'ഓട് ഓട് ആടേ... തെലുങ്ക് വേർഷൻ കേട്ടപ്പോൾ ആദ്യം പേടിച്ചു'; വിശേഷങ്ങളുമായി രാഹുൽ നമ്പ്യാർ

അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയുടെ മലയാളം പതിപ്പിനുവേണ്ടി രാഹുല്‍ നമ്പ്യാര്‍ പാടിയ ഗാനം റെക്കോഡുകള്‍ ഭേദിച്ച് തരംഗമാവുകയാണ്.

Update: 2021-08-16 14:59 GMT
Advertising

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ പുഷ്പ. അഞ്ചു ഭാഷകളിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങാനിരിക്കുന്ന പുഷ്പയുടെ ടീസർ തന്നെ പല ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയും റെക്കോഡാണ് തകർത്തത്. ഇതിനു പിന്നാലെ തരംഗം സൃഷ്ടിക്കുകയാണ് ചിത്രത്തിലെ ആദ്യ ഗാനം. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്തത്. ഇതിന്‍റെ മലയാളം പതിപ്പിൽ പാടിയിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ പ്രിയങ്കരനായ രാഹുൽ നമ്പ്യാരാണ്. പോക്കിരിയിലെ വസന്തമുല്ലൈ പോലെ വന്താല്‍, പയ്യയിലെ അടടാ മഴടാ, സ്നേഹവീടിലെ അമൃതമായി.. അങ്ങനെ അങ്ങനെ തെന്നിന്ത്യയിൽ വ്യത്യസ്ത ഭാഷകളിലായി 600ഓളം പാട്ടുകൾ പാടിയ രാഹുൽ നമ്പ്യാർ തന്റെ 'ഹിറ്റ്‌ ലിസ്റ്റിലെ' പുതിയ പാട്ടിന്റെ വിശേഷങ്ങളുമായി ചേരുന്നു.....


1) പ്രേക്ഷകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പുഷ്പയിലെ ആദ്യ ഗാനം പുറത്തിറങ്ങുന്നത്. രാഹുൽ നമ്പ്യാർ എന്ന ഗായകനെ പരാമർശിക്കാതെ തരംഗമാകുന്ന ഈ ഗാനത്തിന് പൂർണതയില്ല, എന്തു തോന്നുന്നു വീണ്ടും ഒരു ഹിറ്റ്‌ ഗാനത്തിന്റെ ഭാഗമായപ്പോൾ?

വളരെ സന്തോഷം, അല്ലു അർജുൻ ഇതുവരെ പ്രേക്ഷകർ കാണാത്ത ലുക്കിൽ എത്തുന്ന പുഷ്പയില്‍ വളരെ വ്യത്യസ്തമായൊരു പാട്ടാണ് ഓട് ഓട് ആടേ... ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതു തന്നെ ഭാഗ്യം. ഡി.എസ്.പി (ദേവി ശ്രീ പ്രസാദ് ) ക്കാണ് അതിനുള്ള നന്ദി പറയേണ്ടത്. തീർത്തും വ്യത്യസ്തമായ 'സിംഗിംഗ് എക്സ്പീരിയൻസാണ്' ഈ പാട്ട് തന്നത്. ഇതിനു മുൻപ് അല്ലു അർജുന് വേണ്ടി 'അങ്ങ് വൈകുണ്ഡപുരത്ത്' ('അല വൈകുണ്ഡ പുരമുലൂ') എന്ന സിനിമയിൽ തെലുങ്ക്, മലയാളം വേർഷൻ ഞാൻ പാടിയിട്ടുണ്ട്. അതൊരു റാപ്പ് സ്റ്റൈൽ ആയിരുന്നു. പക്ഷെ ഓട് ഓട് ആടേ, ഭയങ്കര വൈൽഡ് നേച്ചർ ഉള്ള പാട്ടാണ്. എന്റെ ശബ്ദത്തിൽ മോഡുലേഷൻസ് വരുത്തിയാണ് ഇത് പാടിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ശ്രമമായിരുന്നു. അതുകൊണ്ടു തന്നെ ഈ പാട്ട് ഇത്രയും വൈറലാകുമ്പോൾ വളരെ സന്തോഷം. ഒരുപാട് പേർ മെസ്സേജ് അയച്ചു. അഭിനന്ദിച്ചു. പുഷ്പ ടീം തന്നെ മലയാളം വേർഷൻ നന്നായെന്ന് പറഞ്ഞു. തെലുഗു പ്രേക്ഷകരും വളരെ ഇഷ്ടപ്പെട്ടെന്ന് പറയുന്നു.

2) എങ്ങനെയാണ് പുഷ്പയിലെത്തുന്നത്? ഓട് ഓട് ആടേയ്ക്ക് പിന്നാലെ ഇനിയും ഹിറ്റുകളുണ്ടോ ചിത്രത്തിൽ?

സംഗീത സംവിധായകൻ ഡി.എസ്.പി വഴി തന്നെയാണ് പുഷ്പയില്‍ അവസരം ലഭിച്ചത്. 'ഡിഫറന്‍റ്' സ്റ്റൈലിലുള്ള ഒരു പാട്ടാണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. പിന്നീട് തെലുങ്ക് വേർഷൻ കേൾപ്പിച്ചു. പക്ഷെ അപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി. കാരണം മലയാളം വളരെ 'മെലോഡിയസ്' ആയിട്ടുള്ള ഭാഷയാണല്ലോ, ഈ സ്റ്റൈൽ എങ്ങനെ മലയാളത്തിൽ കൊണ്ടുവരുമെന്നായിരുന്നു പേടി. എങ്ങനെ കടിച്ചു പിടിച്ച് പാടുമെന്നായിരുന്നു ചിന്ത... പക്ഷെ ഞാനതിനായി പരിപൂര്‍ണ ശ്രമം നടത്തി. പുഷ്പയിൽ തന്നെ ഇനിയും ഹിറ്റുകൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പക്ഷെ അത് യാഥാർഥ്യമാകുന്നതുവരെ അതേപ്പറ്റി പറയാൻ സാധിക്കില്ല.


3) വ്യത്യസ്‌ത ഭാഷകളിലായി ഒരുപാട് പേർക്ക് പ്രിയപ്പെട്ട അനവധി പാട്ടുകൾ പാടിയിട്ടുണ്ട്, എവിടെ നിന്നാണ് ഈ സംഗീത യാത്ര ആരംഭിക്കുന്നത്?

സൺ‌ ടിവിയിൽ സപ്തസ്വരങ്ങൾ എന്ന റിയാലിറ്റി ഷോയിൽ ഞാൻ വിന്നറായിരുന്നു. പക്ഷെ അന്നൊന്നും ഞാൻ മ്യൂസികിനെ അത്ര സീരിയസായി എടുത്തിരുന്നില്ല. പിന്നെ എന്റെ പഠനം പൂർത്തിയാക്കി, ജോലി ചെയ്തു. അക്കാലത്ത് ഞാൻ ഗായിക സുനിത സാരഥിക്കൊപ്പം നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് 2007ൽ വിജയ് ആന്റണി സാറിന് വേണ്ടി 'ഡിഷ്യൂം' എന്ന പടത്തിൽ പാടാൻ അവസരം കിട്ടുന്നത്. പിന്നെ ഇളയരാജ, വിദ്യാസാഗര്‍, മണി ശങ്കര്‍, യുവന്‍ ശങ്കര്‍ രാജ, തുടങ്ങി മികച്ച സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഇപ്പോൾ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നാലു ഭാഷകളിൽ 600ഓളം പാട്ടുകൾ പാടി. തെലുങ്കിലാണ് കൂടുതലും പാടിയിട്ടുള്ളത്. മലയാളത്തിൽ നൂറോളം പാട്ടുകൾ പാടിയിട്ടുണ്ട്. 

4) രാഹുൽ നമ്പ്യാർ എന്ന പിന്നണി ഗായകനെ അടയാളപ്പെടുത്തിയ പാട്ട് ഏതാണ്?

പോക്കിരിയിലെ വസന്തമുല്ലൈ പോലെ വന്താൽ... അതിൽ സംശയമില്ല. അതിനു ശേഷമാണ് ഞാൻ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത്. ഞാൻ ആ സമയത്ത് മണി ശർമ സാറിന്റെ സ്റ്റുഡിയോയിൽ കോറസ് പാടാനും മറ്റും പോകാറുണ്ട്. അങ്ങനെയാണ് വസന്തമുല്ലൈ പാടാൻ അവസരം കിട്ടുന്നത്. ആദ്യം ഒരു 'പൊറുക്കി' എങ്ങനെ പാടുമോ അതുപോലെ പാടാനും പിന്നെ മേലോഡിയസ് ആയി പാടാനുമൊക്കെ സർ പറഞ്ഞു. അങ്ങനെ പല സ്റ്റൈൽ പാടിപ്പാടിയാണ് അവസാനം 'വസന്തമുല്ലൈ' ഉണ്ടായത്. പക്ഷെ എന്‍റെ ഹിറ്റ്‌ ഗാനം വസന്ത മുല്ലൈ ആണെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് യുവന്‍ ശങ്കര്‍ രാജയ്ക്കു വേണ്ടി 'കട്ട്രത് തമിഴ്' എന്ന ചിത്രത്തില്‍ പാടിയ 'പറ പറ പട്ടാമ്പൂഞ്ചി' എന്ന പാട്ടാണ്. 


5) ഭാഷ പാട്ടിൽ വില്ലനാകാറുണ്ടോ? ഏത് ഭാഷയോടാണ് കൂടുതൽ പൊരുത്തപ്പെടാറുള്ളത്?

ഭാഗ്യവശാല്‍ എനിക്ക് അത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. സ്വദേശം കണ്ണൂര്‍ ജില്ലയാണെങ്കിലും പന്ത്രണ്ട് വര്‍ഷത്തോളം ഞാന്‍ ഡല്‍ഹിയിലായിരുന്നു. അതുകൊണ്ടു തന്നെ തെന്നിന്ത്യന്‍ ഭാഷകളുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വീട്ടില്‍ സംസാരിക്കുന്ന മലയാളം മാത്രമായിരുന്നു വശമുണ്ടായിരുന്നത്. എന്നിരുന്നാലും വരികള്‍ ആവര്‍ത്തിച്ച് കേട്ടും അര്‍ഥവും ഉച്ഛാരണവും മനസിലാക്കിയും കൂടുതല്‍ സമയം അതിനായി ചെലവഴിച്ചാണ് പാടുന്നത്. പാടിയതില്‍ മലയാളമാണ് ഏറ്റവും ബുദ്ധിമുട്ടുള്ളതായി തോന്നിയത്. ഹിന്ദി തന്നെയാണ് എനിക്ക് കൂടുതല്‍ വഴങ്ങുന്നത്. തമിഴൊക്കെ വളരെ വൈകിയാണ് ഞാന്‍ മനസിലാക്കിയത്. തെലുങ്കിലെ പല വാക്കുകളും ഹിന്ദിയുമായി അടുത്ത് നില്‍ക്കുന്നതായി തോന്നി. അതുകൊണ്ട് തെലുങ്ക് പാട്ട് പാടുന്നത് തന്നെയാണ് എനിക്ക് കൂടുതല്‍ എളുപ്പമായി തോന്നിയിട്ടുള്ളത്. പിന്നെ, പാട്ടു പാടാനാണ് ഇഷ്ടം അല്ലാതെ ഏത് ഭാഷ എന്നൊന്നില്ല.  

6) മികച്ച സംഗീത സംവിധായകർക്കൊപ്പം പാടാൻ സാധിച്ചിട്ടുണ്ടല്ലോ? ഇതിൽ, എന്നും ഓർമയിൽ നിൽക്കുന്ന റെക്കോർഡിങ് അനുഭവം എന്താണ്?

ഇളയരാജ സാറിനൊപ്പം പാടുന്നത് തന്നെയാണ് മറക്കാനാകാത്ത എന്നും ഓര്‍മിക്കാനാഗ്രഹിക്കുന്ന നിമിഷങ്ങള്‍. 2011ലാണ് ഞാന്‍ ഇളയരാജ സാറിനുവേണ്ടി ആദ്യത്തെ പാട്ട് പാടുന്നത്. ഞാന്‍ ശാസ്ത്രീയമായി സംഗീതം അധികകാലം പഠിച്ചിട്ടില്ല. എല്ലാം കേട്ടും കണ്ടും അറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ രാജ സാറിനൊപ്പം പ്രവര്‍ത്തിക്കാനാകുമെന്ന് കരുതിയിട്ടേ ഇല്ല. പക്ഷെ അദ്ദേഹത്തിനു വേണ്ടി പാട്ടുകള്‍ പാടാനും യു.എസിലും മറ്റും സ്റ്റേജ് ഷോകള്‍ ചെയ്യാനും സാധിച്ചു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും പറ്റിയിട്ടുണ്ട്. അതേസമയം, മണി ശര്‍മസാറാണ് എനിക്ക് സംഗീത യാത്രയില്‍ വഴികാട്ടി. അദ്ദേഹത്തെ ഒഴിച്ചു നിര്‍ത്താനാവുന്നതേയല്ല.


7)സൂപ്പർസ്റ്റാറുകൾ മിക്കവർക്കും വേണ്ടി പാടിയിട്ടുണ്ട്. ഇനി ആർക്കെങ്കിലും വേണ്ടി പാടണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? എന്തൊക്കെയാണ് പുതിയ പ്രൊജക്ടുകൾ? 

അങ്ങനെ ഞാന്‍ ആഗ്രഹിച്ചിട്ടില്ല, അതൊക്കെ വന്നു ചേരുന്നപോലെയാകട്ടെ. ഇതുവരെ വലുതായിട്ടൊന്നും ആഗ്രഹിച്ചിട്ടില്ല. അവസരങ്ങള്‍ കിട്ടുമ്പോള്‍ ഞാന്‍ ഇങ്ങെടുക്കും അത്രയേ ഉള്ളൂ. താരങ്ങളെക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് നല്ല പാട്ടുകള്‍ കിട്ടണമെന്നേയുള്ളൂ. അടുത്ത പ്രൊജ്ടുകള്‍ പലതും 'മക്ക' ബാന്‍റുമായി ബന്ധപ്പെട്ടാണ്. സൗഹൃദവും സംഗീതവും കൂടിച്ചേര്‍ന്ന് മറ്റൊരു അനുഭവമാണ് മക്ക. എനിക്കൊപ്പം എന്‍റെ അടുത്ത സുഹൃത്തുക്കളായ രഞ്ജിത്ത് ഗോവിന്ദ്, ആലാപ് രാജു എന്നിവരാണ് ബാന്‍റിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇനി സ്വാതന്ത്രമായി പാട്ടുകള്‍ കമ്പോസ് ചെയ്യുന്നതിനെപ്പറ്റിയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - ഹരിഷ്മ വടക്കിനകത്ത്

contributor

Similar News