ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; സന്തോഷം പങ്കിട്ട് ദിവ്യപ്രഭയും കനിയും

പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ചരിത്രപ്രസിദ്ധമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു

Update: 2024-12-21 07:01 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: കാനിൽ ചരിത്രമെഴുതിയ ഇന്ത്യൻ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ബരാക് ഒബാമയുടെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിലും. മുൻ യുഎസ് പ്രസിഡന്റിന്റെ 2024ലെ മികച്ച പത്തു സിനിമകളുടെ കൂട്ടത്തിൽ ഒന്നാമതായാണ് പായൽ കപാഡിയ ചിത്രം ഇടംപിടിച്ചത്.

ഈ വർഷം താൻ നിർദേശിക്കുന്ന ഏതാനും ചിത്രങ്ങൾ എന്നു പറഞ്ഞാണ് ഒബാമ സോഷ്യൽ മീഡിയയിൽ സിനിമാ പട്ടിക പോസ്റ്റ് ചെയ്തത്. ജർമൻ-ആസ്ട്രിയൻ സംവിധായകന്റെ 'കോൺക്ലേവ്', അമേരിക്കൻ സംവിധായകൻ മാൽക്കം വാഷിങ്ടണിന്റെ 'ദി പിയാനോ ലെസൺ', ഡാനിഷ് സംവിധായകൻ നിക്കോളജ് ആർസെലിന്റെ 'ദി പ്രോമിസ്ഡ് ലാൻഡ്', ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫിന്റെ 'ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്', കനേഡിയൻ സംവിധായകൻ ഡെനിസ് വില്ലെന്യൂവിന്റെ 'ഡ്യൂൺ: പാർട്ട് ടൂ', അമേരിക്കൻ സംവിധായകൻ സീൻ ബേക്കറിന്റെ 'അനോറ', തായ്‌വാനീസ്-അമേരിക്കൻ സംവിധായകൻ സീൻ വാങിന്റെ 'ഡിഡി', അമേരിക്കൻ സംവിധായകൻ ജെയിംസ് മാംഗോൾഡിന്റെ 'എ കംപ്ലീറ്റ് അൺനോൺ' എന്നിവയാണ് പട്ടികയിലുള്ള മറ്റു ചിത്രങ്ങൾ.

ഒബാമയുടെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഉൾപ്പെട്ടതിൽ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയും സന്തോഷം രേഖപ്പെടുത്തി. മുൻ യുഎസ് പ്രസിഡന്റ് ഞങ്ങളുടെ സിനിമ ഇഷ്ടപ്പെടുന്നുവെന്ന് ദിവ്യപ്രഭ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ അംഗീകാരത്തിനും സ്‌നേഹത്തിനും ഏറെ നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

കാൻ ചലച്ചിത്ര മേളയിൽ ചിത്രത്തിന് ഗ്രാൻഡ് പ്രിക്‌സ് കാൻ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ അംഗീകാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ സംവിധായികയാണ് പായൽ കപാഡിയ. സിനിമ ഗോൾഡൻ ഗ്ലോബ് നോമിനേഷനും നേടിയിട്ടുണ്ട്. ഗോഥം പുരസ്‌കാരത്തിൽ ബെസ്റ്റ് ഇന്റർനാഷനൽ ഫീച്ചർ അവാർഡ് സ്വന്തമാക്കി. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം അവാർഡും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

Summary: Payal Kapadia's 'All We Imagine as Light' tops Barack Obama's favourite films of 2024

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News