ട്രാക്ക് മാറ്റിയോ പുഷ്പ ദി റൂൾ ?
നാഷണൽ അവാർഡിൽ ഹൈ കിട്ടിയതുകൊണ്ടാണോ എന്നറിയില്ല, മറ്റൊരു അവാർഡിന് വേണ്ട എല്ലാം, അതായത് ഭരണകൂടത്തെ പ്രീതിപ്പെടുത്താനുള്ളതെല്ലാം പുഷ്പയിൽ ചേർത്തിട്ടുണ്ട്
മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അതിഗംഭീര സ്വീകരണത്തോടെയാണ് പുഷ്പ ദി റൂൾ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു വർഷം മുൻപ് പുറത്തിറങ്ങിയ വേർ ഈസ് പുഷ്പ എന്ന ആദ്യ ടീസർ മുതൽ സെൻസേഷനലായ, രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ചാണ് പുഷ്പ തിയേറ്ററിലെത്തിയത്.
റിലീസിന് മുൻപ് തന്നെ ഇത്രയും ക്രൗഡ് പുള്ളിങ് സാധ്യമാക്കിയ ചിത്രത്തിന് കേരളത്തിലും വർണ്ണാഭമായ സ്വീകരണമാണ് ലഭിച്ചത്. പതിവ് പോലെ 4 മണിക്ക് ഫാൻഷോകൾ ആരംഭിച്ചു. എന്നാൽ മൂന്നു മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പ്രേക്ഷകരെ അത്രയും നേരം സീറ്റിൽ പിടിച്ചിരുത്താൻ പാടുപെടുന്നുണ്ട്. പുഷ്പ ഒന്നാം ഭാഗത്തിന് ആരാധകർ നൽകിയ സ്വീകാര്യതയും ട്രെയ്‌ലറും ടീസറും കാണാൻ എത്തിയ ജനസാഗരവും, പ്രീ ബുക്കിംഗ് സെയിൽ കണക്കുകളും ചിത്രത്തിന് പ്രതീക്ഷയുടെ അമിതഭാരം സൃഷ്ടിച്ചിരുന്നു എന്നത് വാസ്തവമാണ്.എങ്കിലും അതിനോട് നീതിപുലർത്താത്ത വിധം ട്രാക്ക് മാറ്റി പുഷ്പ 2.
പുഷ്പയുടെ ആദ്യ ഭാഗം പറഞ്ഞു വെക്കുന്ന കഥയുടെ തുടർച്ച തന്നെയാണ് രണ്ടാം ഭാഗവും. പുഷ്പയും, ബൻവാർ സിങ് ഷെഖാവത്തും തമ്മിലുള്ള പോരാട്ടവും ഏറ്റുമുട്ടലുകളുമാണ് കഥയെ ഒരു പരിധിവരെയും മുന്നോട്ടു കൊണ്ടുപോകുന്നത്. ആദ്യഭാഗത്തിൽ പുഷ്പയാൽ ഇൻസൾട്ട് ചെയ്യപ്പെടുന്ന ബൻവാർ സിങ് അയാളുമായൊരു തുറന്ന ഏറ്റുമുട്ടലിനൊരുങ്ങുന്നതും അവർ തമ്മിലുണ്ടാകുന്ന ഈഗോ ക്ലാഷുകളും രസകരമായി തന്നെ സിനിമ അവതരിപ്പിക്കുന്നു. ഇന്റന്സ് ആയൊരു ഇന്റർവെൽ ബ്ലോക്കും പ്രേക്ഷകർക്കൊരു ഹൈ നൽകുന്നുണ്ട്. അവിടെ കഥ ഉപേക്ഷിക്കുന്ന കോൺഫ്ലിക്റ്റിനെ നായകൻ മറികടക്കാൻ ശ്രമിക്കുന്നതും വില്ലൻ അതിനു തടയിടുന്നതുമായ ത്രില്ലിംഗ് രംഗങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരുപക്ഷെ അവിടെ അവസാനിച്ചിരുന്നെങ്കിലും ഒന്നും സംഭവിക്കാനില്ലായിരുന്ന ചിത്രം ഈ പറഞ്ഞ കഥയെ വഴിയിൽ ഉപേക്ഷിച്ച് മറ്റൊരു കഥയിലേക്ക് പ്രവേശിക്കുകയാണ്. തീർത്തും നാടകീയമായ ഈ സ്റ്റാൻഡ് എലോൺ സെഗ്മെന്റിലെ ആക്ഷൻരംഗങ്ങൾപോലും അതിനാടകീയമാണ്. ആക്ഷനും, ഡാൻസും, ത്രില്ലിംഗ് പോയിന്റുകളും ഒരു അല്ലു അർജുൻ - സുകുമാർ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാവുന്ന തന്നെയാണ്. അവിടെ പല ഡാൻസ് സ്വീകൻസുകളുടെയും, നായികമാരുടെയും ആവശ്യകത ചോദ്യം ചെയ്യുന്നത് യുക്തിയല്ലെന്ന് തോന്നുന്നു.
ഫഹദ് ഫാസിലിന്റെ കഥാപാത്രം പുഷ്പയിൽ അതി ഗംഭീരമായിട്ടുണ്ട് എന്നാണ് റിലീസിനും മുമ്പ് തന്നെ അല്ലു അർജുൻ പറഞ്ഞത്. ആദ്യ ഭാഗത്തിൽ അയാൾ സമ്മാനിച്ചതും അത്തരമൊരു ഇമേജ് ആണ്. പക്ഷെ ആവേശത്തിലും കുമ്പളങ്ങി നെറ്റ്‌സിലുമൊക്കെ മലയാളികൾ കണ്ടുശീലിച്ച പ്രകടനം മാത്രമാണ് ഫഫയിൽ നിന്നുമുണ്ടായത്. ഹൈപ്പർ ആക്റ്റീവ് ആയ, സെൻസിറ്റീവായൊരു വില്ലനാകുമ്പോഴും രംഗണ്ണനിൽ നിന്നും പുറത്തുകടക്കാത്ത ഫഹദിനെ അവിടെ കാണാം. പവർഫുള്ളായ എതിരാളിയായി ഷെഖാവത്ത് ആഞ്ഞടിച്ചു തുടങ്ങിയപ്പോഴേക്കും എഴുത്തുകാരൻ സുകുമാർ തന്നെ അയാളെ ഹൈജാക്ക് ചെയ്തപോലെ തോന്നി. പുഷ്പയിൽ ഞാൻ എന്തെങ്കിലും മാജിക് കാണിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സുകു സാറിനോടുള്ള സ്‌നേഹം മാത്രമാണ് എനിക്ക് പുഷ്പ. അതിൽ കൂടുതൽ പുഷ്പയിൽ തനിക്കൊന്നും ചെയ്യാനില്ലെന്ന് ഫഹദ് തന്നെ മുൻപ് പറഞ്ഞിട്ടുമുണ്ട്.
നാഷണൽ അവാർഡിൽ ഹൈ കിട്ടിയതുകൊണ്ടാണോ എന്നറിയില്ല, മറ്റൊരു അവാർഡിന് വേണ്ട എല്ലാം, അതായത് ഭരണകൂടത്തെ പ്രീതിപ്പെടുത്താനുള്ളതെല്ലാം പുഷ്പയിൽ ചേർത്തിട്ടുണ്ട്. അതും കൃത്യമായ ഇടവേളകളിൽ. നായകൻ ചന്ദനക്കടത്തുകാരൻ ആണെങ്കിലും അയാൾക്ക് അകമഴിഞ്ഞ രാജ്യസ്‌നേഹമുണ്ട്. നെറ്റിയിൽ കുറിയിട്ട പോലീസ് ഉദ്യോഗസ്ഥരോട് ബഹുമാനവുമുണ്ട്. കൊമേർഷ്യൽ ഫാക്ടറുകളെയും ചിത്രം ചേർത്തുവെക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും വേണ്ട രീതിയിൽ പ്രേക്ഷകനോട് സംവദിക്കുകയോ ഇമോഷണലി കണക്ട് ആവുകയോ ചെയ്യുന്നില്ല.