‘രാഹുൽ മസ്തിഷ്ക ആഘാതത്തെ തുടർന്ന് ആശുപത്രിയിലായപ്പോൾ ബില്ലടച്ചത് സല്‍മാന്‍, എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’; പ്രിയങ്ക റോയി
2020ൽ ലഡാക്കിൽ വെച്ചു നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രാഹുലിന് ബ്രെയിൻ സ്ട്രോക്ക് സംഭവിച്ചു.
മുബൈ: ‘ആഷിഖി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ റോയ് 2020 ല്‍ മസ്തിഷ്ക ആഘാതത്തെ തുടർന്ന് ആശുപത്രിയിലായത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ആപത്ത് ഘട്ടത്തിൽ സൽമാൻ ഖാൻ സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ രാഹുൽ റോയിയും സഹോദരി പ്രിയങ്ക റോയിയും. ഓൺലെെൻ ചാനലായ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2020ൽ ലഡാക്കിൽ വെച്ചു നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രാഹുലിന് ബ്രെയിൻ സ്ട്രോക്ക് സംഭവിച്ചു. അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ ആശുപത്രിയില്‍ ഐസിയുവില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു രാഹുല്‍. ചികിത്സക്ക് ഒരുപാട് പണം ആവശ്യമായി വന്നു. സൽമാനോട് സഹായം അഭ്യർഥിച്ചു. അദ്ദേഹം പൂർണ്ണ മനസോടെ ബില്ല് അടക്കുകയായിരുന്നു. വിളിച്ച് സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും എല്ലാവിധ സഹായവും ചെയ്യുകയും എന്തു സഹായം വേണമെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്നും പറഞ്ഞു. അദ്ദേഹം ഒരിക്കലും ഇക്കാര്യം ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഒരു രത്നമാണ് പ്രിയങ്ക പറഞ്ഞു.
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മനുഷ്യത്വം എന്നു വിളിക്കുന്നത് ഇതിനെയാണ്. സല്‍മാന്റെ സഹായം തന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. ക്യാമറയ്ക്കു മുന്നില്‍ മാത്രമല്ല അദ്ദേഹം താരമാകുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
സൽമാൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് നടനെ കുറിച്ച് പലരും പറഞ്ഞു പരത്തുന്നുണ്ട്. എന്നാൽ എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹം വളരെ നല്ല വ്യക്തിയാണ്. ആരോഗ്യസ്ഥിതി തൃപ്തികരമായതിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട ആവശ്യമുണ്ടെങ്കിൽ സമീപിക്കാനും സഹോദരിയോട് അദ്ദേഹം പറഞ്ഞിരുന്നു രാഹുൽ പറഞ്ഞു.