അമ്മ സ്ഥാപിതമായത് തന്‍റെയും കൂടി പൈസ കൊണ്ടാണെന്ന് ഷമ്മി തിലകന്‍
'തുടക്കമല്ലേ ലെറ്റര്‍ പാഡ് അടിക്കാന്‍ പൈസ വേണ്ടേ, പൈസയായിട്ട് താ എന്നു എന്നോട് പറഞ്ഞു. ഞാന്‍ 10000 രൂപ കൊടുത്തു.
താരസംഘടനയായ അമ്മ സ്ഥാപിതമായത് തന്‍റെയും കൂടി പൈസ കൊണ്ടാണെന്ന് നടന്‍ ഷമ്മി തിലകന്‍. പുറത്താക്കാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡിന്‍റെ പൈസ താനാണ് കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ തന്നെ പുറത്താക്കിക്കൊണ്ട് നോട്ടീസ് വരട്ടെ. അപ്പോള്‍ മറുപടി നല്‍കാമെന്ന് ഷമ്മി തിലകന്‍ പ്രതികരിച്ചു.
"നടപടി നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ എന്ത് തെറ്റാ ചെയ്തതെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്‍റെ തെറ്റെന്താണെന്ന് വ്യക്തമായിട്ടില്ല ഇതുവരെ. എന്‍റെ ഭാഗം കേള്‍ക്കാതെയാണ് നടപടി എങ്കില്‍ അത് ശരിയല്ല. പുറത്താക്കാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല. മാപ്പ് അപേക്ഷയോ ശാസനയോ ഒക്കെയാകുമെന്നാണ് ഞാന്‍ കരുതിയത്. പുറത്താക്കിയിട്ടില്ലെന്നാണ് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അമ്മ മാഫിയ സംഘമാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.
അമ്മ അസോസിയേഷന്‍ എന്ന സംഘടന 94ല്‍ സ്ഥാപിതമായത് എന്‍റെയും കൂടി പൈസ കൊണ്ടാണ്. മൂന്നാമത് അംഗത്വമെടുത്തയാളാണ് ഞാന്‍. അംഗത്വത്തിന് പൈസ കൊടുത്തത് മണിയന്‍പിള്ള രാജു ചേട്ടനാണ്. അന്ന് ചെക്ക് വേണോ കാഷ് വേണോ എന്നാ ഞാന്‍ ചോദിച്ചത്. തുടക്കമല്ലേ ലെറ്റര്‍ പാഡ് അടിക്കാന്‍ പൈസ വേണ്ടേ, പൈസയായിട്ട് താ എന്നു പറഞ്ഞു. ഇതാന്നു പറഞ്ഞ് 10000 രൂപ കൊടുത്തു. അമ്മയുടെ ലെറ്റര്‍ പാഡിന്‍റെ പൈസ ഞാനാ കൊടുത്തത്. ആ ലെറ്റര്‍ പാഡില്‍ തന്നെ എന്നെ പുറത്താക്കിക്കൊണ്ട് നോട്ടീസ് വരട്ടെ. അപ്പോള്‍ മറുപടി നല്‍കാം"- ഷമ്മി തിലകന്‍ പറഞ്ഞു.
ഷമ്മി തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കുറച്ചു നാളുകളായി അമ്മയ്ക്കെതിരെ ഷമ്മി തിലകൻ ആരോപണം ഉന്നയിക്കുന്നുവെന്ന് നടന്‍ സിദ്ദിഖ് പ്രതികരിച്ചു. അംഗങ്ങളില്‍ ഭൂരിഭാഗവും ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങളില്‍ എതിർപ്പ് രേഖപ്പെടുത്തി. ഷമ്മി തിലകന്റെ ഭാഗം കൂടി സംഘടന കേൾക്കും. ഷമ്മി തിലകന് എതിരായ നടപടി അടുത്ത എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഷമ്മി തിലകന്‍ ഇപ്പോഴും അമ്മയിൽ അംഗമാണ്. ജനറൽ ബോഡിയുടെ തീരുമാനം നടപ്പാക്കേണ്ടത് എക്സിക്യൂട്ടീവ് യോഗമാണെന്നും അമ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലെ ചർച്ച മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ഷമ്മിക്കെതിരായ ആരോപണം. ഇന്നത്തെ യോഗത്തിൽ ഷമ്മി എത്തിയിരുന്നില്ല. അമ്മ ഭാരവാഹികളെ ആക്ഷേപിച്ചു സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചെന്നും ഷമ്മിക്കെതിരെ ആരോപണമുണ്ട്.
തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ അമ്മ സംഘടന ഗൂഢാലോചന നടത്തുന്നുവെന്ന് ഷമ്മി തിലകന്‍ നേരത്തെ ആരോപിച്ചിരുന്നു. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതായിരുന്നു വിമർശനത്തിന് കാരണം. ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടിരുന്നു.