അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയ ശേഷം 'സിംപതി ക്യൂന്‍' എന്ന പരിഹാസം കേള്‍ക്കേണ്ടി വന്നു; സാമന്ത

എൻ്റെ അസുഖത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ നിർബന്ധിതയായി. ഞാൻ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ചെയ്തിട്ടുണ്ട്

Update: 2024-03-16 04:07 GMT
Editor : Jaisy Thomas | By : Web Desk

സാമന്ത

Advertising

ഹൈദരാബാദ്: 2022ലാണ് തന്നെ ബാധിച്ച മയോസിറ്റിസ് എന്ന രോഗത്തെക്കുറിച്ച് നടി സാമന്ത ആരാധകരോട് വെളിപ്പെടുത്തിയത്. രോഗബാധിതയായ ശേഷം നടി അഭിനയലോകത്ത് നിന്നും വിട്ടുനിന്നിരുന്നു. തന്‍റെ അസുഖത്തെക്കുറിച്ച് പറയാന്‍ താന്‍ നിര്‍ബന്ധിതയായി എന്നും അതിനു ശേഷം 'സിംപതി ക്യൂന്‍' എന്ന പരിഹാസം കേള്‍ക്കേണ്ടി വന്നതായും ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ നടി പറഞ്ഞു.

''എൻ്റെ അസുഖത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ നിർബന്ധിതയായി. ഞാൻ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ചെയ്തിട്ടുണ്ട്, അത് റിലീസിന് ഒരുങ്ങുകയാണ്, ആ സമയത്ത് എനിക്ക് വളരെ അസുഖമായിരുന്നു. ഞാൻ പുറത്തിറങ്ങാൻ തയ്യാറാകാത്ത സമയമായിരുന്നു അത്. പിന്നെ എന്നെക്കുറിച്ച് എല്ലാത്തരം കിംവദന്തികളും ഉണ്ടായിരുന്നു. ഞാൻ പ്രൊമോഷനുകൾ നടത്തണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം, അല്ലെങ്കിൽ ചിത്രം പരാജയപ്പെടും. അങ്ങനെ അഭിമുഖം നൽകാൻ തീരുമാനിച്ചു. അങ്ങനെയാണ് അസുഖത്തെ കുറിച്ച് പുറത്ത് പറയുന്നതും. കടുത്ത ഡോസുകളുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്ന സമയത്താണ് രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. നിവൃത്തിയുണ്ടെങ്കില്‍ ഞാനതിനെക്കുറിച്ച് പറയുമായിരുന്നില്ല'' സാമന്ത പറഞ്ഞു.

''എന്നാല്‍ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയതിനു ശേഷം വളരെയധികം പരിഹാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ആളുകള്‍ എന്നെ 'സിംപതി ക്യൂന്‍' എന്നു വിളിക്കാന്‍ തുടങ്ങി. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, ഒരു നടി എന്ന നിലയിലുള്ള എൻ്റെ യാത്ര, ഒരു മനുഷ്യനെന്ന നിലയിൽ, ഈ ബിസിനസിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എന്നെക്കുറിച്ച് ആരാണ് എന്താണ് പറഞ്ഞത്, എന്ത് ലേഖനം എഴുതിയെന്ന് ഞാൻ ഉറക്കമുണർന്ന് ചിന്തിക്കുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഞാൻ കരുതുന്നു, കൂടുതൽ ആളുകൾ എന്നെ കുറ്റപ്പെടുത്തിയാൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. നേരത്തെ ഞാൻ എൻ്റെ ഓരോ പ്രവൃത്തിയും വിലയിരുത്താൻ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ എന്നെക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചാൽ ഞാൻ കാര്യമാക്കുന്നില്ല. എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ അവര്‍ എന്നെ പ്രാപ്തരാക്കി'' സാമന്ത പറയുന്നു.

അതിനിടെ സാമന്തയുടെ ഹെല്‍ത്ത് പോഡ്‍കാസ്റ്റിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതും ചര്‍ച്ചയായി. ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നടിക്കെതിരെയുള്ള ആരോപണം. ആരോഗ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പോഡ്‍കാസ്റ്റിൽ നടി അതിഥികളായി ക്ഷണിക്കുന്നത്. ഇത്തരത്തിൽ അല്‍ക്കേഷ് സാരോത്രി എന്ന വ്യക്തി അതിഥിയായെത്തിയ കരളിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എപ്പിസോഡാണ് വിവാദങ്ങൾക്ക് കാരണമായത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News