ശ്വാസം നിലയ്ക്കുംവരെ അഭിനയം തുടരും; പക്ഷേ പത്തോ പതിനഞ്ചോ വര്‍ഷത്തിനപ്പുറം ആളുകളെന്നെ ഓര്‍ക്കുമോ?-മമ്മൂട്ടി

''എം.ടി വാസുദേവന്‍ നായരുമായുള്ള ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയായിരുന്നു വഴിത്തിരിവായത്. അദ്ദേഹത്തിന് എന്നില്‍ താല്‍പര്യം തോന്നുകയും നടനാകണമെന്ന എന്റെ ആഗ്രഹം തിരിച്ചറിഞ്ഞ് എനിക്കൊരു അവസരം തരികയുമായിരുന്നു.''

Update: 2024-05-31 11:41 GMT
Editor : Shaheer | By : Web Desk

മമ്മൂട്ടി

Advertising

കോഴിക്കോട്: ശ്വാസം നിലയ്ക്കുംവരെ അഭിനയം തുടരുമെന്ന് നടന്‍ മമ്മൂട്ടി. സിനിമാലോകത്തുനിന്നു മാറിനില്‍ക്കണമെന്ന് ഒരുകാലത്തും തോന്നിയിട്ടില്ല. ആയിരക്കണക്കിനു നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒന്നോ പത്തോ പതിനഞ്ചോ വര്‍ഷം വരേയൊക്കെയേ ആളുകള്‍ നമ്മെ ഓര്‍ത്തിരിക്കൂ. അതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനാകില്ലെന്നും മമ്മൂട്ടി പറഞ്ഞു.

യു.എ.ഇ പൗരനും ലോകപ്രശസ്ത യൂട്യൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ ഖാലിദ് അല്‍അമീരിക്കു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സുതുറന്നു സംസാരിച്ചത്. അഭിനയം നിര്‍ത്തണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല; ചിന്തിക്കുകയുമില്ല. ഇതുവരെയും എനിക്ക് തളര്‍ച്ച വന്നിട്ടില്ല. അങ്ങനെ തോന്നുന്നത് എന്റെ അവസാനശ്വാസത്തിലാകും. ക്ഷീണിച്ചാല്‍ ഒന്നോ രണ്ടോ ദിവസം വിശ്രമമെടുക്കാമെന്ന് ആലോചിക്കാറുണ്ട്. അതിനുശേഷം വരാന്‍ പോകുന്ന സിനിമയെ കുറിച്ചുള്ള ആലോചനകളിലായിരിക്കും. അതാണ് തനിക്ക് ആശ്വാസം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ഇല്ലാതെ എനിക്കു ജീവിതമില്ല. സിനിമയാണ് എന്റെ ജീവിതം. സിനിമയില്‍ സംഭവിക്കുന്നതെല്ലാം എന്റെ ജീവിതത്തെയും ബാധിക്കും. സിനിമാ ലോകത്തുനിന്ന് ഒരിക്കലും പിന്മാറണമെന്ന് തോന്നിയിട്ടില്ല. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമല്ല, സിനിമ തന്നെയാണ് എന്റെ ജീവിതം. നമ്മള്‍ മരിക്കുമ്പോഴേ ഇതിനോടൊക്കെയുള്ള അഭിനിവേശവും അവസാനിക്കൂ-മമ്മൂട്ടി പറഞ്ഞു.

താങ്കളെ ലോകം എങ്ങനെ ഓര്‍ക്കണമെന്നാണ് ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ വികാരനിര്‍ഭരമായ മറുപടി ഇങ്ങനെയായിരുന്നു:

''എത്രകാലം അവരെന്നെ ഓര്‍ക്കും? ഒരു വര്‍ഷം, അല്ലെങ്കില്‍ പത്തു വര്‍ഷം, അതുമല്ലെങ്കില്‍ 15 വര്‍ഷം. അതും കഴിഞ്ഞാല്‍ തീര്‍ന്നു. ലോകാവസാനം വരെ ആളുകള്‍ നമ്മെ ഓര്‍ത്തിരിക്കണമെന്നു പ്രതീക്ഷിക്കാനാകില്ല. ആര്‍ക്കും ആ ഭാഗ്യമുണ്ടാകില്ല. മഹാരഥന്മാരെ പോലും അധികമാരും ഓര്‍ത്തിരിക്കാറില്ല. വളരെ ചുരുക്കം പേരെ മാത്രമേ ആളുകള്‍ അങ്ങനെ ഓര്‍ത്തിരിക്കുന്നുള്ളൂ.

ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തിനപ്പുറം എങ്ങനെ അവരെന്നെ ഓര്‍ത്തിരിക്കും? ചിലപ്പോള്‍ പത്തോ പതിനഞ്ചോ വര്‍ഷമൊക്കെ ഓര്‍ത്തെന്നു വരാം. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍. അതുമല്ലെങ്കില്‍ 15 വര്‍ഷത്തിലൊരിക്കല്‍. അത്തരം പ്രതീക്ഷകളൊന്നുമില്ല. ഈ ലോകം വിട്ടുപോയാല്‍ എങ്ങനെ നാം നമ്മെക്കുറിച്ച് അറിയാനാണ്.''

ഇതു വിനയമല്ലെന്നും യാഥാര്‍ഥ്യമാണെന്നും താരം സൂചിപ്പിച്ചു. യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വിനയാന്വിതനാകേണ്ട ആവശ്യമില്ല. തങ്ങളെ ലോകം എന്നും ഓര്‍ത്തിരിക്കുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍, വളരെ ചുരുക്കം പേര്‍ മാത്രമാണ് എന്നും ഓര്‍മിക്കപ്പെടാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബൈ മാധ്യമങ്ങളാണ് തനിക്ക് ആദ്യമായി 'മെഗാസ്റ്റാര്‍' എന്ന പേരു തരുന്നതെന്നും അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തി. 1987ല്‍ ഒരു ഷോയ്ക്കു വേണ്ടിയാണ് ആദ്യമായി ദുബൈ സന്ദര്‍ശിക്കുന്നത്. അന്നാണ് എനിക്ക് 'മെഗാസ്റ്റാര്‍' വിശേഷണം കിട്ടുന്നത്. ദുബൈ മാധ്യമങ്ങളാണ്, ഇന്ത്യയിലെ ആരുമല്ല എന്നെ ആദ്യമായി അങ്ങനെയൊരു പേരില്‍ വിളിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബൈയില്‍ എത്തുന്നു എന്നാണ് അന്നവര്‍ എഴുതിയത്.

ജനങ്ങള്‍ സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടും തരുന്ന ഒരു വിശേഷണം മാത്രമാണത്. ഞാനത് ഉള്ളിലേക്ക് എടുക്കുകയോ ആസ്വദിക്കുന്നു പോലുമില്ല. മമ്മൂക്ക എന്ന വിളി കേള്‍ക്കാനാണ് ഏറ്റവും ഇഷ്ടമെന്നും മമ്മൂട്ടി തുറന്നുപറഞ്ഞു.

എം.ടി വാസുദേവന്‍ നായരാണ് തനിക്ക് സിനിമയിലേക്കുള്ള വഴിതുറന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏഴോ എട്ടോ വയസ് പ്രായത്തില്‍ ആദ്യമായി സിനിമ കാണുന്ന അന്നുതൊട്ടു തന്നെ സിനിമാമോഹമുണ്ട്. സിനിമാലോകത്ത് എത്തുന്നതുവരെ ആ അഭിനിവേശം തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനാകുകയും വിവാഹം കഴിക്കുകയുമെല്ലാം ചെയ്ത ശേഷമാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്.

എം.ടി വാസുദേവന്‍ നായരുമായുള്ള ഒരു അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നു വഴിത്തിരിവായത്. ഞാന്‍ അന്ന് അദ്ദേഹവുമായി സംസാരിക്കുകയും അദ്ദേഹത്തിന് എന്നില്‍ താല്‍പര്യം തോന്നുകയും ചെയ്തു. അങ്ങനെ നടനാകണമെന്ന എന്റെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അദ്ദേഹം എനിക്കൊരു അവസരം തരുന്നത്. അതാണ് എല്ലാത്തിന്റെയും തുടക്കം. ഭാര്യയോട് ആദ്യമായി വിഷയം സംസാരിച്ചപ്പോള്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. അവള്‍ എന്നെ സ്‌നേഹിക്കുന്നതുകൊണ്ട് സ്വാഭാവികമായും എന്റെ ഇഷ്ടങ്ങളെയും അവള്‍ ഇഷ്ടപ്പെടും. സിനിമയിലുള്ള കഴിഞ്ഞ 42 വര്‍ഷവും അവള്‍ എന്നെ സഹിക്കുകയാണ്.

ഇത്രയും കാലം അഭിനയലോകത്ത് തുടരുന്നതിനു പിന്നില്‍ മാന്ത്രികവാക്യങ്ങളോ രഹസ്യത്താക്കോലുകളോ രഹസ്യങ്ങളോ ഒന്നുമില്ല. എന്ത് അവസരം കിട്ടിയാലും ഞാന്‍ നന്നായും ആത്മാര്‍ഥമായും അധ്വാനിക്കും. അതിലപ്പുറം കൂടുതല്‍ വിശദീകരണങ്ങളൊന്നും എന്റെ പക്കലില്ല. ദൈവാനുഗ്രഹവും എന്റെ കഠിനാധ്വാനവുമാകാം കാരണം. ഒരു പരിധിവരെ എന്റെ ഇത്തിരി പ്രതിഭയുമുണ്ടാകാം.

Full View

തുടക്കത്തിലാണ് ഒരു വര്‍ഷം 30 സിനിമയൊക്കെ ചെയ്തിരുന്നത്. അന്ന് പ്രധാന വേഷങ്ങളിലൊന്നുമായിരുന്നില്ല. ഒരു തുടക്കം കിട്ടാനായി കിട്ടിയ അവസരങ്ങളെല്ലാം ഞാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഓരോ സിനിമയും എനിക്ക് ആശങ്കയും റിസ്‌കുമാണ്. ഓരോന്നിനോടും ആദ്യ സിനിമ പോലെയാണ് ഞാന്‍ സമീപിക്കുന്നത്. ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ ദിവസം ഷൂട്ടിനു പോകുമ്പോഴും കാമറക്കു മുന്നിലെത്തുമ്പോഴുമെല്ലാം ആ ഭയാശങ്ക തനിക്കുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Summary: ''I will continue acting until I stop breathing; But will people remember me after ten or fifteen years later?'': Says Mammootty

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News