'ഭീകരർ' പരാമർശം കുത്തിപ്പൊക്കലിൽ വലഞ്ഞ് സായി പല്ലവി
രാമായണം സിനിമയിൽ സീതയായല്ല ശൂർപ്പണകയായാണ് നടി അഭിനയിക്കേണ്ടതെന്ന് കമൻ്റുകൾ
കൊച്ചി: ഈ മാസം അവസാനമാണ് ശിവകാർത്തികേയന്റെ അമരൻ സിനിമ റിലീസ് ചെയ്യുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന സിനിമയിൽ ശിവകാർത്തികേയന്റെ നായികയായി അഭിനയിക്കുന്നത് സായി പല്ലവിയാണ്. ഏറെ ഹൈപ്പോടുകൂടിയെത്തുന്ന സിനിമ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. എന്നാൽ സിനിമയുടെ ഹൈപ്പ് തിരിച്ചടിയായിരിക്കുകയാണ് നടി സായി പല്ലവിക്ക്. രണ്ടുവർഷം മുമ്പ് നടി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവന വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ഇന്റർനെറ്റ് ലോകം. 2022ൽ തന്നെ ഈ ഭാഗം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. എന്നാൽ സൈന്യവുമായി അനുബന്ധപ്പെട്ട അമരന്റെ റിലീസ് പ്രഖ്യാപിച്ചതോടുകൂടി വീണ്ടും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
'പാകിസ്താനിലെ ജനതയ്ക്ക് ഇന്ത്യൻ സേന ഒരു ഭീകരരാണ്, അവരുടെ കാഴ്ചപ്പാടിൽ അവരെ നമ്മളാണ് ഉപദ്രവിക്കുന്നത്, നമ്മൾക്ക് അവരോടും അങ്ങനെ തന്നെ തോന്നുന്നു. കാഴ്ചപ്പാട് വ്യത്യസ്തമാണ്, പക്ഷെ എനിക്ക് അക്രമം മനസിലാകുന്നില്ല' എന്നാണ് നടി പറഞ്ഞത്.
വീഡിയോ വീണ്ടും വൈറലായതോടെ സംഭവത്തിൽ നടിക്കെതിരെ വീണ്ടും അതിരൂക്ഷവിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. 'ഇന്ത്യ എന്നെങ്കിലും മറ്റൊരു രാജ്യത്തിന് മേൽ അധിനിവേശം നടത്താൻ ശ്രമിച്ചിട്ടുണ്ടോ? പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും എന്നും അതിർത്തി ആക്രമണങ്ങൾ നേരിടുകയല്ലേ ഇന്ത്യ ചെയ്തിട്ടുള്ളത്. പിന്നെ എന്തിനാണ് ഇന്ത്യൻ സേനയെ ഭീകരവാദികളായി ചിത്രീകരിക്കുന്നത്' എന്നാണ് ഒരാൾ എക്‌സിൽ വീഡിയോ പങ്കുവെച്ച് കുറിച്ചത്.
ഇന്ത്യ ഒരിക്കലെങ്കിലും പാകിസ്താനെ കടന്നാക്രമിച്ച ഒരു സംഭവം കാണിച്ചുതരാൻ സായി പല്ലവിയെ വെല്ലുവിളിച്ചും പലരും രംഗത്തുവന്നു. സമൂഹമാധ്യമങ്ങളിൽ Boycottsaipallavi എന്ന ഹാഷ്ടാഗും ഇതിനോടകം ട്രെൻഡിങ്ങായിക്കഴിഞ്ഞു.
അഭിമുഖത്തിന്റെ ഭൂരിഭാഗവും നടി പറയുന്നത് സമൂഹത്തിൽ നടക്കുന്ന വർഗീയ ആക്രമണങ്ങളെക്കുറിച്ചും സമൂഹത്തിൽ വേണ്ട സമാധാനത്തെക്കുറിച്ചുമാണ്. കശ്മീർ ഫയൽസ് സിനിമയുടെ അടിസ്ഥാനത്തിൽ കശ്മീരി പണ്ഡിറ്റുകളുട് വംശഹത്യയെക്കുറിച്ചും പശുക്കടത്താരോപിച്ച് മുസ്‌ലിം ഡ്രൈവറെ ഗോസംരക്ഷകർ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചും സായ് പല്ലവി താരതമ്യം ചെയ്ത് സംസാരിക്കുന്നുണ്ട്. ആക്രമണമല്ല സമാധാനമാണ് വേണ്ടത് എന്നാണ് സായ് പല്ലവി അവസാനം പറഞ്ഞുവെക്കുന്നത്.
വൈറലായ അഭിമുഖത്തിൽ പ്രതികരണുമായി സായ് പല്ലവി 2022ൽ തന്നെ രംഗത്തുവന്നിരുന്നു. താൻ രണ്ടുവട്ടം ചിന്തിച്ച് മാത്രമേ ഇനി സംസാരിക്കുകയുള്ളു, താൻ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു' എന്നാണ് സായ് പല്ലവി സംഭവത്തെക്കുറിച്ച് പറഞ്ഞത്.
വരാനിരിക്കുന്ന രാമായണം സിനിമയിൽ സീതയായി അഭിനയിക്കുന്നത് സായ് പല്ലവിയാണ്. എന്നാൽ സീതയായല്ല രാക്ഷസ കഥാപാത്രമായ ശൂർപ്പണകയായാണ് സായ് പല്ലവി അഭിനയിക്കേണ്ടതെന്നും വൻതോതിൽ കമന്റുകൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സായ് പല്ലവിയെ പിന്തുണച്ചും വൻതോതിൽ ആളുകൾ രംഗത്തുവരുന്നുണ്ട്. 'രണ്ടു വർഷം മുമ്പുള്ള അഭിമുഖം കുത്തിപ്പൊക്കി സായ് പല്ലവിയുടെ വാക്കുകൾ വളച്ചൊടിച്ച് ഹിന്ദുത്വവാദികളും തീവ്രദേശീയവാദികളും നാടകം കളിക്കുകയാണ്' എന്നും . 'ആളുകളുടെ കാഴ്ചപ്പാടിനെക്കുറിച്ചാണ് സായ് പല്ലവി പറഞ്ഞത് സൈന്യത്തെ അവർ അധിക്ഷേപിച്ചിട്ടില്ലെന്നും സത്യം അറിഞ്ഞ് പ്രതികരിക്കൂ' എന്നും കമന്റുകളുണ്ട്.
ഈയടുത്ത് ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് മേജർ മുകുന്ദ് വരദരാജന് സായ് പല്ലവി ആദരാജ്ഞലി അർപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് സിനിമയുടെ പ്രമോഷനായി അഭിമുഖത്തിന്റെ ഡാമേജ് കൺ് നടത്താൻ നടി സ്വീകരിച്ച നടപടിയാണെന്നും വിമർശനമുയർന്നിട്ടുണ്ട്.
സായ് പല്ലവിക്കെതിരായുയരുന്ന വിമർശനം അമരൻ, രാമായണം തുടങ്ങി സായ് പല്ലവിയുടെ വരാനിരിക്കുന്ന സിനിമകളെയും ബാധിക്കുമോ എന്ന ചർച്ചകളും ഉയരുന്നുണ്ട്.