സഹോദരനെതിരെ 100 കോടിയുടെ അപകീര്‍ത്തി കേസുമായി നവാസുദ്ദീന്‍ സിദ്ദിഖി
സോഷ്യല്‍ മീഡിയയില്‍ പരസ്പരം ചെളിവാരിയെറിയരുതെന്ന് ഇരുവര്‍ക്കും ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി
മുംബൈ: സഹോദരനെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. സഹോദരന്‍ ഷംസുദ്ദീന്‍ സിദ്ദിഖി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരാതി. 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ചെളിവാരിയെറിയരുതെന്ന് ഇരുവര്‍ക്കും ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ആർ.ഐ ചഗ്ലയാണ് നിർദേശം നൽകിയത്.
സൗഹാർദപരമായ ഒത്തുതീർപ്പിന് ശ്രമിക്കാന്‍ മെയ് 3ന് സഹോദരന്മാരോട് അവരുടെ അഭിഭാഷകർക്കൊപ്പം ജഡ്ജിയുടെ ചേംബറിൽ ഹാജരാകാൻ നിര്‍ദേശം നല്‍കി. മുൻ ഭാര്യ സൈനബിന്‍റെ പേരും നവാസുദ്ദീൻ സിദ്ദിഖി പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവരും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ആ മാനനഷ്ടക്കേസ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് നവാസുദ്ദീൻ സിദ്ദിഖിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നവാസുദ്ദീൻ സിദ്ദിഖിയും മുൻ ഭാര്യയും തമ്മിൽ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നത്. സമാനമായ ചര്‍ച്ച നവാസുദ്ദീനും ഷംസുദ്ദീനുമിടയില്‍ നടക്കും. നവാസുദ്ദീന്‍ സിദ്ദിഖി 'ബലാത്സംഗം ചെയ്യുന്നയാളും പീഡകനും' ആണെന്ന അപകീർത്തികരമായ പോസ്റ്റുകൾ ഷംസുദ്ദീൻ സിദ്ദിഖി നീക്കം ചെയ്താൽ മാത്രമേ ചര്‍ച്ച ആരംഭിക്കൂ എന്ന് അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് പരസ്പരം അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ ഇരുവരും നടത്തരുതെന്ന് കോടതി നിര്‍ദേശം നല്‍കിയത്.
രണ്ട് മക്കള്‍ എവിടെയാണെന്ന് വെളിപ്പെടുത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് നവാസുദ്ദീൻ സിദ്ദിഖി മുന്‍ ഭാര്യ സൈനബിനെതിരെ കോടതിയെ സമീപിച്ചത്. മക്കളെ തന്നെ അറിയിക്കാതെയാണ് ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും ഇരുവരുടെയും പഠനം തടസ്സപ്പെട്ടെന്നും നവുാസുദ്ദീന്‍ ആരോപിച്ചു. കുട്ടികൾ ദുബൈയിലേക്ക് മടങ്ങുമെന്ന് സൈനബ് കോടതിയെ അറിയിച്ചതോടെയാണ് ഈ പ്രശ്നത്തിന് പരിഹാരമായത്.
Summary- The Bombay High Court today directed Bollywood actor Nawazuddin Siddiqui and his brother Shamasuddin not to post or upload any remarks against each other on social media in light of efforts to amicably resolve issues between them