മഞ്ഞുമ്മൽ ബോയ്സ് ലോഡിങ്...; പ്രീ ബുക്കിങ്ങിൽ മികച്ച പ്രതികരണം, ഇതുവരെ നേടിയത്

വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Update: 2024-02-21 14:14 GMT
Advertising

നാളെ തിയറ്ററുകളിലെത്തുന്ന ചിത്രം മഞ്ഞുമ്മൽ ബോയ്സിന് പ്രീ ബുക്കിങ്ങിൽ മികച്ച പ്രതികരണം. ഇന്ന് രാവിലെയാണ് ചിത്രത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചത്. വെറും അഞ്ചര മണിക്കൂര്‍ കൊണ്ട് വിറ്റത് 54,222 ടിക്കറ്റുകളാണെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഇതിലൂടെ 85 ലക്ഷമാണ് ചിത്രം നേടിയതെന്നും റിപ്പോർട്ടുകളുണ്ട്.  

വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യു.കെയില്‍ ഇന്നലെ തന്നെ 11 ല്‍ അധികം ഹൗസ്‍ഫുള്‍ ഷോകള്‍ പ്രീ റിലീസ് ബുക്കിങ്ങിലൂടെ ചിത്രത്തിന് ലഭിച്ചിരുന്നു. 

ജാൻ-എ-മൻ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതനായ ചിദംബരമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധാനം. യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ‌ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ചിദംബരം തന്നെയാണ് തയ്യാറാക്കിയത്. 

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. യാത്രയെയും യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ യാത്രാനുഭവത്തോടൊപ്പം വേറിട്ട കഥാപശ്ചാത്തലവും സമ്മാനിക്കും. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്യുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News