ഷൈന്‍ ടോം ചാക്കോയെ തൂക്കിയെടുത്ത് ദളപതി; ബീസ്റ്റിലെ മാസ്റ്റർ സീനിന് അടിക്കുറിപ്പ് തേടി നെറ്റ്ഫ്ലിക്സ്, പൊങ്കാലയിട്ട് നെറ്റിസണ്‍സ്
വന്‍ ഹൈപ്പില്‍ ഇറങ്ങിയ ചിത്രമായിരുന്നെങ്കിലും ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ബീസ്റ്റിന് കഴിഞ്ഞില്ല
ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ വിജയ് ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13നാണ് സിനിമ തിയറ്ററുകളിലെത്തിയത്. വന്‍ ഹൈപ്പില്‍ ഇറങ്ങിയ ചിത്രമായിരുന്നെങ്കിലും ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ബീസ്റ്റിന് കഴിഞ്ഞില്ല. വീരരാഘവന്‍ എന്ന റോ ഏജന്‍റായിട്ടാണ് വിജയ് എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്‍റെ ചിത്രം പുറത്തുവിട്ടുകൊണ്ട് അടിക്കുറിപ്പ് തേടിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്‍റെ ട്വിറ്റർ പേജ്. സിനിമയിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന തീവ്രവാദിയെ കാലുകളും കൈകളും കൂട്ടിക്കെട്ടി ബാഗുപോലെ തൂക്കിയെടുത്തുകൊണ്ടുവരുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അടിക്കുറിപ്പ് തേടിയിരിക്കുന്നത്. ട്വീറ്റ് പങ്കുവച്ചതേ ഓര്‍മയുള്ളൂ..പിന്നെ കമന്‍റുകളുടെ പെരുമഴയായി. രസകരമായ കമന്‍റുകളിലൂടെ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ് നെറ്റിസണ്‍സ്. ഈ വര്‍ഷം കണ്ട ഏറ്റവും മോശം ചിത്രം, വേസ്റ്റ്, അച്ഛന്‍ ഞായറാഴ്ചകളില്‍ ചിക്കന്‍ വാങ്ങിക്കൊണ്ടു വരുന്നത് ഇങ്ങനെയാണ്..എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
നെല്‍സണ്‍ ദിലീപ് കുമാറായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ തീവ്രവാദികൾ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ചിത്രം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല എന്നായിരുന്നു പ്രധാന വിമര്‍ശം. വിജയ് സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധ പുലർത്തണമെന്നും തിരക്കഥയിലെ പോരായ്മ മനസിലാക്കാനുള്ള വിവേകം കാണിക്കണമെന്നും ആരാധകരും വിമർശകരും പാലിക്കണമെന്നും സംവിധായകർ ഇത്തരം സീനുകൾ ഒഴിവാക്കാൻ ബുദ്ധി പ്രയോഗിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
Caption this. pic.twitter.com/slirk1JAsS
— Netflix India South (@Netflix_INSouth) August 6, 2022