ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം? വാര്‍ത്താസമ്മേളനത്തിലുടനീളം പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ

എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്. നിങ്ങള്‍ പോയി ചോദിക്കണം

Update: 2022-06-13 08:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും കുറുപ്പ് സിനിമയെ ഒഴിവാക്കിയതിനെതിരെ നടന്‍ ഷൈന്‍ ടോം ചാക്കോ. ഷൈന്‍, സണ്ണി വെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി ഒരുക്കുന്ന അടിത്തട്ട് എന്ന ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഷൈനിന്‍റെ വിമര്‍ശം. പത്രസമ്മേളനത്തിലുടനീളം പൊട്ടിത്തെറിച്ചുകൊണ്ടാണ് ഷൈന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

''എങ്ങിനെയാണ് സാറേ ഇത്രയും സിനിമകള്‍ ഒരാള്‍ കാണുന്നത്. നിങ്ങള്‍ പോയി ചോദിക്കണം. ഏത് കമ്മിറ്റിയോടാണെങ്കിലും വാ തുറന്ന് ചോദിക്കണം. എത്ര സിനിമകള്‍ ഉണ്ട്? 160 സിനിമകള്‍ കാണാന്‍ എത്ര ദിവസമെടുക്കും. എല്ലാ സിനിമയും ഒരു ദിവസം കൊണ്ട് കാണാല്‍ പറ്റില്ലല്ലോ. വിലയിരുത്തണമെങ്കില്‍ ചെയ്യണമെങ്കില്‍ ഒറ്റയടിക്ക് ഇരുന്ന് കാണണം. നമ്മുടെ നാട്ടില്‍ ഉള്ളവരെയല്ലേ എടുക്കേണ്ടത്. ഒരാള്‍ അഞ്ച് ദിവസം കൊണ്ട് ഇത്രയും സിനിമകള്‍ കണ്ടാല്‍ തലയ്ക്ക് ഭ്രാന്ത് പിടിക്കില്ലേ. അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാല്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ. അതും വേറെ ഭാഷ. അയാളുടെ കിളി പോയിട്ടുണ്ടാകും'' ഷൈന്‍ പറഞ്ഞു.

മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ച് നടക്കുന്ന കഥാപാത്രമായത്‌ കൊണ്ടാകാം 'കുറുപ്പ്' സിനിമയിലെ അഭിനയത്തിന് തനിക്ക് സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിക്കാതെ പോയതെന്നും ഷൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞു. 'കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്‌തതാണ്. ആ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ലെന്ന് വിചാരിച്ച് ആശ്വസിക്കുന്നു. രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാര്‍ഡുകള്‍. നല്ല രീതിയില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്‌ത സിനിമയാണ് കുറുപ്പ്.പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് സിനിമയുടെ ടീം സ്‌ക്രീനിലെത്തിച്ചത്‌. സെറ്റ്‌ വര്‍ക്കുകള്‍ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകള്‍ക്കാണ് പണ്ട് അവാര്‍ഡുകള്‍ കിട്ടുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്‌. ഇത്‌ റിയല്‍ ആണെന്ന് തോന്നിയതു കൊണ്ടാകാം ആര്‍ട്‌ ഡയറക്ഷന്‍ ഇല്ലെന്ന് തോന്നിയത്.

പിന്നെ കോസ്‌റ്റ്യൂംസ്‌, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല. അഭിനയത്തിന്‍റെ കാര്യത്തില്‍ ഓരോ വര്‍ഷവും അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്‌. എന്നാലും മികച്ച നടനും, മികച്ച സ്വഭാവ നടനും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നത്‌. ബെസ്‌റ്റ്‌ ആക്‌ടറിന് ക്യാരക്‌ടര്‍ ഇല്ലേ? ബെസ്‌റ്റ്‌ ക്യാരക്‌ടര്‍ ആക്‌ടറിനുള്ള അവാര്‍ഡ്‌ എന്താണേലും എനിക്ക് കിട്ടാന്‍ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ച് നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവര്‍ഡ്‌ കിട്ടും. ഇനി അവാര്‍ഡ്‌ കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം', ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News