ബഹിഷ്‌കരണാഹ്വാനം ഒത്തില്ല; പഠാൻ ആഗോളതലത്തിൽ 235 കോടി കടന്നു
നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്
ബോക്‌സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. 235 കോടി പിന്നിട്ട് ചിത്രം ആഗോളതലത്തിൽ മുന്നേറുകയാണ്. നിലവിൽ പ്രതിസന്ധി നേരിടുന്ന ബോളിവുഡിന് പഠാന്റെ റെക്കോർഡ് വിജയം തുണയായിരിക്കുകയാണ്.
പ്രേക്ഷകരെ വൻതോതിൽ തിയറ്ററുകളിലെത്തിക്കാൻ ഷാരൂഖിന് കഴിഞ്ഞിട്ടുണ്ട്. ആഘോഷപൂർവമാണ് ആരാധകർ പഠാനെ വരവേറ്റത്. ജനുവരി 26 ന് ചിത്രം ഇന്ത്യയിൽ 70 കോടി രൂപയ്ക്ക് അടുത്തെത്തി. അതേസമയം, പഠാന്റെ തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾ 2 മുതൽ 3 കോടി രൂപ വരെ നേടിയിട്ടുണ്ട്. പഠാന്റെ ലോകമെമ്പാടുമുള്ള മൊത്തം ബോക്സ് ഓഫീസ് കളക്ഷൻ ആദ്യ ദിനം 100 കോടി കവിഞ്ഞിരുന്നു
പഠാൻ 2 ദിവസത്തിനുള്ളിൽ 235 കോടി കടന്നുവെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററീലൂടെ അറിയിച്ചത്. രാജ്യത്തുടനീളം 8000 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം പഠാന്റെ ഒ.ടി.ടി വിതരണാവകാശത്തിനായി നൽകിയത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരുഖ് ഖാൻ വെള്ളിത്തിരയിൽ തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഗാനത്തിൽ ദ്വീപിക പദുകോൺ ധരിച്ച ബിക്കിനിക്ക് കാവിനിറമാണെന്ന പേരിൽ സംഘപരിവാർ പ്രവർത്തകർ ബഹിഷ്‌കരണാഹ്വാനങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും പഠാനെ ബാധിച്ചില്ലെന്നാണ് കളക്ഷനുകൾ വ്യക്തമാക്കുന്നത്.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം മൂവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് പഠാൻ. സിദ്ധാർത്ഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യാഷ് രാജ് ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. വിശാൽ-ശേഖർ എന്നിവർ ചേർന്ന്് പഠാന്റെ സംഗീതം ഒരുക്കിയപ്പോൾ സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്ന് ഈണം പകർന്നു