നിഷാദ് യൂസഫിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി; അന്തിമോപചാരം അര്‍പ്പിച്ച് പ്രിയപ്പെട്ടവര്‍
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നിഷാദിനെ പനമ്പള്ളി നഗറിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി: നിഷാദ് യൂസഫിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്നലെ വരെ ചിരിച്ചും കളിച്ചും കുശലം പറഞ്ഞും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവനാണ് ഒന്നും പറയാതെ വിട പറഞ്ഞുപോയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നിഷാദിനെ പനമ്പള്ളി നഗറിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാറുന്ന മലയാള സിനിമയുടെ സമകാലിക ഭാവുകത്വം നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു നിഷാദ് യൂസഫ്. ഉണ്ട, സൗദി വെള്ളക്ക അടക്കം നിരവധി ചിത്രങ്ങള്‍ നിഷാദിന്‍റെ എഡിറ്റിങ്ങിലൂടെ പുറത്തുവന്നു. തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന്‍റെ എഡിറ്റിങ്ങിന് 2022ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു നിഷാദിന്‍റെ വിയോഗം. സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവ, മോഹന്‍ലാലിന്‍റെ തരുണ്‍ മൂര്‍ത്തി ചിത്രം തുടങ്ങി നിഷാദ് എഡിറ്റിങ്ങ് നിര്‍വഹിച്ച വമ്പന്‍ പ്രോജക്ടുകള്‍ റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദിന്‍റെ മരണം.
നടൻ ടോവിനോ, സംവിധായകരായ മഹേഷ് നാരായണൻ, ഖാലിദ് റഹ്മാൻ, തരുൺ മൂർത്തി തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. നിഷാദ് യൂസഫിന്‍റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു.