പ്രതിഷേധങ്ങള്‍ മനോഹരമായ പാട്ടുകളാണ് റഷീദിനും സാദിഖിനും
30 സെക്കൻഡ് ആണ് ഓരോ പാട്ടുകളുടെയും ദൈർഘ്യം. പാട്ടെഴുതുന്നതും ഈണം നൽകുന്നതും പാടുന്നതും എല്ലാം ഒരുമിച്ച് തന്നെ.
എന്തും ഏതും മനോഹര പാട്ടുകളാക്കി മാറ്റുന്ന രണ്ട് പേരുണ്ട്, മലപ്പുറം മോങ്ങം സ്വദേശി റഷീദും, രാമനാട്ടുകര സ്വദേശി സാദിഖ് ഹുദവിയും. വെറുതെ എന്തെങ്കിലും പാടുകയല്ല, ആനുകാലിക വിഷയങ്ങളിലുള്ള പ്രതിഷേധവും, നിലപാടും, അഭിപ്രായവുമാണ് ഇവരുടെ പാട്ടുകൾ.
''കുത്തന വെല ഉയരണ് പെട്രോള്
ഞമ്മള് നോക്ക് ചിരിക്കണ് ട്രോള്
ഭരണക്കാര്‍ക്കിത് നല്ലൊരു കോള്
ഞമ്മളെ മര്‍മത്തില്‍ കടിക്കണ തേള്
ഇത് വല്ലാത്തൊരു ചതി ഗുലുമാല്
ഹലാക്കിന്‍റെ ഗതിക്കെട്ട് പിടിച്ചൊരു പുലിവാല്''
പെട്രോൾ വില വർധനവിനെതിരെയുള്ള പ്രതിഷേധമാണ്. ഇത് മാത്രമല്ല, ആനുകാലിക വിഷയങ്ങൾ ഏതായാലും അഭിപ്രായവും നിലപാടും രണ്ടു പേർക്കും ഗാനങ്ങളാണ്. സമീപ കാലത്തുയർന്ന സ്ത്രീധന പീഡന വിഷയത്തിലും പാട്ടിലൂടെ ഈ സുഹൃത്തുക്കൾ പ്രതിഷേധമറിയിച്ചു .
''സ്ത്രീയാണ് ധനം എന്ന് നിങ്ങളോര്‍ക്കണം
സ്ത്രീധനം ഈ നാട്ടില്‍ നിന്നകറ്റണം
സ്ത്രീധനം കൊടുത്തു വിറ്റിടല്ലേ പെണ്ണിനെ
തുണ്ട് കയറില്‍ തീരുവാന്‍ വിടല്ലേ ജീവനെ
ചിലരുണ്ട് സ്വത്തിലാര്‍ത്തി മൂത്ത കഴുതകള്‍
ചിരി തന്ന് കൊന്ന് തിന്ന് പോകും പാപികള്‍''
പ്രത്യേക ദിനങ്ങളായാലും ഈ സുഹൃത്തുക്കൾക്ക് അത് പാട്ടാണ്. ലഹരിവിരുദ്ധ ദിനവും ഗാനമാക്കി റഷീദും സാദിഖ് ഹുദവിയും.
''കള്ളുകുടിച്ചിട്ട് ലക്ക് കെട്ട് നിന്‍റെ ബോധം കളയണ്ട
ആരും തിരിഞ്ഞ് നോക്കാത്ത കോലത്തിലായിട്ട് മാനം കളയണ്ട
കഞ്ചാവ് അടിച്ചിട്ടും സിസറ് വലിച്ചിട്ടും ആളാവാന്‍ നോക്കണ്ട
നാലാണ് കൂടണ നേരത്ത് കുട്ടുകാരുമൊത്ത് ചുണ്ടില്‍ തിരുകണ്ട''
കോവിഡ് കാല പ്രതിസന്ധികളും ശ്രദ്ധേയമായ പാട്ടാക്കി മാറ്റി .
''റോഡൊഴിഞ്ഞു നാടൊഴിഞ്ഞു ആകെ മൊത്തം ലോക്ക്
ജോലി കൂലിയില്ല വീട്ടില് ആകെ മൊത്തം പ്രാക്ക്
കയ്യിലൊറ്റ കാശുമില്ല കീശ കാലി ചാക്ക്
കൊറോണ കൊണ്ട് ആപ്പിലായി പടച്ചവനേ കാക്ക്''
30 സെക്കൻഡ് ആണ് ഓരോ പാട്ടുകളുടെയും ദൈർഘ്യം. പാട്ടെഴുതുന്നതും ഈണം നൽകുന്നതും പാടുന്നതും എല്ലാം ഒരുമിച്ച് തന്നെ. തങ്ങളൊരു പ്രതിഷേധമായിട്ടാണ് ഇത് തുടങ്ങിയത് എന്ന് ഇരുവരും പറയുന്നു.
സമകാലിക വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന നിലയില്‍ ചില പാട്ടുകള്‍ പരസ്പരം എഴുതി പാടിനോക്കുകയായിരുന്നു. അത് രസകരമായി.. ആളുകള്‍ ഏറ്റെടുത്തു... ഓരോ വിഷയം വരുമ്പോഴും ഇങ്ങനെ പാട്ട് എഴുതും.. സ്വന്തം സംഗീതമൊക്കെ കൊടുത്ത് പാടിനോക്കും.. അങ്ങനെ അത് ഇന്‍സ്റ്റയിലും വാട്സ്ആപ്പിലും ഒക്കെ വൈറലായി... റഷീദും സാദിഖ് ഹുദവിയും പറയുന്നു.