സുദേവ് നായരുടെ പ്രകടനം തന്‍റേതിനെക്കാൾ മികച്ചു നിൽക്കുന്നു എന്ന തോന്നല്‍ ടൊവിനോക്കുണ്ടായി; വഴക്കില്‍ പുതിയ വെളിപ്പെടുത്തലുമായി സനല്‍കുമാര്‍ ശശിധരന്‍

സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഒരു ദിവസം ടോവിനോ എന്നെ വിളിച്ചു. സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു

Update: 2024-05-15 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

വഴക്ക് എന്ന സിനിമയുടെ വീമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയെത്തുടർന്ന് നീക്കം ചെയ്തതായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മൂന്നു വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി താൻ പോസ്റ്റിട്ടപ്പോൾ അസത്യങ്ങൾ നിറഞ്ഞ മറുപടിയുമായി ടോവിനോയും ഗിരീഷ് നായരും രംഗത്തുവന്നുവെന്നും അതുകൊണ്ടാണ് ലിങ്ക് പുറത്തുവിട്ടതെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം ചിത്രത്തിലെ നായകനായ ടൊവിനോ തോമസിനെതിരെയും സനല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ടൊവിനോക്ക് അപ്രിയമായ കാര്യങ്ങള്‍ പറഞ്ഞതിനു ശേഷം പിന്നീട് സിനിമ മുന്നോട്ടുപോയില്ലെന്നും സംവിധായകന്‍ ആരോപിക്കുന്നു.

സനല്‍കുമാര്‍ ശശിധരന്‍റെ കുറിപ്പ്

വഴക്കിന്‍റെ വീമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയെത്തുടർന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നു. പാരറ്റ്മൗണ്ട് പിക്ച്ചേഴ്സിനു വേണ്ടി ഗിരീഷ് നായർ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിനിമ ജനങ്ങളിൽ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന എന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിത്. മൂന്നു വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ പോസ്റ്റിട്ടപ്പോൾ അസത്യങ്ങൾ നിറഞ്ഞ മറുപടിയുമായി ടോവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നു. സിനിമ ആരും വിതരണം ചെയ്യാൻ തയ്യാറല്ല എന്നതാണ് കാരണമായി പറഞ്ഞത്. അങ്ങനെയാണെങ്കിൽ അത് പെട്ടിയിൽ പൂട്ടി വെയ്ക്കുന്നതിൽ അർത്ഥമില്ലല്ലോ. അതുകൊണ്ടാണ് ഞാനത് പുറത്തുവിട്ടത്.

ജനങ്ങൾ സിനിമ കാണുന്നതിൽ ആരും തടസം നിൽക്കുന്നില്ല എങ്കിൽ അത് റിമൂവ് ചെയ്യാൻ വേണ്ടി ശ്രമിക്കേണ്ട കാര്യമില്ലല്ലോ. ഈ പ്രവർത്തിയിൽ നിന്നുതന്നെ സിനിമ ജനം കാണരുത് എന്ന ആഗ്രഹം പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.അങ്ങനെയൊരു അജണ്ട നിലനിൽക്കുന്നില്ലെങ്കിൽ സിനിമ എങ്ങനെയെങ്കിലും പബ്ലിക് ഡോമൈനിൽ വരട്ടെ എന്നല്ലേ കരുതേണ്ടത്. സിനിമ ഏതെങ്കിലും യുട്യൂബ് ചാനലിൽ എങ്കിലും പ്രദർശിപ്പിക്കാൻ ടോവിനോ വിചാരിച്ചാൽ കഴിയില്ല എന്നാണോ? എന്തായാലും കുറച്ചു കാര്യങ്ങൾ കൂടി വ്യക്തമാക്കിക്കൊണ്ട് ഇക്കാര്യത്തിലെ എന്റെ എഴുത്തുകൾ താൽക്കാലികമായി അവസാനിപ്പിക്കുകയാണ്.

1. ഞാൻ സിനിമ ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്തതുകൊണ്ട് പ്രൊഡ്യൂസർക്ക് നഷ്ടമുണ്ടായി എന്ന് ചില കൂലി എഴുത്തുകൾ വായിച്ചു. ഇത്രയും കാലം ഈ സിനിമയുടെ പകർപ്പ് എവിടെയാണ് ഉള്ളതെന്നുപോലും അന്വേഷിക്കാത്ത പ്രൊഡ്യൂസർക്ക് എങ്ങനെയാണോ എന്തോ നഷ്ടം വരുന്നത്. ഇപ്പോഴും ഈ സിനിമയുടെ പകർപ്പുകൾ എവിടെയെന്നു ടോവിനോയ്ക്കോ ഗിരീഷ് നായർക്കോ അറിയില്ല. അന്വേഷിച്ചിട്ടുമില്ല. അന്വേഷിക്കുകയും ഇല്ല. അതിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകരുതെന്ന് മാത്രമേ അവർക്കൊക്കെ ആഗ്രഹമുള്ളൂ.

2. ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഊർജം ചെലവാക്കിയത് ഞാനാണ്. ടൊവിനോ 27 ലക്ഷം രൂപ ചെലവാക്കിയതേക്കുറിച്ചും പ്രതിഫലം കിട്ടിയില്ല എന്നതേക്കുറിച്ചും പറഞ്ഞുകെട്ടു. ടോവിനോ 17-20 ദിവസങ്ങൾ ആണ് ഈ സിനിമയ്ക്ക് ചെലവഴിച്ചത്. എന്നാൽ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, സംവിധാനം ഇവ നിർവഹിക്കുകയും ഇപ്പോഴും അതിന്റെ ഫയലുകളുടെ കാവൽകാരനായി പ്രവർത്തിക്കുകയും ചെയ്യുന്ന (നാലു വർഷങ്ങൾ) എനിക്ക് എത്രയാണ് ടോവിനോ പ്രതിഫലം നൽകിയത്?

3. ഈ സിനിമയിൽ ടോവിനോ മാത്രമല്ല അഭിനയിച്ചിട്ടുള്ളത്. സുദേവ് നായർ ഈ സിനിമയിൽ അഭിനയിച്ചത് വെറും രണ്ടു ലക്ഷം രൂപ പ്രതിഫലത്തിനാണ്. അസീസ് നെടുമങ്ങാട് ഇതിൽ അഭിനയിക്കുന്നത് അമ്പതിനായിരം രൂപ പ്രതിഫലത്തിനാണ്. കനി പ്രതിഫലം എത്രയെന്നു പോലും ചോദിച്ചിട്ടില്ല. അവരവരുടെ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച എല്ലാ ടെക്നീഷ്യൻമാരെയും ഞാനാണ് സമീപിച്ചതും വളരെ ചുരുങ്ങിയ പ്രതിഫലം മാത്രമേ നൽകാനുണ്ടാവൂ എന്ന് അറിയിച്ചതും. അവർ ആരും ഇതിൽ സഹകരിച്ചത് ടോവിനോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമ ആയതുകൊണ്ടല്ല, എന്റെ സിനിമയിൽ സഹകരിക്കാൻ സന്നദ്ധത ഉള്ളതുകൊണ്ടാണ്. അവർക്ക് പ്രതിഫലം അല്ലായിരുന്നു പ്രധാനം. പക്ഷെ സിനിമ പുറത്തുവരണം എന്ന് അവർക്കെല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. (ഈ രീതിയിൽ അല്ല എങ്കിലും). സിനിമ ഞാൻ പുറത്തിറക്കിയത് അവർക്കും കൂടി വേണ്ടിയാണ്. അതിന്റെ എല്ലാ ഉത്തരവാദിത്തവും ഞാൻ തന്നെ ഏറ്റെടുക്കുന്നു.

4. സിനിമ ഞാൻ പബ്ലിഷ് ചെയ്തപ്പോൾ പ്രൊഡ്യൂസർക്ക് വേണ്ടി കരയുന്ന, ഒന്നര മണിക്കൂർ സിനിമ അഞ്ചുമിനിട്ടുകൊണ്ട് കണ്ടുതീർത്തു എന്ന് ആക്രോശിക്കുന്ന കൂലിയെഴുത്തുകാർ അറിയാൻ: എന്‍റെ സിനിമയ്ക്ക് വളരെ കുറച്ച് പ്രേക്ഷകരാണ് ഉള്ളത് അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് വളരെ തുച്ഛമായ തുകയ്ക്ക് ഞാൻ സിനിമയെടുക്കുന്നത്. എന്റെ സിനിമയുടെ പ്രേക്ഷകർ നിങ്ങളല്ല. അവരിലേക്ക് സിനിമ എത്തരുത് എന്നതുകൊണ്ടാണ് ഇപ്പോൾ കൂലിതന്ന് നിങ്ങളെക്കൊണ്ട് പുലഭ്യം പറയിച്ചിട്ട് സിനിമ നീക്കം ചെയ്യിച്ചത്.

5. ഞാൻ, എന്റെ സിനിമയുടെ കാര്യത്തിൽ നേരിട്ട അനുഭവങ്ങൾ മുൻനിർത്തി ചില സത്യങ്ങൾ പറഞ്ഞപ്പോൾ എന്നെ പുലഭ്യം പറഞ്ഞും ടോവിനോയെ സപ്പോർട്ടു ചെയ്തും മുന്നോട്ടുവന്ന ഇതുമായി ഒരു ബന്ധവുമില്ലാത്ത വിശ്വചലചിത്രകാരൻമാരുടെ കുറിപ്പുകളും വായിച്ചു. ടോവിനോ എന്നെ സംബന്ധിച്ച് "വീണ്ടും വീണ്ടും ഏതു രീതിയിലും" പാകം ചെയ്തു വിഴുങ്ങാനുള്ള മെറ്റീരിയൽ അല്ലാത്തതുകൊണ്ട് എനിക്ക് സിനിമയ്ക്ക് വേണ്ടി സത്യം വിളിച്ചുപറയേണ്ടി വരുന്നു. സിനിമയ്ക്ക് വേണ്ടി(എന്റെ സിനിമയ്ക്ക് വേണ്ടി അല്ല എങ്കിൽ പോലും) ഞാനത് ചെയ്തിട്ടുണ്ട്. അതിന്റെ പേരിലുള്ള ശത്രുതകൾ എനിക്ക് പ്രശ്നമല്ല.

6. പറയണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചിട്ട് പറയാതിരുന്ന ഒരു കാര്യം കൂടി പറയാം. സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഒരു ദിവസം ടോവിനോ എന്നെ വിളിച്ചു. സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ച് എന്നോട് അഭിപ്രായം ചോദിച്ചു. നല്ലതാണ് എന്ന് ഞാൻ പറഞ്ഞു. പോരായ്മകൾ ഉണ്ടെങ്കിൽ മനസിലാക്കാൻ ആണ് താൻ ചോദിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കുത്തിക്കുത്തി ചോദിച്ചു. അപ്പോഴും നല്ലത് തന്നെയാണ് എന്ന് ഞാൻ പറഞ്ഞു. (നല്ലതാണുതാനും). സുദേവ് നായരുടെ അഭിനയവുമായി താരതമ്യം ചെയ്തുകൊണ്ട് അയാൾ എന്നോട് ചില ചോദ്യങ്ങൾ സ്പെസിഫിക് ആയി ചോദിച്ചപ്പോൾ, തന്റെ അഭിനയം മെച്ചപ്പെടുത്താനുള്ള സത്യസന്ധത കൊണ്ടാവും അയാൾ അത് ചോദിക്കുന്നത് എന്ന് ഞാൻ കരുതി. അയാൾക്ക് അപ്രിയമായേക്കാവുന്ന എന്റെ ചില അഭിപ്രായങ്ങൾ ഞാൻ പറഞ്ഞു. അതിനു ശേഷം സിനിമയുടെ യാത്ര മുന്നോട്ടായിരുന്നില്ല. സുദേവ് നായരുടെ പ്രകടനം തന്റെതിനെക്കാൾ

മികച്ചു നിൽക്കുന്നു എന്ന ടോവിനോയുടെ തോന്നൽ സിനിമയുടെ ഭാവിയെ ബാധിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ടായി.ഇപ്പോൾ ഇത്രയൊക്കെ സംഭവങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ സിനിമ കാണുന്നതിൽ നിന്ന് തടസം സൃഷ്ടിക്കുന്നത് കാണുമ്പോൾ എനിക്ക് ആ സംഭാഷണം ഓർമ്മവരുന്നു. ടോവിനോയ്ക്ക് വ്യക്തിപരമായി തന്‍റെ കലാസപര്യയിൽ ഗുണകരമാവുമെങ്കിൽ ആവട്ടെ എന്ന ചിന്തകൊണ്ടും അയാളെ വീണ്ടും വീണ്ടും പാകം ചെയ്തു വിഴുങ്ങാമെന്ന മോഹം എനിക്കില്ലാത്തതുകൊണ്ടുമാണ് ഞാൻ എന്റെ ചിന്തകൾ സത്യസന്ധമായി പങ്കുവെച്ചത്.

സിനിമ എന്തായാലും ഇപ്പോൾ പബ്ലിക് ഡോമെയിനിൽ എത്തി. ഇനി അത് അതിന്റെ പ്രേക്ഷകരെ കണ്ടെത്തും. സമയമെടുക്കുമായിരിക്കും. സാരമില്ല. കൂലിക്കെഴുത്തുകാരുടെയും സാംസ്കാരിക ബോക്സർമാരുടെയും സപ്പോർട്ട് ഉള്ളതുകൊണ്ട് സിനിമ എന്തിനു പിൻവലിച്ചു എന്ന ചോദ്യത്തിന് തല്ക്കാലം ടോവിനോ ഉത്തരം പറയേണ്ടിവരില്ല. സാരമില്ല. സത്യങ്ങൾ കാലം തെളിയിക്കട്ടെ. സിനിമയോടും സഹപ്രവർത്തകരായ കലാകാരന്മാരോടും അല്പമെങ്കിലും സത്യസന്ധത ഉണ്ടെങ്കിൽ അയാളത് പുറത്തിറങ്ങാൻ അനുവദിക്കട്ടെ. ഇക്കാര്യത്തിൽ തൽക്കാലം ഇത്രമാത്രം. ഇതിൽ കമെൻറ്റുകൾ അനുവദിക്കുന്നില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News