പണം, പേര്,അധികാരം ഇരിക്കറവരുടെ കാലിൽ വീഴ ആവശ്യമില്ല; രജനീകാന്തിന്‍റെ പഴയ പ്രസംഗം വൈറല്‍
രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ് യോഗിയുടെ കാല്‍തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം
ചെന്നൈ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടു വന്ദിക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. രജനിയെക്കാള്‍ ഇരുപതിലേറെ വയസ് കുറഞ്ഞ് യോഗിയുടെ കാല്‍തൊട്ടുവന്ദിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അതിനിടയില്‍ മാതാ പിതാ ഗുരു എന്നിവരുടെ മാത്രം കാലില്‍ തൊട്ടുവണങ്ങാന്‍ പാടുള്ളുവെന്ന താരത്തിന്‍റെ പഴയ വീഡിയോയും വൈറലാകുന്നുണ്ട്.
പണം, പേര്,അധികാരം ഇരിക്കറവരുടെ കാലിൽ വീഴ ആവശ്യമില്ലെന്നാണ് രജനി പറയുന്നത്. അങ്ങനെയാണെങ്കില്‍ യോഗി താരത്തിന്‍റെ പിതാവോ ദൈവമോ ആണോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. വാക്കും പ്രവര്‍ത്തിയും വേറെയാണല്ലോ എന്നും ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേന്ത്യയുടെ അഭിമാനമായ താരം ഇപ്പോള്‍ അപമാനമായി മാറിയെന്നും ബി.ജെ.പിയുടെ അടിമയാണെന്നും പലരും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെട്ടു. രജനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശം ഉയരുമ്പോള്‍ നടന്‍ കമല്‍ഹാസന്‍റെ പ്രസംഗവും ചര്‍ച്ചയാകുന്നുണ്ട്. ‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമി ഒരു ദൈവത്തെ എന്‍റെ മുമ്പില്‍ കൊണ്ട് നിര്‍ത്തിയാല്‍ കൈകൊടുത്ത് സ്വീകരിക്കും, എന്നാലും കുമ്പിടില്ല,’ എന്നാണ് കമല്‍ പറഞ്ഞത്.
തന്‍റെ പുതിയ ചിത്രമായ ജയിലര്‍ ലഖ്നോവില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് എത്തിയത്. യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്‍റെ കാല്‍ തൊട്ടുവണങ്ങുകയായിരുന്നു. യോഗി ആദിത്യനാഥുമായി ചേർന്നു സിനിമ കാണാൻ ആഗ്രഹുമുണ്ട് എന്നും സിനിമയുടെ വലിയ വിജയം ദൈവത്തിന്‍റെ അനുഗ്രഹമായി കാണുന്നു എന്നും ലക്‌നൗവിലക്ക് തിരിക്കും മുൻപ് രജനികാന്ത് പറഞ്ഞിരുന്നു. എന്നാൽ ജയിലര്‍ സ്‌ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.
യുപിയിലെത്തിയ രജനി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും കണ്ടിരുന്നു. മൈസൂരുവിൽ എഞ്ചിനീയറിങ് പഠനകാലം മുതൽ രജനിയെ പരിചയമുണ്ടെന്നും കഴിഞ്ഞ ഒമ്പതു വർഷമായി തങ്ങൾ സുഹൃത്തുക്കളാണെന്നും അഖിലേഷ് പറഞ്ഞു.