മുഖം മറച്ച് രാജ്. ബി. ഷെട്ടി, അടുത്ത് അപർണ ബാലമുരളി; 'രുധിരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
രാജ്. ബി. ഷെട്ടി മലയാളത്തിൽ നായകനാവുന്ന ആദ്യ സിനിമയാണ് രുധിരം
കന്നഡ നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം' റിലീസിനൊരുങ്ങുന്നു. നവാഗതനായ ജിഷോ ലോൺ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. 'The axe forgets but the tree remembers' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
നിഗൂഢതയുണർത്തുന്ന രീതിയിൽ ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിൻറെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി. 'ഒണ്ടു മോട്ടേയ കഥേ', 'ഗരുഡ ഗമന ഋഷഭ വാഹന' എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രസിദ്ധിയാർജിച്ച രാജ്.ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉൾപ്പെട്ടയാളാണ്. മലയാളത്തിൽ 'ടർബോ'യിലും 'കൊണ്ടലി'ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു.
റൈസിങ് സൺ സ്റ്റുഡിയോസിൻറെ ബാനറിൽ വി.എസ്. ലാലനാണ് രുധിരം നിർമ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാലോകത്തെത്തിയ സംവിധായകൻ ജിഷോ ലോൺ ആൻറണി ഒട്ടേറെ പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോൺ ആൻറണി 'രുധിര'ത്തിൽ നിർവഹിക്കുമ്പോൾ അദ്ദേഹത്തിൻറെ സഹ രചയിതാവായി പ്രവർത്തിച്ചത് ജോസഫ് കിരൺ ജോർജാണ്.
'രുധിര'ത്തിൻറെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവൻ ശ്രീകുമാർ, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാർ, ആർട്ട്: ശ്യാം കാർത്തികേയൻ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, വി.എഫ്.എക്സ് സൂപ്പർവൈസർ: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിൻസെൻറ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർഡിനേറ്റർ: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.