വിഖ്യാത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു

തിങ്കളാഴ്ച നഗരത്തിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ഭാര്യ മിതാലി സിംഗ് അറിയിച്ചു

Update: 2022-07-19 03:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: വിഖ്യാത ഗായകന്‍ ഭൂപീന്ദര്‍ സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. വൻകുടലിലെ അർബുദവും കോവിഡുമായി ബന്ധപ്പെട്ട സങ്കീർണതകളും അദ്ദേഹത്തെ വലച്ചിരുന്നു. തിങ്കളാഴ്ച നഗരത്തിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ഭാര്യ മിതാലി സിംഗ് അറിയിച്ചു.

ഭൂപീന്ദറിനെ മൂത്രത്തിലെ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ''മൂത്രത്തിൽ അണുബാധയുണ്ടായിരുന്നതിനാൽ പത്തു ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രാത്രി 7.45 ഓടെയാണ് മരണം സംഭവിച്ചത്'' മിതാലി പി.ടി.ഐയോട് പറഞ്ഞു. അമൃത്സര്‍ സ്വദേശിയായ ഭൂപീന്ദറിന്‍റെ ഭാര്യ ബംഗ്ലാദേശുകാരിയാണ്. മിതാലിയും ഗായികയാണ്. ഒരു മകനുമുണ്ട്.

വെള്ളിത്തിരയിലെ ദശാബ്ദങ്ങൾ നീണ്ട യാത്രയ്ക്കിടെ, "ദോ ദിവാനെ ഷെഹർ മേ", "ഏക് അകേല ഈസ് ഷെഹർ മേ", "തോഡി സി സമീൻ തോഡ ആസ്മാൻ", "ദുനിയ ഛൂതേ യാർ ന ചൂതേ" തുടങ്ങിയ ഗാനങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടഗായകരുടെ പട്ടികയില്‍ ഇടംപിടിച്ചു. അഞ്ച് പതിറ്റാണ്ട് നീണ്ട തന്‍റെ കരിയറിൽ, മുഹമ്മദ് റാഫി, ആർ ഡി ബർമൻ, മദൻ മോഹൻ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ, ഗുൽസാർ മുതൽ ബാപ്പി ലാഹിരി വരെയുള്ള സംഗീതപ്രതിഭകള്‍ക്കൊപ്പം ഭൂപീന്ദർ സിംഗ് പ്രവർത്തിച്ചിട്ടുണ്ട്.

ഡല്‍ഹി ആകാശവാണിയിലൂടെയാണ് സിംഗിന്‍റെ കരിയര്‍ തുടങ്ങുന്നത്. ഒരു ഓൾ ഇന്ത്യ റേഡിയോ പാർട്ടിക്കിടെ സംഗീതസംവിധായകൻ മദൻ മോഹനെ കണ്ടപ്പോൾ അദ്ദേഹം ഭൂപീന്ദറിനെ ക്ഷണിക്കുകയായിരുന്നു. 1964-ൽ ചേതൻ ആനന്ദ് സംവിധാനം ചെയ്ത "ഹഖീഖത്" എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ അരങ്ങേറ്റം. മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവർക്കൊപ്പം "ഹോകെ മജ്ബൂർ മുജെ ഉസ്നെ ബുലായ ഹോഗാ" എന്ന ഗാനമാണ് സിംഗ് ആലപിച്ചത്. രണ്ട് വർഷത്തിന് ശേഷം ഖയ്യാം രചിച്ച "ആഖ്രി ഖത്" എന്ന ചിത്രത്തിലെ "റൂട്ട് ജവാൻ ജവാൻ രാത് മെഹർബാൻ" എന്ന പാട്ടാണ് ആദ്യത്തെ സോളോ ട്രാക്ക്. 1980-കളിൽ ഗായിക മിതാലിയെ വിവാഹം കഴിച്ചതിന് ശേഷം അദ്ദേഹം പിന്നണിഗാനരംഗത്തു നിന്നും മാറി. ഇരുവരും ചേര്‍ന്ന് സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി.

ഭൂപീന്ദറിനെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അനുശോചനം രേഖപ്പെടുത്തി. ''പ്രേക്ഷകര്‍ ആരാധിച്ച ശബ്ദത്തെയാണ് ഭൂപീന്ദറിന്‍റെ മരണത്തോടെ നഷ്ടമായതെന്ന്'' ഷിന്‍ഡെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഹർഷ്ദീപ് കൗർ, അങ്കുർ തിവാരി, സ്വാനന്ദ് കിർകിരെ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് ഗായകരും സംഗീതജ്ഞരും ഭൂപീന്ദറിന്‍റെ വിയോഗത്തില്‍ അനുശോചിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News