'രോമാഞ്ചം എനിക്ക് വര്‍ക്കായില്ല, പടം കാണാന്‍ ജനം ഒഴുകുന്നത് എന്തിനായിരിക്കും?'; ചോദ്യവുമായി എന്‍.എസ് മാധവന്‍

ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത രോമാഞ്ചം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ച് ഇപ്പോഴും തിയറ്ററുകളില്‍ മുന്നേറുകയാണ്

Update: 2023-03-03 13:17 GMT
Editor : ijas | By : Web Desk
Advertising

മോളിവുഡില്‍ വലിയ ചലനം സൃഷ്ടിച്ച 'രോമാഞ്ചം' സിനിമ തനിക്ക് വര്‍ക്കായില്ലെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. എന്‍റെ അനുഭവം കാര്യമാക്കേണ്ട. രോമാഞ്ചം കാണാന്‍ ജനം ഒഴുകുകയാണ്. അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതിനിടെ 'ചില മനുഷ്യര്‍ ഔട്ട് ഡേറ്റഡ് ആയതുകൊണ്ടാകും ഇഷ്ടമാകാത്തതെന്ന' എഴുത്തുകാരന്‍ അജയ് പി മങ്ങാട്ടിന്‍റെ പ്രതികരണത്തിന് ചിലപ്പോള്‍ 'കാലത്തിന് മുമ്പേ ജീവിക്കുന്നത് കൊണ്ടും ഇഷ്ടപ്പെടാതിരിക്കാം' എന്ന് എന്‍.എസ് മാധവന്‍ തിരിച്ചടിച്ചു.

ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത രോമാഞ്ചം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ച് ഇപ്പോഴും തിയറ്ററുകളില്‍ മുന്നേറുകയാണ്. 2 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇതിനോടകം കേരളത്തിൽ നിന്ന് നേടിയത് 30 കോടിയാണ്. 17 കോടി രൂപയാണ് വിദേശത്ത് നിന്ന് ലഭിച്ച കലക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം പുതിയ ചിത്രങ്ങളുടെ റിലീസ് രോമാഞ്ചത്തെ തെല്ലും തന്നെ ബാധിച്ചിട്ടില്ല. നവാഗതനായ ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി.എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിൻ ശ്യാമാണ് സംഗീതം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News