പാലഭിഷേകം പാടില്ല, അതി രാവിലെ ഷോ വേണ്ട; തുണിവിനും വാരിസിനും തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍
താരങ്ങളുടെ വലിയ ബാനറുകളും കട്ട് ഔട്ടുകളും തിയറ്ററുകള്‍ക്ക് പുറത്ത് സ്ഥാപിക്കുന്നതിനും ഉത്തരവില്‍ നിയന്ത്രണങ്ങളുണ്ട്
വിജയ് നായകനായ വാരിസ്, അജിത് നായകനായ തുണിവ് എന്നിവയ്ക്ക് പതിവില്ലാത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ജനുവരി 11നാണ് ഇരു സിനിമകളും സംസ്ഥാനത്ത് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ചിത്രങ്ങളുടെ അതി രാവിലെയുള്ള ഷോകള്‍ക്ക് അനുമതി നല്‍കരുതെന്നും നടന്മാരുടെ ചിത്രങ്ങള്‍ക്കും കട്ട് ഔട്ടുകള്‍ക്കും മേല്‍ പാലഭിഷേകം നടത്താന്‍ അനുവദിക്കരുതെന്നും തമിഴ്‌നാട് സിനിമാ, ജലസേചന ജോയിന്‍റ് കമ്മീഷണർ എസ് സെന്താമരൈ ഉത്തരവിട്ടു.
സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും ജനുവരി ഒമ്പതിനാണ് എസ് സെന്താമരൈ ഉത്തരവ് അയച്ചത്. ജനുവരി 13,14,15,16 തിയതികളില്‍ മാത്രമാകും നിയന്ത്രണങ്ങള്‍ ബാധമാകുകയെന്നും ഉത്തരവിലുണ്ട്. എന്നാല്‍ ഈ ദിവസങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്‍റെ കാരണം വ്യക്തമല്ല. താരങ്ങളുടെ വലിയ ബാനറുകളും കട്ട് ഔട്ടുകളും തിയറ്ററുകള്‍ക്ക് പുറത്ത് സ്ഥാപിക്കുന്നതിനും ഉത്തരവില്‍ നിയന്ത്രണങ്ങളുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച തുകക്ക് മേല്‍ ടിക്കറ്റിന് ഈടാക്കുന്നുണ്ടെങ്കിലും തിയറ്ററില്‍ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ കൂടുതല്‍ തുക ചോദിച്ചാലും പൊലീസ് അറിയിക്കണമെന്നും ഉത്തരവ് വിശദമാക്കുന്നു.
ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളി ആണ് 'വാരിസ്' സംവിധാനം ചെയ്തിരിക്കുന്നത്. വളർത്തച്ഛന്‍റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്‍റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്‍മിക മന്ദാനയാണ് വാരിസിലെ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ്. തമിഴിലും തെലുഗിലുമായിട്ടാണ് സിനിമ എത്തുക.
അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'തുണിവ്'. അജിത്തിന്‍റെ മിന്നുന്ന ആക്ഷന്‍ പ്രകടനവും മലയാളത്തിന്‍റെ ലേഡി സുപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ സ്റ്റൈലന്‍ ആക്ഷന്‍ രംഗവും ചേര്‍ന്ന സിനിമയുടെ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് 'തുണിവ്'. ആദ്യ ചിത്രം ധനുഷ് നായകനായ 'അസുരന്‍' ആയിരുന്നു. 'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന 'തുണിവ്' പാന്‍ ഇന്ത്യന്‍ റിലീസായാണ് പുറത്തിറക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.