'ദി കേരള സ്റ്റോറി'ക്കെതിരെ സുപ്രിംകോടതിയിൽ ഹരജി; അടിയന്തര ഇടപെടലിന് വിസമ്മതിച്ച് കോടതി
സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി
ന്യൂഡല്‍ഹി: 'ദി കേരള സ്റ്റോറി'ക്കെതിരെ സുപ്രിംകോടതിയിൽ ഹരജി. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നിസാം പാഷയാണ് കോടതിയെ സമീപിച്ചത്. സിനിമാ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നാണ് ആരോപണം. 16 മില്യൺ ആളുകൾ യൂട്യൂബിൽ ഇതിനോടകം ചിത്രത്തിന്റെ ടീസർ കണ്ടു. വിദ്വേഷം നിറഞ്ഞ സിനിമയാണിതെന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം കോടതിയുടെ ഒരു ഇടപെടൽ ആവശ്യമാണെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബലും ആവശ്യപ്പെട്ടു.
എന്നാൽ ഹരജി ഉടൻ പരിഗണിക്കേണ്ട എന്നാണ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. പകരം നാളെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് മുമ്പാകെ കേസ് പരാമർശിക്കാനാണ് നിർദേശം.
സെൻസർ ബോർഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. പരാതിക്കാരന് ഹൈക്കോടതിയേയോ ഉത്തരവാദിത്തപ്പെട്ട മറ്റു സംവിധാനങ്ങളേയോ സമീപിച്ചുകൂടെ എന്നും പരാതിക്കാർക്ക് വിഷയത്തിൽ എങ്ങനെ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കാനാവുമെന്നും കോടതി ചോദിച്ചു.
അതേസമയം സിനിമയ്ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നല്‍കിയ സെൻസർബോർഡ് ചിത്രത്തിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ചു. സിനിമയിലെ ചില സംഭാഷണങ്ങൾ ഒഴിവാക്കണമെന്നാണ് എക്‌സാമിനിങ് കമ്മിറ്റിയുടെ നിർദേശം. കേരള മുൻ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിർദേശമുണ്ട്.
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് 'കേരളാ സ്റ്റോറി'യുടെ ടീസർ വീഡിയോ പുറത്തിറങ്ങിയത്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ആണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇവർ അവകാശപ്പെടുന്നു.
വിപുൽ അമൃത് ലാൽ നിർമിച്ച ചിത്രം സുദീപ്‌തോ സെൻ ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായി എത്തുന്ന അദാ ശർമ, ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നഴ്‌സ് ആയി ജനങ്ങൾക്ക് സേവനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ശാലിനി തീവ്രവാദ സംഘടനകൾ നടത്തുന്ന പെൺവാണിഭത്തിൽപ്പെടുകയായിരുന്നു എന്നാണ് ടീസർ പറയുന്നത്. തുടർന്ന് ഫാത്തിമാ ബാ ആയി മാറിയ അവർ ഐ.എസിൽ ചേരാൻ നിർബന്ധിതയായി. ഇപ്പോൾ താൻ ഐ.എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു എന്നും ഈ കഥാപാത്രം പറയുന്നുണ്ട്. മെയ് 5നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
അതേസമയം ദി കേരള സ്റ്റോറിക്കെതിരെ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധിക്കും. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. ജെഎൻയുവിലെ സബർമതി ധാബയിലാണ് പ്രതിഷേധം. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് സിനിമയെന്ന് എസ്.എഫ്.ഐ പറഞ്ഞു.