ഗോധ്ര, സവർക്കർ, ആർട്ടിക്കിൾ 370...; തെരഞ്ഞെടുപ്പുകാലത്തെ പ്രൊപഗണ്ട സിനിമകൾ
ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുള്ള നിരവധി സിനിമകളാണ് തീയേറ്ററുകളിലെത്തിയതും അണിയറയിൽ ഒരുങ്ങുന്നതും.
പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വഴിയൊരുക്കാൻ പ്രൊപഗണ്ട സിനിമകളുടെ നീണ്ടനിര. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുള്ള നിരവധി സിനിമകളാണ് തീയേറ്ററുകളിലെത്തിയതും അണിയറയിൽ ഒരുങ്ങുന്നതും. ആക്സിഡന്റ് ഓർ കോൺസ്പിറസി ഗോധ്ര, സ്വതന്ത്ര വീർ സവർക്കർ, ദി സബർമതി റിപ്പോർട്ട്, റസാകർ, ആർട്ടിക്കിൾ 370, മേം അടല്‍ ഹൂം... ഇങ്ങനെ നീളുന്നു പട്ടിക.
2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വെ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന് തീപിടിച്ച് 59 പേര്‍ മരിച്ച സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് 'ആക്സിഡന്റ് ഓർ കോൺസ്പിരസി: ഗോധ്ര’, ‘ദി സബർമതി റിപ്പോർട്ട്’ എന്നീ സിനിമകൾ. ഗോധ്ര ട്രെയിൻ തീപിടിത്തത്തിന് പിന്നിലെ ‘യഥാർഥ കഥകൾ’ പുറത്തുകൊണ്ടുവരുന്നുവെന്നായിരുന്നു ചിത്രങ്ങൾ അവകാശപ്പെട്ടത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഹൈദരാബാദിലെ അർധ സൈനിക വിഭാഗമായ റസാകർമാർ നടത്തിയ ‘ഹിന്ദു വംശഹത്യ’യുടെ കഥ പറയുന്ന ചിത്രമാണ് ‘റസാക്കർ; ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്’. ബി.ജെ.പി നേതാവ് ഗുണ്ടൂര്‍ നാരായണ റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്. ഹിന്ദു പലായനത്തിന്റെ കഥ പറയുന്ന 'ആഖിർ പലായൻ കബ് തക്' എന്ന ചിത്രമാണ് മറ്റൊന്ന്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള സിനിമയാണ് ‘ആർട്ടിക്കിൾ 370’. ഫെബ്രുവരി 23-നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ആദിത്യ സുഹാസ് ജംഭാലെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇൻ്റലിജൻസ് ഓഫീസറുടെ വേഷത്തിൽ യാമി ഗൗതം എത്തുന്ന ചിത്രത്തിൽ പ്രിയാമണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയിരുന്നു.
നടൻ രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'സ്വാതന്ത്ര്യ വീർ സവർക്കർ'. സവർക്കറെ വീരനായകനായി അവതരിപ്പിക്കുന്നതാണ് സിനിമ. സവർക്കർക്കെതിരായ പ്രചാരണങ്ങളെ തകർക്കുന്നതാകും ചിത്രമെന്നാണ് ഹൂഡയുടെ അവകാശവാദം. മാർച്ച് 22നാണ് സ്വതന്ത്ര വീർ സവർക്കർ തിയറ്ററിലെത്തുന്നത്.
വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎൻയു: ജഹാംഗീര്‍ നാഷണൽ യൂണിവേഴ്സിറ്റി’ എന്ന സിനിമയാണ് മറ്റൊന്ന്. ഉർവശി റൗട്ടേല, സിദ്ധാർത്ഥ് ബോഡ്കെ, പിയൂഷ് മിശ്ര, റഷമി ദേശായി, സൊണാലി സെയ്ഗാൾ, രവി കിഷൻ, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഏപ്രിൽ 15നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
‘JNU’ FIRST POSTER OUT… 5 APRIL RELEASE… Behind closed walls of education brews a conspiracy to break the nation.#SiddharthBodke, #UrvashiRautela, #PiyushMishra, #RaviKishan, #VijayRaaz, #RashmiDesai, #AtulPandey and #SonnalliSeygall star in #JNU: #JahangirNationalUniversity.… pic.twitter.com/u3EHcOG7pc
— taran adarsh (@taran_adarsh) March 12, 2024
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം പറയുന്ന 'മേം അടൽ ഹൂൻ' 2024 ജനുവരിയിലായിരുന്നു റിലീസ് ചെയ്തത്. നടൻ പങ്കജ് ത്രിപാഠിയായിരുന്നു ചിത്രത്തിൽ വാജ്പേയിയായി വേഷമിട്ടത്. മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഉല്ലേഖ് എന്‍.പി.യുടെ ‘ദി അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷന്‍ ആന്‍ഡ് പാരഡോക്‌സ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.
വിവാദചിത്രം 'ദി കേരള സ്റ്റോറി'ക്ക് ശേഷം സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബസ്തർ; ദ നക്സൽ സ്റ്റോറി'. ഇന്ത്യയുടെ അമ്പത് വര്‍ഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ദി കേരള സ്റ്റോറിയിലെ നായിക അദ ശർമ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. ചിത്രം മാർച്ച് 15ന് തിയേറ്ററുകളിലെത്തും.
2014ന് ശേഷമുള്ള പൊതുതെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ സിനിമ ആയുധമാക്കിയുള്ള പ്രചാരണ തന്ത്രം വളരെ വ്യക്തമാണ്. ബി.ജെ.പിയുടെ ആശയപ്രചാരണത്തിനാണ് ഇത്തരം സിനിമകൾ പുറത്തിറങ്ങുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുമുണ്ട്. ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക്, ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ, ദ കശ്മീർ ഫയൽസ്, ദ കേരള സ്റ്റോറി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.