്ളത്.
1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മഹേഷെന്ന യുവ വ്യവസായിയുടെ വിജയഗാഥയുടെ ഫ്ലാഷ്ബാക്കാണ് കഥ. ആ കഥ മഹേഷിന്‍റേത് മാത്രമല്ല, മാരുതിയുടെയും കൂടി ആകുന്നു, ഒപ്പം ഗൗരിയുടേയും. ആസിഫ് അലിയുടെ സ്വതസിദ്ധമായ നിഷ്‍കളങ്ക ശൈലിയിലെ അഭിനയമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. പഴയ കാലഘട്ടത്തിലെ കടകളും തെരുവും പുഴയും ജങ്കാറും എല്ലാം കൂടി നല്ലൊരു ദൃശ്യവിരുന്നും ചിത്രം നല്‍കുന്നു. ആസിഫ് അലിയും മമത മോഹൻദാസും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നതും ചിത്രത്തിന്‍റെ ആകർഷണമാണ്. പുതുമുഖ നടനായ വിജയ് നെല്ലിസ്, പ്രേംകുമാർ, മണിയൻപിള്ള രാജു എന്നിവരുടെ അഭിനവ മികവും എടുത്തു പറയേണ്ടതാണ്.
മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സും, വി എസ് എൽ ഫിലിം ഹോസ് എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സേതു ആണ്.